October 11, 2026

മാനന്തവാടി മെഡിക്കൽ കോളേജ് ഭൂമി വിഷയം: തർക്കങ്ങൾക്കിടെ ആശങ്ക ദുരീകരിച്ച് സർവ്വകക്ഷിയോഗം; നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആക്ഷൻ കമ്മിറ്റി

0
IMG-20261009-WA0234
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഗവ. മെഡിക്കൽ കോളേജിനായി പാരിസൺ എ‌സ്റ്റേറ്റിൽനിന്ന് 25 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനും പകരമായി സമീപത്തെ ഭൂമി തരംമാറ്റാൻ അനുമതി നൽകുന്നതിനുമുള്ള നീക്കം ഗുരുതരമായ നിയമപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി. മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജിനായി കഴിഞ്ഞ അഞ്ചുവർഷമായി നടത്തിയ ഭൂമി അന്വേഷണങ്ങൾ വഴിമുട്ടിയ സാഹചര്യത്തിലാണ് പാരിസൺ ഗ്രൂപ്പുമായി ധാരണയിലെത്തിയെന്ന നഗരസഭാ ചെയർമാന്റെ വെളിപ്പെടുത്തൽ പുറത്തുവന്നതെന്നും, പാരിസൺ എസ്റ്റേറ്റ് മാനേജ്മെന്റിനെ വെള്ളപൂശാൻ മാനന്തവാടി നഗരസഭാ ചെയർമാനും കോൺഗ്രസ് ജില്ലാ സെക്രട്ടറിയും നടത്തുന്ന നീക്കം അപകടകരമാണെന്നും കമ്മിറ്റി ആരോപിച്ചു. 2004 ഡിസംബർ 24ന് ആസാം ബ്രൂക്കിൽനിന്ന് പാരിസൺ എസ്‌റ്റേറ്റ് ആൻഡ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്ത 4,025 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സംസ്ഥാന സർക്കാരുമായി സിവിൽ കോടതിയിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു ധാരണ ദുരൂഹതയുണ്ടാക്കുന്നുവെന്നും, തർക്കഭൂമിയിൽനിന്ന് 25 ഏക്കർ ഏറ്റെടുക്കുകയും സമീപത്തെ ഭൂമി തരംമാറ്റാൻ അനുമതി നൽകുകയും ചെയ്യുന്നത് സർക്കാറിന്റെ നിലപാടിനെ ദുർബലപ്പെടുത്താൻ ഇടയാക്കുമെന്നും കമ്മിറ്റി വ്യക്തമാക്കി.

 

ഹാരിസൺ മലയാളം ഉൾപ്പെടെയുള്ള കമ്പനികൾ സർക്കാർ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ കമ്മീഷണർ നിവേദിത പി. ഹരൻ 2007ൽ നൽകിയ റിപ്പോർട്ടിന്റെ തുടർനടപടിയായി നിയമിക്കപ്പെട്ട സ്പെഷ്യൽ ഓഫീസർ എം.ജി. രാജമാണിക്യം ഐ.എ.എസ്, ഈ 4,025 ഏക്കർ ഭൂമി സർക്കാർ ഭൂമിയാണെന്നും ഏറ്റെടുക്കണമെന്നും റിപ്പോർട്ട് നൽകിയിരുന്നതായി ആക്ഷൻ കമ്മിറ്റി വിശദീകരിച്ചു. ഇതിനെതിരെ പാരിസൺ ഗ്രൂപ്പ് കോടതിയെ സമീപിച്ചതോടെ ഭൂമി ഏറ്റെടുക്കൽ സിവിൽ കോടതിയുടെ പരിഗണനയ്ക്ക് വിടണമെന്നാണ് ഹൈക്കോടതി നിലപാടെടുത്തത്. ഭൂനികുതി സ്വീകരിക്കാൻ കോടതി ഉത്തരവിട്ടിരുന്നെങ്കിലും അത് ഉടമസ്ഥാവകാശം അംഗീകരിക്കുന്നതിന് തുല്യമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും, അതിനാൽ ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാർ പരോക്ഷമായി അംഗീകരിച്ചു എന്ന വാദം ഭാവിയിൽ കമ്പനി കോടതിയിൽ ഉന്നയിക്കാൻ ഇടയുണ്ടെന്നും ആക്ഷൻ കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചു.

 

അതേസമയം, 2021-ൽ മാനന്തവാടിയിൽ സ്ഥാപിക്കപ്പെട്ട ഗവ. മെഡിക്കൽ കോളേജ് മാറ്റി സ്ഥാപിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി, സ്ഥാപനം മാനന്തവാടിയിൽ തന്നെ തുടരുമെന്ന് പ്രഖ്യാപിച്ച് മാനന്തവാടി നഗരസഭ വിളിച്ചുചേർത്ത സർവ്വകക്ഷിയോഗം നടന്നു. യോഗത്തിൽ അദ്ധ്യക്ഷപ്രസംഗം നടത്തിയ നഗരസഭ ചെയർമാൻ, ഉപാധികളോടെ പാരിസൺ എസ്റ്റേറ്റ് 25 ഏക്കർ ഭൂമി സൗജന്യമായി നൽകാൻ സമ്മതിച്ചതായി അറിയിച്ചു. പങ്കെടുത്തവർ പൊതുവേ ഈ നിർദ്ദേശത്തെ സ്വാഗതം ചെയ്തെങ്കിലും പ്ലാന്റേഷൻ ആക്ടിൽ ഇളവ് ലഭിക്കുമോ എന്ന കാര്യത്തിൽ ആശങ്ക രേഖപ്പെടുത്തി. യോഗത്തിൽ പങ്കെടുത്ത എൽ.ഡി.എഫ്. പ്രതിനിധികളായ എം. അബ്ദുൾ ആസിഫ്, ബാബു ഷജിൽ കുമാർ, നിഖിൽ പത്മനാഭൻ, പി.ടി. ബിജു എന്നിവർ വനം വകുപ്പിന്റെ കീഴിലുള്ള അമ്പുകുത്തിയിലെ ഭൂമി ഏറ്റെടുക്കുന്നതിന് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് സംസാരിച്ച മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി പ്രതിനിധി ഐസക്ക് മാനന്തവാടി അമ്പുകുത്തി, പാരിസൺ ഭൂമികൾ ഏറ്റെടുക്കുന്നതിന്റെ നിയമവശങ്ങൾ വിശദീകരിക്കുകയും, നിലവിൽ മെഡിക്കൽ കോളേജിനോട് ചേർന്ന സർക്കാർ ഭൂമികൾ ഏറ്റെടുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

 

തുടർന്ന് സംസാരിച്ച പൊതുപ്രവർത്തകൻ ബാബു ഫിലിപ്പ് മാസ്റ്റർ, പരിവേഷൻ പോർട്ടലിൽ സമർപ്പിക്കേണ്ട സൈറ്റിൽ ഇതുവരെ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടി ഉയർത്തിക്കാട്ടി ഉടൻ അപേക്ഷ സമർപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. യോഗത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. ഷെബിൻ ജോർജ്, ഫാ. വർഗീസ് മറ്റമന, അഡ്വ. എൻ.കെ. വർഗീസ്, അസീസ് കൊടക്കാട്ട്, അഡ്വ. ടി. മണി, ഡോ. ഗോകുൽ ദേവ്, പി.വി. മഹേഷ്, സുമ രാമൻ, എ.എം. നിഷാന്ത്, പടയൻ മുഹമ്മദ്, ടി.കെ. ഹരീസ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.വി. ജോർജ്, ലേഖ രാജീവൻ എന്നിവർ സംസാരിക്കുകയും, വൈസ് ചെയർപേഴ്സൺ സിന്ധു സെബാസ്റ്റ്യൻ സ്വാഗതം ആശംസിക്കുകയും ചെയ്തു. ചർച്ചകൾക്ക് ചെയർമാൻ ക്രോഡീകരിച്ച് മറുപടി നൽകിയതിനെ തുടർന്ന്, മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട തുടർനീക്കങ്ങൾ സർക്കാർ തലത്തിൽ നടത്തുവാൻ തീരുമാനിച്ചുകൊണ്ട് യോഗം അവസാനിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *