September 11, 2026

അടിസ്ഥാന സൗകര്യങ്ങളില്ല; മീനങ്ങാടി ഐ.എച്ച്.ആർ.ഡി കോളേജിൽ ഒന്നാം വർഷ ബിരുദത്തിന് ആളില്ല, അവശേഷിക്കുന്നത് 25 വിദ്യാർത്ഥികൾ മാത്രം

0
IMG_20260911_092845
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: പഠിക്കാൻ ആഗ്രഹമുള്ള വിദ്യാർത്ഥികളും പഠിപ്പിക്കാൻ തയ്യാറുള്ള അധ്യാപകരുമുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കടുത്ത അഭാവം മൂലം മീനങ്ങാടി ഐ.എച്ച്.ആർ.ഡി കോളേജിൽ ഇത്തവണ ഒന്നാം വർഷ ബിരുദ ക്ലാസ്സിലേക്ക് ഒരു വിദ്യാർത്ഥി പോലും പ്രവേശനം നേടിയില്ല. കേരളത്തിൽ ഇങ്ങനെ ഒരു സർക്കാർ കലാലയമോ എന്ന് അത്ഭുതം തോന്നാമെങ്കിലും വയനാട് മീനങ്ങാടിയിലെ ഈ സ്ഥാപനം കഴിഞ്ഞ 16 വർഷമായി വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ബസ് സ്റ്റാൻഡ് കഴിഞ്ഞ് താലൂക്ക് ആശുപത്രിയുടെ പിൻവശത്തായി സ്ഥിതി ചെയ്യുന്ന കോളേജിൽ പ്രവേശനത്തിനെത്തിയ വിദ്യാർത്ഥികൾ കെട്ടിടത്തിന്റെ ദയനീയ സ്ഥിതി കണ്ട് ടി.സി വാങ്ങി മടങ്ങുകയായിരുന്നു. 200-ഓളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഇവിടെ ഇപ്പോൾ ബിരുദ ക്ലാസ്സുകളിൽ ആകെയുള്ളത് 25 സീനിയർ വിദ്യാർത്ഥികൾ മാത്രമാണ്. ചൂട് കൂട്ടുന്ന ആസ്ബസ്റ്റോസ് ഷീറ്റുകൾ മേഞ്ഞ ക്ലാസ് മുറികളും ക്ലാസ് നടക്കുന്നതിനിടെ മേൽക്കൂരയിൽ നിന്ന് സിമന്റ് കഷ്ണങ്ങൾ അടർന്നുവീഴുന്ന അവസ്ഥയുമാണ് ഇവിടെയുള്ളത്. കോളേജ് നിർമ്മാണത്തിനായി പാതിരിപ്പാലത്ത് ഏക്കർ കണക്കിന് ഭൂമി ലഭ്യമാണെങ്കിലും നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഫയൽ നീക്കങ്ങൾ അതീവ മന്ദഗതിയിലാണ്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ യോഗങ്ങൾ കൃത്യമായി നടക്കുന്നുണ്ടെങ്കിലും കോളേജ് ഇപ്പോഴും അടച്ചുപൂട്ടലിന്റെ വക്കിൽ വാടകക്കെട്ടിടത്തിൽ തന്നെ തുടരുന്നു. ജില്ലയിലെ ഈ സർക്കാർ കലാലയത്തിന്റെ ദയനീയാവസ്ഥയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും ആവശ്യം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *