June 29, 2026

ചന്ദന കൃഷി തട്ടിപ്പ്: ഡി.എഫ്.ഒ ജില്ലാ പൊലിസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

0
sfas

 

കോടികളുടെ ചന്ദന കൃഷിയുമായി ബന്ധപ്പെട്ട് സൗത്ത് വയനാട് ഡി.എഫ്.ഒ ജില്ലാ പൊലിസ് മേധാവിക്ക് പ്രാഥമിക അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചു.15 ലക്ഷം മുടക്കിയാല്‍ 15 വര്‍ഷം കൊണ്ട് കോടികള്‍ സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ആകര്‍ഷിച്ച് എറണാകുളം ആസ്ഥാനമായ കമ്പനി ചന്ദന കൃഷി തട്ടിപ്പ് നടത്തുന്നുവെന്ന ആരോപണത്തിലാണ് അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം വകുപ്പിനോട് ജില്ലാ പൊലിസ് മേധാവി ആവശ്യപ്പെട്ടിരുന്നത്. ഇതു സംബന്ധിച്ച വിശദമായ റിപോര്‍ട്ട് ഉടന്‍ നല്‍കുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അജിത് കെ. രാമന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സ്‌പെഷ്യല്‍ ബ്രാഞ്ചും ഇതു സംബന്ധിച്ച് അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ചന്ദന കൃഷിയില്‍ നിക്ഷേപമിറക്കിയവരെ കുറിച്ചും അന്വേഷിക്കുന്നതയാണ് വിവരം. വയനാട്ടില്‍ ചന്ദന കൃഷി പ്രായോഗികമാണോ എന്ന കാര്യത്തിലും ശാസ്ത്രീയമായ പഠനം നടത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പൊലിസ് മേധാവി കേരള വന ഗവേഷണ സ്ഥാപനമായ കെ.എഫ്.ആര്‍.എ യോടും റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട്ടില്‍ 1500 ഏക്കറില്‍ ചന്ദനം കൃഷി ചെയ്യുന്നുണ്ടെന്നാണ് നിക്ഷേപകരോട് കമ്പനി പറയുന്നത്. പാകമായ ചന്ദന മരം മുറിക്കാന്‍ വനം വകുപ്പിന് മാത്രമാണ് അധികാരം എന്നിരിക്കെ കര്‍ഷകന് അവകാശമുണ്ടെന്ന് ഉള്‍പ്പടെ തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് നിക്ഷേപകരെ വരുതിയിലാക്കുന്നത്. പ്രവാസികളും റിട്ട. ഉദ്യോഗസ്ഥരും ഉള്‍പ്പടെ നിരവധി പേര്‍ ഇതിനോടകം ചന്ദനകൃഷിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. നിലവില്‍ നിക്ഷേപകരില്‍ നല്ലൊരു ശതമാനവും ആശങ്കയിലാണ്. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് എറണാകുളത്തെ സ്റ്റാര്‍ ഹോട്ടലില്‍ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത യോഗം അലങ്കോലമായിരുന്നു. പൊലിസും ഇന്റലിജന്‌സ് വിഭാഗവും ഉള്‍പ്പടെ സ്ഥലത്ത് എത്തിയിരുന്നു.
വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ തുച്ഛമായ വിലക്ക് ഹെക്ടര്‍ കണക്കിന് തോട്ടങ്ങള്‍ വാങ്ങിക്കൂട്ടി അഞ്ചു സന്റെ് പ്ലോട്ടുകളാക്കി ചന്ദന കൃഷിയും പരിപാലനവും വാഗ്ദാനം ചെയ്ത് 10 ഇരട്ടിയോളം അധികവില ഈടാക്കി നിക്ഷേപകര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ചന്ദനമരം പാകമാകാന്‍ 30 മുതല്‍ 40 വര്‍ഷം വരെ ആവശ്യമാണെന്ന് വനം വകുപ്പ് തന്നെ വ്യക്തമാക്കുമ്പോള്‍ 15 വര്‍ഷം കൊണ്ട് മരം മുറിച്ച് എങ്ങനെ കോടികള്‍ കൊയ്യാമെന്ന കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് മറുപടിയില്ല. പ്രത്യേക കാലാവസ്ഥയും കൃഷി രീതികളും ചന്ദന കൃഷിക്ക് ആവശ്യമാണെന്നിരിക്കെ വയനാട്ടില്‍ ഇത് എത്ര മാത്രം വിജയിക്കുമെന്ന കാര്യത്തിലും ഒരുറപ്പുമില്ല. കര്‍ഷകര്‍ക്ക് ചന്ദനം കൃഷി ചെയ്യാമെങ്കിലും മുറിക്കാനും വില്‍കാനുമുള്ള അവകാശമില്ലെന്ന് മാത്രമല്ല മുറിക്കുന്നതും കടത്തുന്നതും ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്. എന്നാല്‍ കര്‍ഷകര്‍ക്ക് ചന്ദനം മുറിക്കാന്‍ സര്‍ക്കാര്‍ 2024ല്‍ അനുവാദം നല്‍കിയിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. പാകമായ മരങ്ങളാണോയെന്ന് ഡി.എഫ്.ഒ യുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കിയ ശേഷം വനം വകുപ്പ് തന്നെയാണ് ചന്ദന മരങ്ങള്‍ മുറിക്കുക. മുറിച്ച മരങ്ങള്‍ മറയൂരിലേക്ക് കൊണ്ടുപോയി ഉണക്കിയ ശേഷം ലേലത്തില്‍ വെക്കും. ലേലത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ 10 ശതമാനം കഴിച്ചാണ് ഭൂ ഉടമക്ക് കൈമാറുക. സംസ്ഥാനത്ത് കോടികളുടെ മറ്റൊരു തട്ടിപ്പിലേക്കാണ് ചന്ദന കൃഷി കളമൊരുക്കുന്നതെന്നാണ് ആരോപണം. 30 വര്‍ഷം മുമ്പ് ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പിന് ആയിരക്കണക്കിന് മലയാളികളാണ് ഇരയായത്. നിക്ഷേപകരില്‍നിന്ന് പണംസ്വീകരിച്ച് ആടുവളര്‍ത്തല്‍, മാഞ്ചിയം-തേക്ക് കൃഷികളില്‍ നിക്ഷേപിക്കല്‍ എന്നപേരിലായിരുന്നു തട്ടിപ്പ്. 1000 രൂപ നിക്ഷേപിച്ചാല്‍ അഞ്ചുവര്‍ഷംകൊണ്ട് അഞ്ചിരട്ടി ലഭിക്കുമെന്ന വാഗ്ദാനം വിശ്വസിച്ച് ആയിരങ്ങളാണ് അന്ന് കോടികളുടെ തട്ടിപ്പിനിരയായത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *