മുഹമ്മദ് റാഫി അനുസ്മരണവും ഗാനാഞ്ജലിയും സംഘടിപ്പിച്ചു
കൽപ്പറ്റ: ഇതിഹാസ ഗായകനായ മുഹമ്മദ് റാഫിയുടെ ഓർമ്മ ദിനത്തിൽ “വയനാട് മുഹമ്മദ് റാഫി ലവേഴസ് ഫോറ”ത്തിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗവും ഗാനാഞ്ജലിയും നടത്തി. പത്മപ്രഭ ലൈബ്രറിയിലെ എം.പി. വീരേന്ദ്രകുമാർ ഹാളിൽ വെച്ച് നടന്ന ചടങ്ങ് ഡോ. ഡി. മധുസൂദനൻ ബത്തേരി ഉദ്ഘാടനം ചെയ്തു. ദൈവത്തിന്റെ ശബ്ദവുമായി ഭൂമിയിൽ വന്ന ഗന്ധർവ്വഗായകനായിരുന്നു മുഹമ്മദ് റാഫിയെന്നും, അദ്ദേഹം വിടപറഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ശ്രോതാക്കൾ ഏറ്റവും കൂടുതൽ കേൾക്കുന്ന ഗായകനായി നിലനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജി വധിക്കപ്പെട്ടപ്പോൾ അദ്ദേഹം ആലപിച്ച “ബാപ്പുജി കി അമർ കഹാനി” എന്ന ഗാനം പ്രധാനമന്ത്രി നെഹ്‌റു ഉൾപ്പെടെ ജനകോടികളെ കരയിച്ചിരുന്നു. ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് ഇന്ത്യക്കാരുള്ള എവിടെയും റാഫി ഇന്നും പാടിക്കൊണ്ടേയിരിക്കുകയാണെന്നും, സ്വന്തം ശബ്ദത്തിന്റെ അനശ്വര സൗന്ദര്യം കൊണ്ട് ഭൂഖണ്ഡങ്ങൾ കീഴടക്കിയ അദ്ദേഹം അമരനായി തുടരുന്നുവെന്നും ഡോ. മധുസൂദനൻ കൂട്ടിച്ചേർത്തു.
സൂപ്പി പള്ളിയാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ടി.പി.വി. സുരേന്ദ്രൻ, ഡോ. വിജയകൃഷ്ണൻ എന്നിവർ റഫിയെ അനുസ്മരിച്ചു സംസാരിച്ചു. തുടർന്ന് വയനാട്ടിലെ റഫി ലവേഴ്‌സായ 20 പ്രമുഖ ഗായകർ റഫിയുടെ ജനപ്രിയ ഗാനങ്ങൾ ആലപിച്ച് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ടി.വി. രവീന്ദ്രൻ സ്വാഗതവും ചാലിൽ റഷീദ് പടിഞ്ഞാറത്തറ നന്ദിയും പറഞ്ഞു.





Leave a Reply