May 16, 2026

കൽപ്പറ്റയിൽ ’ജനശബ്‌ദം 2026’ സംഘടിപ്പിച്ച് കെസിവൈഎം 

0
IMG_20260324_103800
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: വയനാടൻ ജനതയുടെ അതിജീവന പോരാട്ടങ്ങൾക്കും നീറുന്ന പ്രശ്നങ്ങൾക്കും ശബ്ദമേകി കെ.സി.വൈ.എം മാനന്തവാടി രൂപത സംഘടിപ്പിച്ച ‘ജനശബ്ദം 2026’ ജനകീയ ചർച്ച കൽപറ്റയിൽ നടന്നു. കൽപ്പറ്റ പഴയ പോസ്റ്റ് ഓഫിസ് പരിസരത്ത് നടന്ന ചർച്ചാ സംഗമം വയനാടിന്റെ വികസന മുരടിപ്പും രാഷ്ട്രീയ സമീപനങ്ങളും വിചാരണ ചെയ്യുന്ന വേദിയായി മാറി.

 

വയനാടിന്റെ വിലാപം കേൾക്കാനും, ജനതയുടെ ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക് പരിഹാരം തേടാനുമായി സംഘടിപ്പിക്കപ്പെട്ട ചർച്ചയിൽ പ്രമുഖ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. ബിജെപി പ്രതിനിധിയായി ജില്ല പ്രസിഡന്റ് പ്രശാന്ത് മലവയൽ, കോൺഗ്രസ് പ്രതിനിധിയായ് മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സംഷാദ് മരക്കാർ, സി.പി.എം പ്രതിനിധിയായി ഡി വൈ എഫ് ഐ ജില്ല പ്രസിഡന്റ് കെ. ഫ്രാൻസിസ് എന്നിവർ തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കിയും ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയും ചർച്ചയിൽ സജീവമായി.

 

വയനാട് നേരിടുന്ന വന്യജീവി ആക്രമണം, കാർഷിക മേഖലയിലെ പ്രതിസന്ധികൾ, ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥ തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു. “വയനാടിന്റെ വെല്ലുവിളികൾ: ജനകീയ ആവശ്യങ്ങളും രാഷ്ട്രീയ സമീപനങ്ങളും” എന്ന വിഷയത്തിലൂന്നിയായിരുന്നു ചർച്ച.

 

കെ.സി.വൈ.എം മുൻ പ്രസിഡന്റ് സജിൻ ജോസ് ചർച്ചാ നടപടികൾ നിയന്ത്രിച്ചു. മണ്ണിന്റെ അതിജീവനത്തിനായി യുവജനത ഉണരണമെന്നും രാഷ്ട്രീയ ഭേദമന്യേ വയനാടിന്റെ ആവശ്യങ്ങൾക്കായി ഒന്നിക്കണമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. നൂറുകണക്കിന് യുവജനങ്ങളും പൊതുജനങ്ങളും പങ്കെടുത്ത പരിപാടി കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിലാണ് ഏകോപിപ്പിച്ചത്. വയനാടിന്റെ ശബ്ദം അധികാരികളുടെ കാതുകളിലെത്തിക്കാൻ ഇത്തരം ജനകീയ ചർച്ചകൾ തുടർന്നും സംഘടിപ്പിക്കുമെന്ന് കെ സി വൈ എം രൂപതാ പ്രസിഡന്റ്  നിഖിൽ ചുടിയാങ്കൽ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *