പടിഞ്ഞാറത്ത പൂഴിത്തോട് ബദൽ റോഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി
പടിഞ്ഞാറത്തറ: വയനാട്, കോഴിക്കോട് ജില്ലകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതിനായി 1994-ൽ തറക്കല്ലിട്ട പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ റോഡ് സാക്ഷാത്കരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും സംഘം ചർച്ച നടത്തി. താമരശ്ശേരി ചുരത്തിലെ കടുത്ത ഗതാഗതക്കുരുക്കും കാലവർഷ സമയത്തെ ഉരുൾപൊട്ടൽ ഭീഷണിയും വയനാട് നേരിടുന്ന ഏറ്റവും വലിയ യാത്രാപ്രശ്നങ്ങളാണ്. വിവിധ ചുരങ്ങളിലെ ഗതാഗത തടസ്സം മൂലം മറ്റു ജില്ലകളിലേക്ക് ബന്ധപ്പെടാൻ പ്രയാസം അനുഭവിക്കുന്ന സാഹചര്യത്തിൽ, വയനാടിന്റെ വലിയ പ്രതീക്ഷയായിരുന്ന തുരങ്കപാതയുടെ ആരംഭ സ്ഥലത്തുതന്നെ മണ്ണിടിച്ചിൽ ഉണ്ടായതോടെ അതിന്റെ പൂർത്തീകരണം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് 30 വർഷം മുമ്പ് തുടക്കം കുറിച്ച പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ പാതയുടെ പ്രസക്തി വീണ്ടും സജീവ ചർച്ചയാകുന്നത്.
വയനാട്ടിൽ നിർദ്ദേശിക്കപ്പെട്ട മറ്റ് ബദൽ പാതകളെ അപേക്ഷിച്ച് നിർമ്മാണച്ചെലവ് വളരെ കുറഞ്ഞതും പരിസ്ഥിതി ആഘാത പ്രശ്നങ്ങളോ ചെങ്കുത്തായ കയറ്റമോ വലിയ ഹെയർപിൻ വളവുകളോ ഇല്ലാത്തതുമാണ് ഈ റോഡ്. ഇതിന്റെ പടിഞ്ഞാറത്തറ മുതൽ വനമേഖല വരെ വയനാട് ജില്ലയിലും, പൂഴിത്തോട് മുതൽ വനമേഖല വരെ കോഴിക്കോട് ജില്ലയിലും ടാറിങ് പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്. ബാക്കി പ്രവൃത്തികൾ നടക്കാനുള്ളത് വനമേഖലയിലാണ്. ഇവിടെ നിലവിൽ കൂപ്പ് റോഡ് ഉള്ളതും വർഷങ്ങളായി ആളുകൾ സഞ്ചരിക്കുന്നതുമാണ്. എന്നാൽ വനമേഖലയിൽ പ്രവൃത്തി നടത്തണമെങ്കിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ഈ അനുമതിക്കായി മുന്നോട്ടുപോകുന്നതിന് പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ കൃഷി മന്ത്രി, ടി. സിദ്ദിഖ്, ഷാഫി പറമ്പിൽ എം.പി, അഡ്വ. ഫാത്തിമ തഹലിയ എം.എൽ.എ, ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന യോഗം കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് ചേർന്നിരുന്നു.
ഇതിന്റെ തുടർപ്രവർത്തനമെന്നോണം അടുത്ത ആഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അറിയിച്ചു. വയനാടിന് ഏറ്റവും എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയുന്ന ഈ ബദൽ പാതയുടെ വിഷയം സർക്കാർ ഗൗരവമായി കാണുമെന്നും, റോഡിന്റെ നിയമതടസ്സങ്ങൾ നീക്കി പ്രവൃത്തി തുടങ്ങാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, വൈസ് പ്രസിഡന്റ് എം. മുഹമ്മദ് ബഷീർ, സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഹാരിസ് കണ്ടിയൻ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അസ്മ, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എം.പി. ഷംസുദ്ദീൻ, ഗ്രാമപഞ്ചായത്ത് മെമ്പർ പി.സി. മമ്മൂട്ടി തുടങ്ങിയവരാണ് മന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തത്.





Leave a Reply