May 26, 2026

സിക്കിള്‍സെല്‍ അനീമിയ ദിനമാചരിച്ചു; ജില്ലയില്‍ 1276 രോഗബാധിതര്‍

0
site-psd-18
By ന്യൂസ് വയനാട് ബ്യൂറോ

സിക്കിള്‍സെല്‍ അനീമിയ ദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പും കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അരിവാള്‍ രോഗികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ ഹാളില്‍ ബത്തേരി മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ടി കെ രമേഷ് ഉദ്ഘാടനം ചെയ്തു.ഗോത്ര മേഖലകളില്‍ രോഗം വ്യാപകമായി കാണപ്പെടുന്നതിനാല്‍ സ്ഥിരമായ രോഗബാധ ക്യാമ്പുകളും ജനസമ്പര്‍ക്ക പരിപാടികളും നടത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

ജനിതക കാരണങ്ങളാല്‍ ചുവന്ന രക്തകോശങ്ങള്‍ക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താല്‍ സംഭവിക്കുന്ന രോഗമാണ് അരിവാള്‍ രോഗം അഥവാ അരിവാള്‍ കോശ വിളര്‍ച്ച. ജില്ലയില്‍ നിലവില്‍ 1276 രോഗബാധിതരുണ്ട്. ഇതില്‍ 703 സ്ത്രീകളും 576 പുരുഷന്മാരും ഉള്‍പ്പെടുന്നു.
രോഗകാരണം ജനിതകപരമായതിനാല്‍ വിവാഹത്തിന് മുന്‍പുള്ള രക്തപരിശോധനയും രോഗബോധവത്കരണവും അനിവാര്യമാണ്.

സുല്‍ത്താന്‍ ബത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ഏക ട്രൈബല്‍ ജന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ ബത്തേരി താലൂക്കിലെ ഉന്നതികളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ രോഗ പ്രതിരോധത്തിനായി നടപ്പാക്കുന്നുണ്ട്.
ആറ് മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ അരിവാള്‍ രോഗത്തിന് സ്‌ക്രീനിങ് നടത്തുന്നു.

രോഗബാധിതര്‍ അരിവാള്‍ കോശങ്ങളുടെ എണ്ണവും വേദനയും കുറയ്ക്കാന്‍ സഹായിക്കുന്ന ഹൈഡ്രോക്‌സിയൂറിയ, പുതിയ അരുണ രക്താണുക്കളുടെ നിര്‍മ്മാണത്തിന് സഹായിക്കുന്ന ഫോളിക് ആസിഡ് തുടങ്ങി ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കുകയും പോഷക സമൃദ്ധമായ ഭക്ഷണരീതി സ്വീകരിക്കുകയും വേണം.
ധാരളം വെള്ളം കുടിക്കുക, അമിതമായ തണുപ്പില്‍ നിന്നും ചൂടില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുക, യോഗ, നടത്തം പോലുള്ള ലഘുവായ വ്യായമങ്ങള്‍ ചെയ്യുക, ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക തുടങ്ങിയവയും ശ്രദ്ധിക്കണം.

പരിപാടിയില്‍ വിവിധ വകുപ്പുകളുടെ യോജിച്ച പ്രവര്‍ത്തനം അരിവാള്‍ രോഗത്തെ പ്രതിരോധിക്കാന്‍ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് കുടുംബശ്രീ ഡിപിഎം ആശ പോള്‍ വിശദീകരിച്ചു. ദുരിതത്തിലായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഹായവും പിന്തുണയും നല്‍കുക എന്ന ലക്ഷ്യത്തോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകളിലൂടെ അരിവാള്‍ രോഗം മൂലം മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് കൗണ്‍സിലിങ് മുതലായ സേവനങ്ങള്‍ ലഭ്യമാക്കും. കുടുംബശ്രീയുടെ എഫ്എന്‍എച്ച്ഡബ്യു സംവിധാനം ഉപയോഗപ്പെടുത്തി ഉന്നതികളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവത്കരണ പരിപാടികള്‍ ഉള്‍പ്പെടെയുള്ള സംയോജിത പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പരിപാടിയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ 300 ഓളം അരിവാള്‍ രോഗികള്‍ പങ്കെടുത്തു.
സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ എം മജീദ്, സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് പ്രസിഡന്റ് സി അസൈനാര്‍, സുല്‍ത്താന്‍ബത്തേരി മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിഷ, ജില്ലാ സിക്കിള്‍ സെല്‍ കോര്‍ഡിനേറ്റര്‍ ഡോ. ഷിജി, സോഷ്യല്‍ വര്‍ക്കര്‍ ദില്‍ സെബാസ്റ്റ്യന്‍, ട്രൈബല്‍ ജിആര്‍സി കൗണ്‍സിലര്‍ കെ പി ബബിത, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *