ആദിവാസി-ദളിത് വിഭാഗങ്ങളെ സർക്കാർ വഞ്ചിക്കുന്നു: യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സംഘടനകൾ
കല്പറ്റ: മന്ത്രി ഒ.ആർ. കേളു കള്ളം പറയുകയാണെന്നും ആദിവാസി-ദളിത് വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ ഇല്ലാതാക്കി അവരെ വഞ്ചിക്കുകയാണെന്നും വിവിധ ആദിവാസി സംഘടനകളുടെ നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. എൽഡിഎഫ് തുടർഭരണം വന്നാൽ ഈ വിഭാഗങ്ങൾ തുടച്ചുനീക്കപ്പെടുമെന്ന ആശങ്കയിൽ, ആദിവാസികളുടെ രക്ഷയ്ക്കായി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ നൽകുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു. പത്ത് വർഷം ഭരിച്ചിട്ടും എസ്‌സി വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ താമസത്തിന് നൽകുന്ന 1500 രൂപയും പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് നൽകുന്ന 3000 രൂപയും വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറായില്ലെന്ന് മാത്രമല്ല, ഈ തുച്ഛമായ തുക പോലും കൃത്യമായി നൽകാതെ വിദ്യാർത്ഥികളെ ദുരിതത്തിലാക്കുകയാണ്. ഹോസ്റ്റൽ അലവൻസ് 7500 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌സി-എസ്ടി ഡയറക്ടറേറ്റുകളിൽ നിന്ന് എട്ടോളം കത്തുകൾ നൽകിയിട്ടും ബജറ്റിൽ പണമുണ്ടായിട്ടും മന്ത്രി അതിന് തയ്യാറാകാതെ വ്യാജപ്രചാരണം നടത്തുകയാണ്. വയനാട്ടിലെ പണിയ സമുദായത്തിൽപ്പെട്ട ആര്യ വേലായുധന് എംബിബിഎസ് പ്രവേശനത്തിനായി അടയ്ക്കേണ്ട 78,000 രൂപ നൽകാമെന്ന് മന്ത്രിയും വകുപ്പും ഉറപ്പ് നൽകിയെങ്കിലും നടപടിയില്ലാത്തതിനാൽ പഠനം മുടങ്ങിയിരിക്കുകയാണ്. ഹോസ്റ്റൽ അലവൻസ് ലഭിക്കാത്തതിനാൽ മറ്റ് 150 ഓളം വിദ്യാർത്ഥികളുടെ പഠനവും പ്രതിസന്ധിയിലാണ്.
കോളനികളുടെ പേര് മാറ്റി ‘ഉന്നതി’ എന്നാക്കിയതല്ലാതെ ദാരിദ്ര്യം പരിഹരിക്കാൻ സർക്കാരിനായില്ലെന്നും അതിദാരിദ്ര്യമുക്ത കേരളം എന്നത് വെറും പ്രഖ്യാപനമാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ഭൂരഹിതർക്ക് നൽകാൻ കേന്ദ്രം നിർദ്ദേശിച്ച മരിയനാട് ഭൂമി വിതരണം ചെയ്തില്ലെന്ന് മാത്രമല്ല, സുഗന്ധഗിരിയിലെ ആദിവാസി ഭൂമി മ്യൂസിയം പണിയാനായി കൈമാറുകയും ചെയ്തു. മുണ്ടക്കൈ ദുരന്തബാധിതരായ ആദിവാസികളെ മാറ്റിപ്പാർപ്പിക്കാൻ പോലും മന്ത്രിക്കായില്ല. ഒമ്പത് വർഷത്തിനിടെ ആദിവാസി വികസനത്തിന് നീക്കിവെച്ച 7411 കോടി രൂപ ലാപ്സാക്കി. വിദ്യാഭ്യാസ തുകയുടെ 50 ശതമാനവും പാഴാക്കുമ്പോൾ മറുവശത്ത് മേളകളും ഫെസ്റ്റിവലുകളും ആഗോള അയ്യപ്പ സംഗമവും നടത്തുകയാണ്. ഇ-ഗ്രാന്റ് കുടിശ്ശികയില്ലെന്ന് സഭയിൽ കള്ളം പറഞ്ഞ മന്ത്രി സിഎജി റിപ്പോർട്ട് പുറത്തുവിടാതെ മറച്ചുവെച്ചു. ഈ സാഹചര്യത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നാൽ ആദിവാസി-ദളിത് വിഭാഗങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ മാനിഫെസ്റ്റോ സംഘടനകൾ സമർപ്പിക്കും. വാർത്താ സമ്മേളനത്തിൽ ആദിവാസി ഗോത്ര മഹാസഭ സംസ്ഥാന കോഡിനേറ്റർ എം. ഗീതാനന്ദൻ, ആദിശക്തി സമ്മർ സ്കൂൾ ആക്ടിങ്ങ് പ്രസിഡണ്ട് മണികണ്ഠൻ സി., സംസ്ഥാന കോഡിനേറ്റർ മേരി ലിഡിയ എന്നിവർ പങ്കെടുത്തു.





Leave a Reply