July 27, 2026

ദുരന്തബാധിതര്‍ക്കായുള്ള മാനന്തവാടി രൂപതയുടെ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു

0
JKL

 

കല്‍പ്പറ്റ: രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായ ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടമായവര്‍ക്കായി മാനന്തവാടി രൂപത നിര്‍മ്മിച്ചു നല്‍കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം രൂപതാ ബിഷപ് മാര്‍ ജോസ് പൊരുന്നേടം നിര്‍വ്വഹിച്ചു.എം എല്‍ എ അഡ്വ.ടി.സിദ്ദിഖ് സ്ഥലത്തിന്റെ രേഖകള്‍ ഉടമസ്ഥര്‍ക്ക് കൈമാറി. വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തത്തില്‍ പ്രോജക്ട് വിശദീകരിച്ചു. മുട്ടില്‍ പഞ്ചായത്തിലെ വാഴവറ്റക്കും മുട്ടില്‍ മേപ്പാടി റോഡില്‍ കെ.കെ. ജംഗ്ഷനുമിടയിലുള്ള പാലക്കാട്ട് കുന്നിലാണ് ഇതിനായുള്ള സ്ഥലം കണ്ടെത്തി പ്രവൃത്തികള്‍ ആരംഭിച്ചത്.

ഉരുള്‍പൊട്ടല്‍ മൂലം വീടും സ്ഥലവും നഷ്ടമായിട്ടും സര്‍ക്കാര്‍ മാനദണ്ഡങ്ങളില്‍ പെടാതെ പോയിട്ടുള്ള ദുരിതബാധിതര്‍ക്കമായി 50 വീടുകളാണ് രൂപത നിര്‍മ്മിക്കുന്നത്. ഇതില്‍ അഞ്ച് വീടുകളുടെ നിര്‍മ്മാണം തോമാട്ടുചാല്‍, പുതിയിടംകുന്ന്, കണിയാരം എന്നിവിടങ്ങളിലായി നടന്നു വരുന്നു. ബാക്കി വീടുകളുടെ നിര്‍മ്മാണോദ്ഘാടനമാണ് വാഴവറ്റ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നത്.

ദുരന്ത ദിനംമുതല്‍ ഇന്നുവരെ ദുരന്ത ബാധിതര്‍ക്ക് സഹായവുമായി മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ രൂപതയിലെ എല്ലാ പ്രസ്ഥാനങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരുന്നു.
റെസ്‌ക്യൂ പ്രവര്‍ത്തങ്ങളില്‍ സജീവമായും, ക്യാമ്പുകളില്‍ ഭക്ഷണം എത്തിച്ചും , ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞവരെ പരിചരിച്ചും കുട്ടികളെ പരിപാലിച്ചും രൂപതയുടെ ഭാഗമായ വിവിധ പ്രസ്ഥാനങ്ങള്‍ മാതൃകാപരമായ പ്രവര്‍ത്തങ്ങള്‍ ആണ് കാഴ്ചവെച്ചത്. സഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ആശുപത്രികളിലെ മെഡിക്കല്‍ ടീമും വിദഗ്ദ്ധരായ കൗണ്‍സിലര്‍മാരും നല്‍കിയ സേവനം വലുതായിരുന്നു. അത് ഇപ്പോഴും തുടര്‍ന്നു വരുന്നു. കൗണ്‍സിലിംഗ് രംഗത്ത് പ്രാവീണ്യമുള്ള 100 സന്യസ്ഥരടങ്ങുന്ന സ്വാന്ത്വന പരിചരണ സംഘം രൂപീകരിച്ച് പ്രവര്‍ത്തിച്ചു. ഇതില്‍ നിന്നും 50 പേരെ ഉള്‍പ്പെടുത്തി ടീം രൂപീകരിക്കുകയും കൂടുതല്‍ പരിശീലനം നല്കി ഫോളോ അപ് പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചു. വീടുകളിലും സ്ഥാപനങ്ങളിലുമായി ഇവരുടെ സേവനവും തുടരുന്നു.

രണ്ടാം ഘട്ടത്തില്‍ കാരിത്താസ് ഇന്ത്യ, സീഡ്സ് എന്നിവയുടെ സാമ്പത്തിക സഹായത്തോടെ മറ്റു രൂപതകളുമായി ചേര്‍ന്ന് 958 കുടുമ്പങ്ങള്‍ക്ക് 9500 രൂപ വീതം അടിയന്തിര ധനസഹായംവും 10000 രൂപയുടെ ഗ്രഹോപകണങ്ങളും ലഭ്യമാക്കി. കൂടാതെ കാത്തോലിക് റിലീഫ് സര്‍വീസുമായി 307 കുടുബങ്ങള്‍ക്ക് 57 ലക്ഷം രൂപയുടെ വരുമാന വര്‍ദ്ധക പരിപാടികള്‍ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടപ്പിലാക്കി. രൂപത 50 കുടുംബങ്ങള്‍ക്ക് 50000 രൂപയുടെ വീതം ഫര്‍ണീച്ചുകള്‍ നല്കി. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കായി പഠനസാമഗ്രികള്‍ ലഭ്യമാക്കുകയും ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. തുടര്‍വിദ്യാഭ്യാസത്തിനായി 30 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തി. കുടുംബാംഗങ്ങള്‍ നഷ്ടപ്പെടുകയോ വീട് പൂര്‍ണ്ണമായി തകരുകയോ ചെയ്ത വീടുകളിലെ ഏതാനും കുട്ടികള്‍ക്ക് 4 ലക്ഷം രൂപ വീതം സ്ഥിരനിക്ഷേപം നല്കാനും സാധിച്ചു. വലിയ നഷ്ടം സംഭവിച്ച ഏതാനും കുടുംബങ്ങളെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുടര്‍ ചികത്സക്കുള്ള സാഹചര്യം ഉറപ്പാക്കുന്നതിലും ശ്രദ്ധ പതിപ്പിക്കുകയുണ്ടായി.

മൂന്നാം ഘട്ടമായിട്ടാണ് ഭവന നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. രൂപതയിലെ മുഴുവന്‍ ഇടവകകള്‍, കേരള കാത്തോലിക് ബിഷപ്സ് കൗണ്‍സില്‍, കേരള സോഷ്യല്‍ സര്‍വീസ് ഫോറം, വിവിധ രൂപതകള്‍, വിവിധ സന്യസ്ത സമൂഹങ്ങള്‍, വികസന ഏജന്‍സികള്‍, വ്യകതികള്‍ എന്നിവയുമായി സഹകരിച്ചാണ് ഭവനങ്ങള്‍ നിര്‍മിക്കുന്നത്തിനുള്ള ധനസമാഹരണം നടത്തിയിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന കുടുംബങ്ങളുടെ നഷ്ടത്തിന്റെ തോതനുസരിച്ച് പതിനഞ്ച്, പത്ത്, അഞ്ച് സെന്റ് വീതം സ്ഥലവും എഴുന്നൂറ് മുതല്‍ ആയിരം സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള വീടുകളാണ് നിര്‍മ്മിച്ച് നല്കുന്നത്. ക്രൈസ്റ്റ് നഗര്‍ റസിഡന്‍സ് എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതി പ്രദേശത്ത് തൊഴില്‍ സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

ക്രൈസ്തവ വിശ്വാസത്തിന്റെ ചരിത്രഗതിയില്‍ സഹനങ്ങളും അവയില്‍ നിന്നുള്ള ദൈവീകമായ പുനരുജ്ജീവനവുമാണ് കാണാനാകുകയെന്ന് പദ്ധതി ശിലകള്‍ വെഞ്ചിരിച്ച് ഉല്‍ഘാടനം ചെയ്തു കൊണ്ട് ബിഷപ് ജോസ് പൊരുന്നേടം ചൂണ്ടിക്കാട്ടി. മാനന്തവാടി രൂപതാ സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം അധ്യക്ഷനായിരുന്നു. ഫ്രാന്‍സീസ് പാപ്പായുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്.”പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല’ എന്ന് മാര്‍പാപ്പ പ്രഖ്യാപിച്ച ജൂബിലി ആപ്തവാക്യത്തിന്റെ സത്ത പ്രവര്‍ത്തിയിലെത്തിക്കുകയാണ് ഈ പുനരധവാസത്തിലൂടെയെന്ന് പിതാക്കന്‍മാന്‍ അനുശോചനത്തില്‍ അനുസ്മരിച്ചു. രൂപതാ വികാരി ജനറാളും പുനരധിവാസ കമ്മിറ്റി ചെയര്‍മാനുമായ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ എല്ലാവരേയും സ്വാഗതം ചെയത്പ്രസംഗിച്ചു. കല്‍പറ്റ ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണന്‍, മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, മുട്ടില്‍ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് സന്തോഷ് കുമാര്‍ പി.എം. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, രൂപതാ പ്രൊക്കുറേറ്റര്‍ ഫാ.ജോസ് കൊച്ചറയ്ക്കല്‍, എറണാകുളം രൂപതാ സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ഫാ.ജോസഫ് കൊളത്തുവള്ളില്‍, കല്‍പറ്റ ഫൊറോനാ വികാരി ഫാ.ജോഷി പെരിയപ്പുറം, വാഴവറ്റ ഇടവക വികാരി ഫാ.അനില്‍ മൂഞ്ഞനാട്ട് , ചൂരല്‍മല ഇടവക വികാരി ഫാ.ജിബിന്‍ വട്ടുകുളത്തില്‍, പുനരധിവാസ കമ്മിറ്റി വൈസ് ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോസ് പുഞ്ചയില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *