ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ആലോചന യോഗം ചേര്‍ന്നു
കല്‍പ്പറ്റ: ജില്ലാ ഭരണകൂടവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി നടത്തുന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ആലോചന യോഗം സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്നു. സ്പോര്‍ട്സ് ലഹരിയാക്കി കുട്ടികളെ കായിക മേഖലയിലേക്ക് എത്തിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് യോഗം ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു.ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു അധ്യക്ഷനായി. ലഹരിയുടെ ദൂഷ്യവശങ്ങളില്‍ നിന്ന് യുവതലമുറയെ സംരക്ഷിച്ച് കായികരംഗത്തേക്ക് അവരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ആരോഗ്യകരമായ സമൂഹം കെട്ടിപ്പടുക്കുന്നതില്‍ കായിക- വിനോദങ്ങള്‍ക്ക് സുപ്രധാന സ്ഥാനമുണ്ടെന്നും ജില്ലയിലെ കായിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് ഒപ്പമുണ്ടാകുമെന്നും
യുവജനങ്ങള്‍ കായികരംഗത്ത് സജീവമാകുന്നതിലൂടെ ലഹരി പോലുള്ള സാമൂഹിക തിന്മകളില് നിന്ന് അകന്നുനില്ക്കാന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തില്‍ മെയ് അഞ്ചിന് ആരംഭിച്ച് ഏഴിന് ജില്ലയില്‍ പ്രവേശിക്കുന്ന വിപുലമായ ക്യാമ്പയിന് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന, ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ മുഖേന ചേരുന്ന ജില്ലാ തദ്ദേശസ്ഥാപനതല യോഗങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്തു.
ഇതിന്റെ ഭാഗമായി ഏഴംഗ ജില്ലാതല സംഘാടകസമിതി രൂപീകരിച്ചു. പ്രചാരണ പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകളില്‍ ഉന്നതല യോഗങ്ങള്‍, പരിപാടികള്‍, സെമിനാറുകള്‍ എന്നിവ നടത്തും. കൂട്ടയോട്ടം, വടംവലി, ഫോട്ടോഗ്രഫി തുടങ്ങിയ പരിപാടികള്‍ പ്രചാരണ പരിപാടിയുടെ ഭാഗമായി നടത്താനും തീരുമാനമായി.
ജില്ലയിലെ പ്രവര്‍ത്തനക്ഷമമല്ലാത്ത മുഴുവന്‍ കളിക്കളങ്ങള്‍, കുളങ്ങള്‍, കായിക സ്മാരകങ്ങള്‍ എന്നിവ കണ്ടെത്തി നവീകരിച്ച് കായിക പ്രവര്‍ത്തനങ്ങള്‍ക്ക് യോഗ്യമാക്കി തീര്‍ക്കും. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലും തിരഞ്ഞെടുക്കപ്പെടുന്ന 25 പേരടങ്ങുന്ന തിങ്ക് ടാങ്ക് ഗ്രൂപ്പ് ഉണ്ടായിരിക്കണം. ഇവരുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ നടക്കുന്ന പ്രചാരണ ജാഥയുടെ മുന്നോടിയായി തദ്ദേശസ്വയംഭരണ പ്രദേശങ്ങളില്‍ മെയ് ഒന്നിന് ഒരു നിശ്ചിത സ്ഥലത്തുനിന്ന് മറ്റൊരു നിശ്ചിത സ്ഥലം വരെ വാക്കത്തോണ്‍ സംഘടിപ്പിക്കും. വകുപ്പുകളുടെ ഏകോപനത്തിന് പുറമേ ജില്ലയിലുള്ള അസോസിയേഷനുകള്‍, ക്ലബ്ബുകള്‍, സംഘടനകള്‍, കുട്ടികള്‍, കുടുംബശ്രീ, വിവിധ കൂട്ടായ്മകള്‍ തുടങ്ങി എല്ലാവരുടെയും സാന്നിധ്യവും സഹകരണവും ഉറപ്പുവരുത്തും.
കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി റനീഷ്, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ്, പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി, മുന്‍സിപ്പാലിറ്റി ചെയര്മാന്മാര്, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, എഡിഎം കെ ദേവകി, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം വി കെ സനോജ്, യുവജന ക്ഷേമ ബോര്‍ഡ് കോര്‍ഡിനേറ്റര്‍ കെ
എം ഫ്രാന്‍സിസ്, അഡീഷണല്‍ എസ്പി ടി എന്‍ സജീവന്, എക്സൈസ് സിഐ ടി ഷറഫുദ്ദീന്,
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി പ്രപു പ്രേംനാഥ്,
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലീം കടവന്‍, രാഷ്ട്രീയപാര്‍ട്ടിയെ പ്രതിനിധീകരിച്ചു കെ റഫീക്ക്, സ്പോര്‍ട്സ് അസോസിയേഷനുകള്‍, സംഘടനകള്‍, വിവിധ വകുപ്പുകള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply