April 16, 2026

പ്രിയങ്കാഗാന്ധി എം പിയെ എല്‍ ഡി എഫ് വിമര്‍ശിക്കുന്നത് ബി ജെ പിയെ തൃപ്തിപ്പെടുത്താന്‍: കോണ്‍ഗ്രസ്

0
IMG_20250902_203950
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: പ്രിയങ്കാഗാന്ധി എം പിയെ എല്‍ ഡി എഫ് വിമര്‍ശിക്കുന്നത് ബി ജെ പിയെ തൃപ്തിപ്പെടുത്താനാണെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഓരോ വിഷയങ്ങളിലും അടിയന്തര ഇടപെടലുകളാണ് എം പി നടത്തിക്കൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവില്‍ ചുരത്തില്‍ മണ്ണിടിച്ചിലുണ്ടായ സമയത്ത് ജില്ലാകലക്ടറെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുകയും അടിയന്തരമായി വിഷയം കേന്ദ്രഗതാഗത വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും നടപടി ആവശ്യപ്പെടുകയും ചെയ്തു. ഉരുള്‍ദുരന്തം അതീതീവ്രദുരന്തമായി പ്രഖ്യാപിക്കുന്നതിനായി എം പി നടത്തിയത് സമാനതകളില്ലാത്ത ഇടപെടലുകളായിരുന്നു. കേന്ദ്രആഭ്യന്തരമന്ത്രിയെ അടക്കം നേരില്‍ കണ്ടാണ് എം പി ഇക്കാര്യം ആവശ്യപ്പെട്ടത്. വയനാട്ടില്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ ആരോഗ്യരംഗത്ത് സമഗ്രവികസനം ത്വരിതഗതിയിലാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയെ അടുത്തിടെയാണ് പ്രിയങ്കാഗാന്ധി നേരില്‍ കണ്ടത്. നിലമ്പൂര്‍-നഞ്ചന്‍കോട് പുതിയ റെയില്‍പാതയുമായി ബന്ധപ്പെട്ടും എം പി ശക്തമായ ഇടപെടല്‍ നടത്തി. പാതയുടെ അന്തിമ ലൊക്കേഷന്‍ സര്‍വേയുമായി ബന്ധപ്പെട്ട് പ്രിയങ്കാഗാന്ധി ലോക്‌സഭയില്‍ ചോദ്യമുന്നയിച്ചു. എറണാകുളം ഷൊര്‍ണൂര്‍ മെമു നിലമ്പൂര്‍ക്ക് നീട്ടാനുള്ള തീരുമാനത്തിന് പിന്നിലും പ്രിയങ്കാഗാന്ധി എം പിയുടെ ഇടപെടലായിരുന്നു. വയനാട് ജില്ലയിലെ കൂടുതല്‍ റോഡുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനായി കേന്ദ്ര ഗ്രാമവികസന മന്ത്രിയോട് നിരന്തരമായി ആവശ്യപ്പെട്ടതിന്റെ ഫലമായാണ് 300 റോഡുകള്‍ക്ക് എന്‍ ആര്‍ ഐ ഡി എ അംഗീകാരം ലഭിച്ചത്. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് പുനരധിവാസത്തിന് സഹായം അനുവദിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ നിരന്തരമായി ലോക്‌സഭയിലടക്കം പ്രിയങ്കാഗാന്ധി ഉന്നയിച്ചു. ഇത്തരത്തില്‍ വന്യമൃഗശല്യം അടക്കമുള്ള വയനാടിന്റെ ഓരോ വിഷയങ്ങളിലും അതിശക്തമായ ഇടപെടലുകള്‍ നടത്തി മുന്നോട്ടുപോകുന്ന എം പിക്ക് നേരെ വിമര്‍ശനം ഉന്നയിക്കുന്നത് ബി ജെ പിയെ തൃപ്തിപ്പെടുത്താനാണ്. ബി ജെ പി-സി പി എം അന്തര്‍ധാരയുടെ ഭാഗമാണിത്. എം പിയെ ഭൂരിഭാഗം സര്‍ക്കാര്‍ പരിപാടികളിലും ക്ഷണിക്കാത്തതിന് പിന്നിലും ഈ അജണ്ട തന്നെയാണ്. റൂസ കോളജ് ഉള്‍പ്പെടെയുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഉദ്ഘാടനചടങ്ങില്‍ നിന്നു പോലും എം പിയെ മാറ്റി നിര്‍ത്തുന്നത് ഇതുകൊണ്ടാണ്. ഇതിന് പിന്നില്‍ ചിലരുടെ സ്ഥാപിത താല്‍പര്യങ്ങള്‍ സംശയിക്കുകയാണ്. രാജ്യം നേരിടുന്ന വിവിധങ്ങളായ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ബി ജെ പിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ നടത്തുന്ന പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസിന്റെയും, ഇന്ത്യാസഖ്യത്തിന്റെ പ്രധാനമുഖങ്ങളിലൊന്നാണ് പ്രിയങ്കാഗാന്ധി. ലോക്‌സഭാ പ്രതിപക്ഷ നേതാവ രാഹുല്‍ഗാന്ധി നയിച്ച വോട്ട് അധികാര്‍ യാത്ര പോലുള്ള സുപ്രധാനവിഷയങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കേന്ദ്രനേതാക്കള്‍ പിന്തുണയുമായി എത്തുമ്പോഴും സംസ്ഥാനത്തെ സി പി എം മൗനത്തിലാണെന്നും അവര്‍ പ്രിയങ്കാഗാന്ധിയെ കുറ്റപ്പെടുത്താനാണ് സമയം കണ്ടെത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *