ബ്യൂട്ടീഷ്യൻസ് യുണൈറ്റ് – 2025′ സംഗമം: ലേസർ ചികിത്സയിൽ ബ്യൂട്ടീഷ്യൻമാർക്ക് പരിശീലനം
മേപ്പാടി: വയനാട്ടിലെ ബ്യൂട്ടീഷ്യൻമാരുടെ തൊഴിൽപരമായ അറിവും വൈദഗ്ധ്യവും വർധിപ്പിക്കുന്നതിനായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡെർമറ്റോളജി വിഭാഗം ‘ബ്യൂട്ടീഷ്യൻസ് യുണൈറ്റ് – 2025’ എന്ന പേരിൽ സംഗമം സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ സംഗമം ഉദ്ഘാടനം ചെയ്തു.
നൂതന ചർമ്മരോഗ ലേസർ ചികിത്സകളെക്കുറിച്ച് ബ്യൂട്ടീഷ്യൻമാർക്ക് സമഗ്രമായ അവബോധം നൽകുകയും, സൗന്ദര്യ സംരക്ഷണ മേഖലയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ലേസർ സാങ്കേതിക വിദ്യകളെക്കുറിച്ച് വ്യക്തമായ ധാരണ നൽകി അവരുടെ സേവനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുകയുമായിരുന്നു സംഗമത്തിന്റെ പ്രധാന ലക്ഷ്യം.
ഇതിന്റെ ഭാഗമായി, ബ്യൂട്ടീഷ്യൻമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ വിവിധ ചികിത്സാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനവും നടന്നു. എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ പ്രസിഡന്റ് രേഖ, സെക്രട്ടറി ധന്യ എന്നിവർക്ക് കാർഡുകൾ കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. ഈ കാർഡ് വഴി ബ്യൂട്ടീഷ്യൻമാർക്കും അവരുടെ കുടുംബത്തിനും കുറഞ്ഞ ചെലവിൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകും.
ചടങ്ങിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എലിസബത് ജോസഫ്, അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അരുൺ അരവിന്ദ്, ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. സാറാ ചാണ്ടി, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ സൂപ്പി കല്ലങ്കോടൻ, ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ പങ്കെടുത്തു.
ഡെർമറ്റോളജി വിഭാഗം മേധാവി ഡോ. ജയദേവ് ബി ബെഡ്കരൂർ, അസോസിയേറ്റ് പ്രൊഫസർ ഡോ. പമേല തെരേസ ജോസഫ്, സീനിയർ റെസിഡന്റ് ഡോ. അനഘ കെ.വി എന്നിവർ നയിച്ച ലേസർ ചികിത്സയെക്കുറിച്ചുള്ള വിശദമായ ക്ലാസുകളായിരുന്നു സംഗമത്തിന്റെ പ്രധാന ആകർഷണം. ലേസർ ചികിത്സയുടെ അടിസ്ഥാന തത്വങ്ങൾ, വിവിധതരം ലേസർ സാങ്കേതിക വിദ്യകൾ, അവയുടെ പ്രയോഗങ്ങൾ, പാർശ്വഫലങ്ങൾ, സുരക്ഷാ മുൻകരുതലുകൾ എന്നിവയെക്കുറിച്ച് വളരെ വ്യക്തമായും ലളിതമായും അവർ ക്ലാസുകൾ നൽകി. ബ്യൂട്ടീഷ്യൻമാരുടെ സംശയങ്ങൾ ദൂരീകരിക്കാനും ഈ സെഷനുകൾ സഹായകമായി.
ഈ സംഗമം വയനാട്ടിലെ ബ്യൂട്ടീഷ്യൻമാർക്ക് അവരുടെ തൊഴിൽ മേഖലയിൽ അത്യാധുനിക ചികിത്സാരീതികളെക്കുറിച്ച് കൂടുതൽ അറിവ് നേടുന്നതിനും അതുവഴി ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനും വലിയ രീതിയിൽ സഹായകമായെന്ന് സംഘാടകർ അറിയിച്ചു. ഭാവിയിൽ ഇത്തരം സംരംഭങ്ങൾ കൂടുതൽ സംഘടിപ്പിക്കാനും, സൗന്ദര്യ സംരക്ഷണ മേഖലയിലെ വിദഗ്ധരെ പ്രോത്സാഹിപ്പിക്കാനും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് സന്നദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.
ഡെർമറ്റോളജി വിഭാഗം സേവനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി 8111881086, 8111885061 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.





Leave a Reply