July 13, 2026

കൽപ്പറ്റയിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി പ്രഖ്യാപനം ഗൂഢാലോചനയെന്ന് ആക്ഷൻ കമ്മിറ്റി

0
IMG_20260713_151602
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മടക്കിമലയിൽ സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനായി സൗജന്യമായി വിട്ടുനൽകിയ 50.12 ഏക്കർ ഭൂമിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുമെന്ന ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രസ്താവന മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി തള്ളി. വയനാട് മെഡിക്കൽ കോളേജ് വിഷയത്തിൽ മുൻ സർക്കാരിന്റെ ഗൂഢാലോചനയുടെ തുടർച്ചയാണ് നിലവിലുള്ള സർക്കാരും നടത്തുന്നതെന്നും, നടപ്പാക്കാൻ സാധ്യതയില്ലാത്ത പദ്ധതിയുടെ പേരുപറഞ്ഞ് വൈത്തിരി, ബത്തേരി താലൂക്കുകളിലെ ജനങ്ങളെ വിഡ്ഢികളാക്കാൻ വകുപ്പുമന്ത്രിയും കൽപ്പറ്റയിലെ മന്ത്രിയും എം.എൽ.എമാരും ശ്രമിക്കുകയാണെന്നും യോഗം വിലയിരുത്തി. കൽപ്പറ്റയ്ക്ക് അനുവദിച്ച മെഡിക്കൽ കോളേജ് മാനന്തവാടിയിലേക്കോ കുഴിനിലത്തേക്കോ മാറ്റാൻ മുന്നിട്ടിറങ്ങിയ കൽപ്പറ്റക്കാരനായ ഡി.സി.സി പ്രസിഡന്റ് സ്വകാര്യ ആശുപത്രി ലോബിയുടെ കൈയ്യിൽ നിന്ന് അച്ചാരം വാങ്ങിയിട്ടാണോ എന്ന് വ്യക്തമാക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

 

മടക്കിമലയിൽ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാകുന്നതുവരെ വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭം തുടരും. അമ്പുകുത്തിയിലെ വനഭൂമി ലഭ്യമാകില്ല എന്നായതോടെ കെ.എസ്.ഇ.ബി.യുടെ ഭൂമി മെഡിക്കൽ കോളേജിനായി വിട്ടുനൽകാനുള്ള നീക്കം കണ്ണൂർ ലോബിയുടെ സ്വാധീനമാണെന്നും, ഇതിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പേരാവൂർ എം.എൽ.എയുമായ മന്ത്രി സണ്ണി ജോസഫിന്റെ താല്പര്യം വ്യക്തമാണെന്നും ആക്ഷൻ കമ്മിറ്റി ആരോപിച്ചു. മെഡിക്കൽ കോളേജിനായി കെ.എസ്.ഇ.ബി.യുടെ ഭൂമി വിട്ടുനൽകാൻ തീരുമാനിച്ചാൽ കടുത്ത ജനകീയ പ്രക്ഷോഭം നേരിടേണ്ടിവരും. വയനാട് മെഡിക്കൽ കോളേജ് വിഷയത്തിൽ ജില്ലയിലെ മന്ത്രിയും കൽപ്പറ്റ എം.എൽ.എയുമായ ടി. സിദ്ദിഖ് മൗനം തുടരുന്നതിലും കൽപ്പറ്റയുടെ വികസനത്തിൽ താല്പര്യം എടുക്കാത്തതിലും പ്രതിഷേധിച്ച് മന്ത്രിയുടെ കൽപ്പറ്റയിലെ ഓഫീസിലേക്ക് നടത്താൻ നിശ്ചയിച്ചിരുന്ന ജനകീയ മാർച്ച് കള്ളാടി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ചതായും പുതുക്കിയ തീയതി ഉടൻ തീരുമാനിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

 

സ്ഥലപരിമിതിയുള്ള മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ വാങ്ങിക്കൂട്ടിയത് അവിടെ മതിയായ സൗകര്യമുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള വ്യഗ്രതയിലാണ്. ഈ ഉപകരണങ്ങൾ ഇപ്പോൾ സൂക്ഷിക്കാൻ പോലും ഇടമില്ലാതെ കൂട്ടിയിട്ടിരിക്കുകയാണെന്നും, ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതൃത്വത്തിനുമെതിരെ നടപടി സ്വീകരിച്ച് സർക്കാരിനുണ്ടായ നഷ്ടം ഇവരിൽ നിന്ന് ഈടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കൽപ്പറ്റ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം കുറിച്യ സമുദായ ജില്ലാ പ്രസിഡന്റ് ടി. മണി ഉദ്ഘാടനം ചെയ്തു. എസ്.എച്ച്.ആർ.പി.സി ജില്ലാ പ്രസിഡന്റ് കെ.എൻ. പ്രേമലത അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. ഗോകുൽദാസ് സ്വാഗതവും പ്രക്ഷോഭ പരിപാടികളുടെ വിശദീകരണവും നടത്തി. അഡ്വക്കേറ്റ് എസ്.എ. നസീർ മുഖ്യപ്രഭാഷണം നിർവഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വാസുദേവൻ മടക്കിമല, കരുണാകരൻ വടക്കനാട്, അഡ്വക്കേറ്റ് സിസ്റ്റർ ലൂസി കളപ്പുരക്കൽ, ജോണി പാറ്റാനി, ബിന്ദു മിൽട്ടൺ, അഷറഫ് കുന്നത്ത്, സുജാത എച്ച്., വർഗീസ് വട്ടേക്കാട്, ഉദയകുമാർ ബത്തേരി, ശശി അമ്പലവയൽ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *