May 15, 2026

നാലാമത് ഗദ്ദിക പുരസ്കാരം മംഗലശ്ശേരി മാധവൻ മാസ്റ്റർക്ക്; സമർപ്പണവും പി.കെ. കാളൻ അനുസ്മരണവും മാർച്ച് 7ന്

0
IMG_20260304_180033
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: മാനന്തവാടി ഗദ്ദിക ഗ്രന്ഥാലയത്തിന്റെയും താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ നൽകുന്ന നാലാമത് ഗദ്ദിക പുരസ്കാരം മംഗലശ്ശേരി മാധവൻ മാസ്റ്റർക്ക് നൽകും. 2026 മാർച്ച് 7-ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ന് മാനന്തവാടി ബ്ലോക്ക് ട്രൈസം ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളു പുരസ്കാര സമർപ്പണവും പരിപാടിയുടെ ഉദ്ഘാടനവും നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 

വയനാട് ജില്ല ലൈബ്രറി കൗൺസിലിന്റെ ‘സ്മൃതിപർവ്വം’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ ചടങ്ങ് വയനാട്ടിലെ ആദിവാസി ജനതയുടെ സമരമുഖമായിരുന്ന പി.കെ. കാളന്റെ സ്മരണാർത്ഥമാണ് നടത്തപ്പെടുന്നത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കർഷക തൊഴിലാളി യൂണിയൻ നേതാവ് എന്നീ നിലകളിൽ അധഃസ്ഥിതരുടെ സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹത്തിന്റെ ത്യാഗനിർഭരമായ ജീവിതം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്നതും പരിപാടിയുടെ പ്രധാന ലക്ഷ്യമാണ്. വയനാട്ടിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന മംഗലശ്ശേരി മാധവൻ മാസ്റ്റർ, മാതൃകാ അധ്യാപകൻ, ഗാന്ധിയൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്.

 

സ്വാഗതസംഘം ചെയർമാനും താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റുമായ എ.വി. മാത്യു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി ആർ. അജയകുമാർ പി.കെ. കാളൻ അനുസ്മരണ പ്രഭാഷണം നടത്തും. മാനന്തവാടി മുൻസിപ്പൽ ചെയർമാൻ ജേക്കബ്ബ് സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, വയനാട് ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുധീർ, മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് പി.വി. സഹദേവൻ, മുൻസിപ്പൽ കൗൺസിലർമാരായ പി.ടി. ബിജു, അന്നമ്മ ജോർജ്, ഇ.എം.എസ് ഗ്രന്ഥാലയം പ്രസിഡന്റ് കെ.ടി. വിനു എന്നിവർ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. ഷബിത, സെക്രട്ടറി പി. സുരേഷ് ബാബു, സ്വാഗതസംഘം ചെയർമാൻ എ.വി. മാത്യു, കൺവീനർ പി.ജെ. സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *