കർഷക തൊഴിലാളികളുടെ ഉപവാസം മാർച്ച് 19 ന് സെക്രട്ടറിയേറ്റ് നടയിൽ
കർഷക തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് 19-ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ യു.വി. ദിനേശ് മണി ആരംഭിക്കുന്ന നിരാഹാര സമരത്തിന് വയനാട് ജില്ലയിൽ നിന്ന് 100 പ്രതിനിധികൾ പങ്കെടുക്കും. ഇതിൻ്റെ മുന്നോടിയായി ജില്ലാ ആസ്ഥാനങ്ങളിൽ സമരപരിപാടികൾ സംഘടിപ്പിക്കും. കൽപ്പറ്റ ഡി.സി.സി. ഓഫീസിൽ നടന്ന ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി.കെ.ടി.എഫ്.) ജില്ലാ യോഗത്തിലാണ് ഈ തീരുമാനം.
യോഗത്തിൽ, കർഷക തൊഴിലാളികളുടെ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക, 60 വയസ്സ് കഴിഞ്ഞവർക്കുള്ള അതിവർഷാനുകൂല്യം കുടിശ്ശിക മുഴുവനായും കൊടുത്തു തീർക്കുക, ആനുകൂല്യ വിതരണത്തിലെ കാലതാമസം ഒഴിവാക്കുക, കർഷക തൊഴിലാളികളുടെ ജീവനും സ്വത്തിനും വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുക, ക്ഷേമനിധി അംഗങ്ങളുടെ ആനുകൂല്യ തുക കാലാനുസൃതമായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.
ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ യോഗം ഉദ്ഘാടനം ചെയ്തു. ഡി.കെ.ടി.എഫ്. ജില്ലാ പ്രസിഡന്റ് എക്കണ്ടി മൊയ്തുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി ചുള്ളിയോട്, സംസ്ഥാന സെക്രട്ടറി സുന്ദർ രാജ് എടപ്പെട്ടി, ജില്ലാ ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ വെള്ളാക്കുഴി, പി.കെ. കുന്നമ്മത്, എ. രാംകുമാർ, ടി.കെ. രാധാകൃഷ്ണൻ, ലൈജി മാനന്തവാടി, പി.എസ്. മുരുകേശൻ, നാസർ ആയങ്കി, ബീരാൻ ചെമ്പോത്തറ, ഷേർളി ജോസ് തുടങ്ങിയവർ സംസാരിച്ചു.




Leave a Reply