മരം മുറിച്ചു കടത്തുന്നതിനിടെയുണ്ടായ തർക്കത്തിനിടെ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം: ഒളിവിൽ പോയ പ്രതി പിടിയിൽ
നൂൽപുഴ: മരം മുറിച്ചു കടത്തുന്നതിനിടെയുണ്ടായ തർക്കത്തിനിടെ യുവാക്കളെ ആക്രമിച്ചു പരിക്കേൽപ്പിച്ച് ഒളിവിൽ പോയ യുവാവിനെ പിടികൂടി. എരുമാട് കൊന്നച്ചാൽ, പാച്ചേരി വീട്ടിൽ പി.എച്ച്. ഷമീർ(34)നെയാണ് നൂൽപ്പുഴ പോലീസ് പിടികൂടിയത്. കോയമ്പത്തൂർ ശരവണൻ പെട്ടിയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. മുക്കുവര സുനിലിനെയാണ് ഇയാൾ വെട്ടുകത്തി ഉപയോഗിച്ച് പരിക്കേൽപ്പിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നമ്പ്യാർകുന്ന്, ആർത്തവയലിലെ ഒരു കൃഷി സ്ഥലത്തെ മരം മുറിച്ചു കടത്തുന്നതിനിടെയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സ്ഥലം ഉടമയിൽ നിന്ന് മരങ്ങൾ വാങ്ങിയ ഷമീറും സംഘവും മരം മുറിച്ചു കടത്തുന്നതിനിടെ കാർഷിക വിളകൾ നശിക്കുകയും സ്ഥലം ഉടമ നഷ്ട പരിഹാരം ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് തർക്കമുണ്ടാവുകയും ഒത്തുതീർപ്പ് ചർച്ചക്കെത്തിയ പഞ്ചായത്ത് അംഗത്തെ മർദിക്കുകയും, കത്തിയുമായി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ മുക്കുവര സുനിലിനെ വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിനും തലയ്ക്കും വെട്ടി പരിക്കേൽപ്പിച്ചു. സുനിലിൻ്റെ കൈയുടെ എല്ല് പൊട്ടി ഗുരുതരമായ പരിക്ക് പറ്റി. ഇരുവരും ചികിത്സയിൽ കഴിയുകയാണ്.





Leave a Reply