ടി. സിദ്ദിഖിനെതിരായ കൂക്കിവിളി പ്രതിഷേധാർഹം; മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും മാപ്പ് പറയണം: സണ്ണി ജോസഫ്
കൽപ്പറ്റ: വയനാട്ടിലെ ദുരിതബാധിതർക്കായി സർക്കാർ നിർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽദാന ചടങ്ങിൽ പ്രസംഗിക്കവേ, സ്ഥലം എംഎൽഎ കൂടിയായ ടി. സിദ്ധിഖിനെതിരെ ഇടതുപക്ഷ പ്രവർത്തകർ സംഘടിതമായി കൂക്കിവിളിച്ച നടപടി ഏറെ പ്രതിഷേധാർഹമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. വയനാട് ദുരന്തം നടന്ന രാത്രി മുതൽ രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനും ഉറക്കമൊഴിഞ്ഞ് നേതൃത്വം നൽകിയ ജനപ്രതിനിധിയാണ് ടി. സിദ്ധിക്ക്. പൊതുപരിപാടിയിൽ ജനപ്രതിനിധികളെ ബോധപൂർവ്വം അധിക്ഷേപിക്കുന്ന സിപിഎം സംസ്കാരം അവരുടെ അധപതനത്തിന്റെ തെളിവാണ്. ഈ സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അത് ആവർത്തിക്കാതിരിക്കാൻ അണികൾക്ക് നിർദ്ദേശം നൽകാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രമിക്കേണ്ടതായിരുന്നുവെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. എന്നാൽ അവരുടെ മൗനം ഇത്തരം ജനാധിപത്യവിരുദ്ധ നടപടികൾക്ക് പിന്തുണ നൽകിയതിന് തെളിവാണ്. ഈ നടപടികൾ മുഴുവൻ ജനങ്ങളും രാഷ്ട്രീയ വ്യത്യാസമില്ലാതെ വിലയിരുത്തണമെന്നും മുഖ്യമന്ത്രിയും ചടങ്ങിൽ അധ്യക്ഷനായിരുന്ന റവന്യൂ മന്ത്രിയും ഈ സംഭവത്തിൽ പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





Leave a Reply