കാപ്പി കര്‍ഷകര്‍ക്കുള്ള സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ നാളെ
കല്‍പ്പറ്റ: യുറോപ്യന്‍ യൂണിയന്റെ പുതിയ പുതിയ നിബന്ധനകള്‍ വയനാട്ടിലെ കര്‍ഷകരെ സാരമായി ബാധിക്കാതിരിക്കാന്‍ കോഫി ബോര്‍ഡ് നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യാ കോഫി ആപ്പില്‍ കര്‍ഷകര്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കി.കര്‍ഷകര്‍ക്ക് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കുന്നതിനായി പ്രത്യേക ക്യാമ്പയിന്‍ തുടങ്ങി. എടവക , തൊണ്ടര്‍നാട്,പടിഞാറത്തറ,വെള്ളമുണ്ട പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്കായി പ്രത്യേക സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ വെള്ളമുണ്ട എട്ടേനാലിലെ സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കും.
ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ മാത്രമാണ് കോഫി ബോര്‍ഡിന്റെ നേതൃത്വത്തില്‍ പ്രത്യേക കര്‍ഷക രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ നടത്തുക. ഇതില്‍ വാഴവറ്റയിലും പനമരത്തും കര്‍ഷക സെമിനാറും നടത്തിക്കഴിഞ്ഞു. വെള്ളമുണ്ട കൂടാതെ ഇനി ഒരിടത്ത് കൂടി മാത്രമേ പ്രത്യേക ക്യാമ്പയില്‍ നടക്കാന്‍ സാധ്യതയുള്ളൂ. ബോര്‍ഡിന്റെ ക്യാമ്പയിന്‍ അവസാനിച്ചു കഴിഞ്ഞാല്‍ കര്‍ഷകര്‍ സ്വമേധയാ ഇന്ത്യാ കോഫി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും.
ആധാറുമായി ബന്ധിപ്പിച്ച നമ്പര്‍ ഉള്ള മൊബൈല്‍ ഫോണ്‍ ,ആധാര്‍ കാര്‍ഡ് ,കൈവശ അവകാശ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ നികുതി ചീട്ട്, ബാങ്ക് പാസ് ബുക്ക് എന്നിവയുമായി കര്‍ഷകര്‍ എത്തണം. വനനശീകരണം നടത്തിയല്ല തോട്ടങ്ങളില്‍ കൃഷി ചെയ്തിട്ടുള്ളത് എന്ന സത്യവാങ്മൂലം നല്‍കിയിട്ടില്ലെങ്കില്‍ 2026 ജനുവരി ഒന്നു മുതല്‍ യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയില്‍ നിന്ന് കാപ്പി കയറ്റുമതി ചെയ്യുന്നത് നിയന്ത്രിച്ചേക്കും. കര്‍ണാടകയിലെ കൂര്‍ഗ്,കേരളത്തിലെ ഇടുക്കി ,വയനാട് ജില്ലകളെയാണ് യൂറോപ്യന്‍ യൂണിയന്റെ നിബന്ധനകള്‍ സാരമായി ബാധിക്കുന്നത്.
ഇന്ത്യ കോഫി ആപ്പില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ഇനിമുതല്‍ കോഫി ബോര്‍ഡിന്റെ സബ്‌സിഡികളും പദ്ധതികളും ആനുകൂല്യങ്ങള്‍ക്കും ഈ രജിസ്‌ട്രേഷന്‍ ഉപയോഗിക്കാം എന്നതാണ് പ്രത്യേകത. കര്‍ഷകര്‍ക്കുള്ള അറിയിപ്പുകളും ഇനി മുതല്‍ ഇന്ത്യ കോഫി ആപ്പു മുഖേനയായിരിക്കും. അതിനാല്‍ ഈ സൗകര്യം കര്‍ഷകര്‍ പരമാവധി പ്രയോജന പ്പെടുത്തണമെന്ന് കോഫി ബോര്‍ഡ് ജോയിന്റെ ഡയക്ടര്‍ ഡോ. എം. കറുത്തമണി അഭ്യര്‍ത്ഥിച്ചു. കേരള എഫ്.പി.ഒ. കണ്‍സോര്‍ഷ്യം, കാര്‍ഷികോല്‍പ്പാദക കമ്പനികളായ വേ ഫാം, ടി ഫാം, കാര്‍ഷിക മേഖലയിലെ ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനിയായ യാരാ , വിവിധ വായന ശാലകള്‍, ക്ലബ്ബുകള്‍, വിവിധ കര്‍ഷക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുളത് .





Leave a Reply