ഗുരുരത്ന അവാര്‍ഡ് പി.എസ് ഗിരീഷ്‌കുമാറിന്
എടപ്പെട്ടി: ജനാധിപത്യ കലാസാഹിത്യ വേദിയുടെ ഗുരുരത്ന അവാര്‍ഡ് 2025ന് എടപ്പെട്ടി ഗവ.എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി എസ് ഗിരീഷ്‌കുമാറിനെ തെരഞ്ഞെടുത്തു. അധ്യാപന രംഗത്തെ പ്രവര്‍ത്തന മികവിനൊപ്പം മറ്റ് വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് സംസ്ഥാന ചെയര്‍മാന്‍ കുന്നത്തൂര്‍ ജെ പ്രകാശ്, സെക്രട്ടറി സഹദേവന്‍ കോട്ടവിള എന്നിവര്‍ അറിയിച്ചു.2025 ഒക്ടോബര്‍ 11 ന് തൃശൂര്‍ സാഹിത്യ അക്കാദമി ചങ്ങമ്പുഴ മന്ദിരത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. എടപ്പെട്ടി ഗവ. എല്‍ പി സ്‌കൂളില്‍ പാഠ്യപാഠ്യാനുബന്ധ മേഖലകളില്‍ നടത്തിക്കൊണ്ടിരിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും അതിലൂടെ സ്‌കൂളും പൊതുസമൂഹവും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കുവാനും സ്‌കൂളില്‍ പുതുതായി അറബിക് അധ്യാപക തസ്തിക സൃഷ്ടിക്കുവാനും മേല്‍ പ്രവര്‍ത്തനങ്ങള്‍ സഹായകമായിട്ടുണ്ട്.
പി ടി എ,എസ് എം സി എന്നിവയുടെ പിന്തുണയോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും വികസന ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി വിദ്യാലയത്തില്‍ ഭൗതിക സൗകര്യങ്ങളുള്‍പ്പടെയുള്ള കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നുണ്ട്.ഉപജില്ലാമേളകളിലും മല്‍സരപരീക്ഷകളിലും സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ നേതൃത്വം നല്‍കി വരുന്നുണ്ട്. എടപ്പെട്ടി സ്‌കൂളിനെ മുന്‍നിരയില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും പ്രദേശവാസികളോടും അധ്യാപക രക്ഷാകര്‍തൃ സമിതിയോടും ഒപ്പം നിന്ന് പ്രവര്‍ത്തിച്ചുവരുന്നു.





Leave a Reply