റോഡ് തകർന്നിട്ട് ഒരു വർഷം; ചുള്ളിയോട്ട് പന്തം കൊളുത്തി പ്രതിഷേധം
ചുള്ളിയോട്: നിർമ്മാണത്തിനായി പൊളിച്ചിട്ടിട്ട് ഒരു വർഷമായിട്ടും ഗതാഗതയോഗ്യമാക്കാത്ത അമ്പുകുത്തി – കരടിപ്പാറ – തോമാട്ടുചാൽ റോഡ് ഉടൻ നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥക്കെതിരെ കരടിപ്പാറ നവോദയ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നാട്ടുകാർ പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചത്. സൂചന സമരം നേന്മേനി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാത ഹരിദാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി കോട്ടയിൽ, ക്ലബ് പ്രസിഡന്റ് റഷീദ് പി.പി, സെക്രട്ടറി ഷമീർ കെ, ഷബീർ പി.എം, നൗഫൽ സി.എച്ച് എന്നിവർ സംസാരിച്ചു. റോഡ് നിർമ്മാണം ഉടൻ ആരംഭിക്കുകയോ യാത്രയ്ക്കായി താൽക്കാലിക സംവിധാനം ഒരുക്കുകയോ ചെയ്തില്ലെങ്കിൽ വരും ദിവസങ്ങളിൽ വലിയ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ക്ലബ് ഭാരവാഹികൾ അറിയിച്ചു.





Leave a Reply