April 28, 2026

പുൽപ്പള്ളിയിൽ പുലിഭീതി: കൂടു സ്ഥാപിച്ച് പിടികൂടണമെന്ന് കോൺഗ്രസ്

0
IMG_20250522_194129
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : കബനിഗിരിയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുന്ന പുലിയെ കൂടു സ്ഥാപിച്ച് പിടിക്കുവാൻ വനം വകുപ്പ് തയ്യാറാകണമെന്ന് മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം കബനിഗിരിയിൽ ഇറങ്ങിയ പുലി വളർത്തുമൃഗങ്ങളെയാണ് ആക്രമിച്ചത്.
കഴിഞ്ഞ കുറെ കാലങ്ങളായി പുൽപ്പള്ളി മുള്ളൻകൊല്ലി മേഖലകളിൽ വന്യമൃഗ ശല്യം അതിരൂക്ഷമാണ്.

മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണ്. ഇതിന് ശാശ്വത പരിഹാരമാണ് വേണ്ടത്. പൂർണ്ണമായും കാർഷിക മേഖലയായ ഇവിടെ മൃഗശല്യം കാരണം കർഷകർ ദുരിതത്തിലാണ്. ക്ഷീര മേഖലയെ വന്യമൃഗ ശല്യം രൂക്ഷമായി ബാധിച്ചു. പാൽ അളക്കാൻ പോലും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണുള്ളത്. റബർ കർഷകരും പ്രതിസന്ധിയിലായി. വന്യമൃഗങ്ങളെ പേടിച്ച് രാവിലെകളിൽ റബർ വെട്ടൽ നടക്കുന്നില്ല. കഴിഞ്ഞദിവസം കബനിഗിരി ഭാഗത്ത് പുലി ഇറങ്ങിയതോടുകൂടി ജനങ്ങൾ ഭീതിയിലാണ്.

കാടും നാടും വേർതിരിച്ച് ജനവാസ മേഖലയിൽ ഇറങ്ങുന്ന മൃഗങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനായി കാര്യക്ഷമമായ നടപടികളാണ് വനം വകുപ്പ് മന്ത്രി സ്വീകരിക്കേണ്ടത്. ജനങ്ങളുടെ സംരക്ഷണത്തിനായി ക്രിയാൽമകമായ നടപടികൾ വനം വകുപ്പ് സ്വീകരിക്കണം.

വന്യ മൃഗങ്ങളാൽ നശിപ്പിക്കപ്പെട്ട കാർഷിക വിളകൾക്കുള്ള നഷ്ടപരിഹാരത്തുക മൂന്ന് വർഷമായി കുടി ശിഖയാണ്. ഉടനടി നഷ്ടപരിഹാരത്തുക നൽകുന്നതിനുള്ള നടപടി സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം.

വന്യമൃഗ ശല്യത്തിനെതിരെ സിപിഎം പ്രഹസന സമരം നടത്തുകയാണ്. കബനിഗിരിയിൽ പുലി ആടുകളെ ആക്രമിച്ച സ്ഥലം പോലും സന്ദർശിക്കാതെയാണ് സിപിഎം പ്രവർത്തകർ ധർണ്ണ സമരങ്ങളുമായി രംഗത്ത് വന്നിട്ടുള്ളത്.
വന്യ മൃഗ ശല്യത്തിൽ പൊറുതിമുട്ടിയ പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലകളിലെ ജനങ്ങളോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കിൽ പ്രഹസനം നടത്താതെ ശാശ്വതമായ പരിഹാരത്തിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയാണ് സിപിഎം ചെയ്യേണ്ടത്. നിഷ്ക്രിയമായ വനംവകുപ്പിനെതിരെ ഭരണകക്ഷി എംഎൽഎ തന്നെ പ്രതികരിക്കുന്നത് നമ്മൾ കണ്ടതാണ്.

വന്യമൃഗ ശല്യം പരിഹരിക്കുന്നതിൽ തീർത്തും പരാജയമായ വനംവകുപ്പ് മന്ത്രി രാജിവയ്ക്കാൻ തയ്യാറാകണം. ഭരിക്കുന്ന പാർട്ടി എന്ന നിലയിൽ വനം വകുപ്പ് മന്ത്രിയുടെ രാജി ആവശ്യപ്പെടുകയാണ് സി പി എം ചെയ്യേണ്ടത്. അല്ലാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിന് വേണ്ടി പ്രഹസന സമരങ്ങൾ നടത്തുകയല്ല വേണ്ടത്.

വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് വേണ്ടി ക്രിയാത്മകമായ നടപടികൾ സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരങ്ങൾക്ക് തയ്യാറാവും എന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി വ്യക്തമാക്കി.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിനോ തോമസ് കടുപ്പിൽ അധ്യക്ഷത വഹിച്ചു

ഡി സി സി സെക്രട്ടറിമാരായ അഡ്വ: പിഡി സജി,എൻ യു ഉലഹന്നാൻ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ വിജയൻ, ജോയ് വാഴയിൽ, സണ്ണി മണ്ഡപത്തിൽ, ജോർജ്കുട്ടി എടപ്പാട്ട്, ജോസ് കണ്ടംതുരുത്തി, ജോസ് നെല്ലേടം, മാത്യു ഉണ്ണിയപ്പള്ളി, ടോമി ഏറത്ത്, ടോമി പൂഴിപ്പുറം, ഷിനോയി തുണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *