വാഹന ഉടമകള്‍ക്ക് ആശ്വാസം; വ്യക്തമായ തെളിവില്ലാതെ, ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് കേസെടുക്കരുതെന്ന് എംവിഡി
വാഹന പരിശോധനയില്‍ വാഹന ഉടമകള്‍ക്ക് ആശ്വാസമായി മോട്ടോര്‍ വാഹനവകുപ്പിന്റെ ഉത്തരവ്,നിയമലംഘനം നടത്തിയതിന് വ്യക്തമായ തെളിവില്ലാതെ,ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് അനധികൃതമായി കേസെടുക്കാന്‍ പാടില്ലെന്ന് ഗതാഗത കമ്മിഷണര്‍ ഉത്തരവിട്ടു. വ്യക്തമായ തെളിവുണ്ടെങ്കില്‍ മാത്രം കേസെടുക്കണമെന്നാണ് ഗതാഗത കമ്മിഷണറുടെ നിര്‍ദ്ദേശം
ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ചിത്രമെടുത്ത് ലൈസന്‍സ് ഇല്ല, വാഹന പുക പരിശോധന നടത്തിയില്ല തുടങ്ങി പേരുകളില്‍ കേസെടുക്കരുതെന്ന് ഗതാഗത കമ്മീഷണര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ കേസുകളെടുക്കുന്നത് വകുപ്പിന് മോശം പേരുണ്ടാക്കുന്നുവെന്ന് ഗതാഗത കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നത്.
കൃത്യമായ തെളിവുകളുണ്ടായാല്‍ മാത്രം ഫോട്ടോയെടുത്ത് കേസെടുത്താല്‍ മതിയെന്നാണ് ഉത്തരവില്‍ പറയുന്നത്. ഓടിപ്പോകുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് സര്‍ട്ടിഫിക്കറ്റുകല്‍ക്ക് കാലാവധി ഇല്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ കേസെടുക്കുന്നത് നിയമവിരുദ്ധവും വകുപ്പിന് അപകീര്‍ത്തി ഉളവാക്കുന്നതുമാണ്. അതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തരം നിയമപരമല്ലാത്ത കേസുകളിലൂടെ വാഹന ഉടമകളെ ബുദ്ധിമുട്ടിക്കാന്‍ പാടില്ല.
അടിസ്ഥാനരഹിതമായ കേസുകള്‍ എടുക്കുന്നതായി പൊതുജനങ്ങളുടെ പരാതി ലഭിക്കുകയും അന്വേഷണത്തിലൂടെ നിയമപരമായ നടപടികളാണെന്ന് കണ്ടെത്തുകയും ചെയ്താല്‍ അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.വാഹനങ്ങളുടെ റൂഫ് ലഗേജ് ക്യാരിയര്‍ അനധികൃത ഓള്‍ട്ടറേഷനായി പരിഗണിക്കാന്‍ മോട്ടോര്‍വാഹന നിയമത്തിലോ മറ്റ് സര്‍ക്കാര്‍ ഉത്തരവുകളിലോ നിര്‍ദേശിക്കുന്നില്ല. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ധാരാളമായി ഉപയോഗിക്കുന്ന ടാക്സി വാഹനങ്ങളിലെ ലഗേജ് ക്യാരിയറുകല്‍ക്കെതിരെ നിയമപരമല്ലാത്ത ഇത്തരം പിഴ ചുമത്തുന്നതുമൂലം പൊതുജനങ്ങള്‍ കള്ള ടാക്സിയെയും മറ്റും കൂടുതലായി ആശ്രയിക്കുന്ന സാഹചര്യമുണ്ടാകാം.ഇത്തരം നടപടികള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നതിലൂടെ ടൂറിസം മേഖലയെയും ദോഷകരമായി ബാധിച്ചേക്കാം. നിയമപരമല്ലാത്ത ഇത്തരം നടപടികള്‍ വകുപ്പിന്റെ സത്കീര്‍ത്തിക്ക് കളങ്കമേല്‍പ്പിക്കുന്നതാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.





Leave a Reply