April 25, 2026

എത്ര വിശ്രമിച്ചാലും വീണ്ടും ക്ഷീണം തോന്നുന്നുണ്ടോ? കാരണങ്ങൾ ഇവയാവാം

0
template for wayanad news (1)
By ന്യൂസ് വയനാട് ബ്യൂറോ

വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ ശരീരത്തിന് ക്ഷീണം അനുഭവപ്പെടുന്ന ദിവസങ്ങളുണ്ടാവാറുണ്ട് അല്ലേ?. ഉറക്കം തൂങ്ങിയും ഊര്‍ജ്ജസ്വലതയില്ലാതെയും ഈ ദിവസങ്ങള്‍ കടന്നുപോകും. എത്ര വിശ്രമിച്ചാലും ചിലപ്പോള്‍ ഈ ക്ഷീണം മാറുകയും ഇല്ല. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഉണ്ടാകുന്ന ക്ഷീണത്തിനും മടിക്കും ഒക്കെ പിന്നില്‍ മറഞ്ഞിരിക്കുന്ന പല കാരണങ്ങളുമുണ്ടാകാം. അവ എന്തെല്ലാമെന്ന് വിശദമായി നോക്കാം.

നമ്മുടെ ശരീരത്തിലെ ഹോര്‍മോണുകളായ കോര്‍ട്ടിസോള്‍, തൈറോയിഡ് ഹോര്‍മോണ്‍, ഇന്‍സുലിന്‍, ഈസ്ട്രജന്‍ തുടങ്ങിയവയെല്ലാം ദിവസം മുഴുവന്‍ ഊര്‍ജം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇവയുടെ പ്രവര്‍ത്തനം താളംതെറ്റുമ്പോള്‍ ശരീരത്തിന്റെ ഊര്‍ജപ്രവര്‍ത്തനത്തില്‍ വ്യത്യാസം വരുന്നു. അങ്ങനെവരുമ്പോള്‍ ഏഴോ എട്ടോ മണിക്കൂര്‍ നന്നായി ഉറങ്ങി എഴുന്നേറ്റാലോ, വിശ്രമിച്ചാലോ ക്ഷീണം മാറാതിരിക്കും. ചെറിയ ജോലി പോലും വലിയ ആയാസമുള്ളതായിത്തീരും.

കോര്‍ട്ടിസോള്‍ ഹോര്‍മോണുകള്‍ രാവിലെ ഉയരുകയും രാത്രിയില്‍ കുറയുകയും ചെയ്യുന്നു. ഈ താളം മാറുമ്പോള്‍ ശരീരം നേരിയ സമ്മര്‍ദാവസ്ഥയിലേക്ക് മാറാന്‍ സാധ്യതയുണ്ട്. അതിനാൽ ഉറങ്ങിയാലും ക്ഷീണം മാറാത്ത അവസ്ഥ അനുഭവപ്പെടും.

ക്ഷീണം ശാരീരികമായി മാത്രം ഉണ്ടാകുന്നതല്ല. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും ഇത് പ്രകടമാണ്. തീരുമാനങ്ങളെടുക്കാന്‍ ബുദ്ധിമുട്ട്, വാക്കുകള്‍ കണ്ടെത്താന്‍ പ്രയാസം, ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പ്രയാസം, അമിതമായ ക്ഷീണം ഇവയെല്ലാം തൈറോയിഡ് ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥകൊണ്ട് സംഭവിക്കുന്നതാണ്. ഈ ഹോര്‍മോണിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കും.

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും വിശപ്പും തമ്മില്‍ വളരെയധികം ബന്ധമുണ്ട്. ചില ദിവസങ്ങളില്‍ മധുരത്തോടോ മറ്റ് ഭക്ഷണങ്ങളോടോ അമിതമായ ആസക്തിയുണ്ടാകുന്നു. ചില ദിവസങ്ങളില്‍ വിശപ്പ് കുറയുന്നു. ഭക്ഷണം കഴിച്ച ശേഷം ഊര്‍ജം വര്‍ധിക്കുകയും പിന്നീട് പെട്ടെന്ന് കുറയുകയും ചെയ്യും. ഈ അവസ്ഥയ്‌ക്കെല്ലാം ഇന്‍സുലിന്‍ പ്രധാന പങ്ക് വഹിക്കുന്നു. ഇന്‍സുലിന്‍ സുഗമമായി പ്രവര്‍ത്തിക്കാത്തപ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയും കുറയുകയും ചെയ്യും.

ദേഷ്യം, ഉത്കണ്ഠ,മോശം മാനസികാവസ്ഥ എന്നിവയെല്ലാം ഹോര്‍മോണ്‍ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടേക്കാം. ഈസ്ട്രജനും കോര്‍ട്ടിസോളും മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിനെ സഹായിക്കുന്നു. ഇവയിലെ ചാഞ്ചാട്ടം വൈകാരിക സ്ഥിരതയേയും ബാധിക്കുന്നു.

ശരീരഭാരം കൂടുകയും കുറയുകയും ചെയ്യുന്നത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുടെ മറ്റൊരു ലക്ഷണമാണ്. സ്ഥിരമായി ഭക്ഷണം കഴിക്കുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്താലും ഹോര്‍മോണ്‍ മാറ്റങ്ങള്‍ വരുമ്പോള്‍ ഭാരം കൂടാനും അമിതമായി താഴാനും ഇടയാകുന്നു.
ഹോര്‍മോണുകള്‍ ശരീരം ഊര്‍ജ്ജം സംഭരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രീതിയെ സ്വാധീനിക്കുന്നു. ഹോര്‍മോണുകളുടെ സമന്വയം തെറ്റുമ്പോള്‍, ശരീരം ഒരു സംരക്ഷണ രീതിയിലേക്ക് നീങ്ങുന്നു. അത് ഊര്‍ജ്ജം ഉപയോഗിക്കുന്നതിന് പകരം സംരക്ഷിക്കുന്നു. ഹോര്‍മോണ്‍ സംവിധാനങ്ങള്‍ മെറ്റബോളിസത്തെയും ഊര്‍ജ്ജ ഉപയോഗത്തെയും എങ്ങനെ നിയന്ത്രിക്കുന്നുവെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ (NIH) നടത്തിയ ഗവേഷണം എടുത്തുകാണിക്കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *