May 4, 2026

രണ്ടാമത് ഗുരുജ്യോതി പുരസ്‌കാരം ബീനാച്ചി സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ടി.ജി.സജിക്ക്

0
site-psd-80
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി:സംസ്ഥാനത്തെ മികച്ച അധ്യാപകര്‍ക്ക് നല്‍കിവരുന്ന രണ്ടാമത് ഗുരുജ്യോതി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.വയനാട് ബീനാച്ചി ഗവ.ഹൈസ്‌കൂള്‍ പ്രഥമാധ്യാപകന്‍ ടി.ജി.സജി ഹൈസ്‌കൂള്‍ വിഭാഗം അവാര്‍ഡിനര്‍ഹനായി.കഴിഞ്ഞ 25 വര്‍ഷങ്ങളിലെ അദ്ധ്യാപന രംഗത്ത് നല്‍കിയ സേവനങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ്.പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറിന്റെ സ്മരണാര്‍ത്ഥം പ്രവര്‍ത്തിച്ചുവരുന്ന സുഗതവനം ചാരിറ്റബിള്‍ ട്രസ്റ്റ്, വിദ്യാഭ്യാസ ഓണ്‍ലൈന്‍ ചാനലായ പള്ളിക്കുടം ടിവിയുടെ സഹകരണത്തോടെ ലോക അധ്യാപക ദിനത്തോടനുബന്ധിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

വെള്ളാര്‍മല ഗവ.ഹൈസ്‌കൂളില്‍ ജീവശാസ്ത്രം അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചതിന് ശേഷം കല്ലൂര്‍ ഹൈസ്‌കൂള്‍, അമ്പലവയല്‍ ഹൈസ്‌കൂള്‍, കാക്കവയല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ അദ്ധ്യാപന ജോലിക്ക് ശേഷം മീനങ്ങാടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ബോട്ടണി അദ്ധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ചു. മീനങ്ങാടി ഹയര്‍ സെക്കന്ററി സ്‌കൂളിനെ ഉന്നത നിലവാരത്തിലേക്ക് എത്തിക്കുന്നതിനും അന്താരാഷ്ട്ര വിദ്യാലയ പദവിയിലേക്ക് ഉയര്‍ത്തുന്നതിനും നിര്‍ണായക പങ്ക് വഹിച്ച അദ്ധ്യാപകനാണ് സജി സാര്‍.
അഞ്ച് തവണ വിദ്യാര്‍ത്ഥികളെ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ എത്തിച്ചത് അദ്ദേഹത്തിന്റെ ശാസ്ത്ര മേഖലയിലുള്ള താല്‍പര്യത്തിന്റെ ഉത്തമോദാഹരണമാണ്. 6 വര്‍ഷം വയനാട് ജില്ലാ സയന്‍സ് ക്ലബ്ബ് സെക്രട്ടറിയായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു.
202l ല്‍ സ്ഥാനക്കയറ്റം നേടി പ്രഥമാധ്യാപകനായി ചേലക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശിച്ചു.
2022 മുതല്‍ ബീനാച്ചി സ്‌കൂളിലെ പ്രഥമാധ്യാപകനായി സേവനം ചെയ്തു വരുന്നു.
2013 ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ട ബീനാച്ചി സ്‌കൂളിനെ ജില്ലയിലെ ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയമാക്കി ഉയര്‍ത്തുന്നതില്‍ സജി സാര്‍ നിര്‍ണായക പങ്ക് വഹിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 100 % വര്‍ദ്ധനയാണുണ്ടായിട്ടുള്ളത്.
പ്രീ പ്രൈമറി മുതല്‍ 10 വരെ 1250 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയത്തിലെ ഭൗദീക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നിര്‍ണ്ണായകച്ചവടുവയ്പുകള്‍ നടത്തിയത് എടുത്ത് പറയേണ്ടതാണ്. പ്ലാന്‍ ഫണ്ട് നബാര്‍ഡ്, എന്നിവ യിലൂടെ 4 കോടിയുടെ കെട്ടിടങ്ങളും, MLA ഫണ്ടുപയോഗിച്ച് 30 ലക്ഷം രൂപയുടെ സ്മാര്‍ട്ട് സ്റ്റാഫ് റൂമും, മുനിസിപ്പാലിറ്റി ഫണ്ട് ഉപയോഗിച്ച് അടുക്കള നവീകരണവും SSK യുടെ 2 അഡീഷണല്‍ ക്ലാസ് റൂമുകളും STARS പദ്ധതിയന്‍ കീഴില്‍ വര്‍ണക്കൂടാരവും നിലവില്‍ കിഫ് ബി ഫണ്ടില്‍ നിന്ന് 1.4 കോടിയുടെ ക്ലാസ് റൂമുകളുമുള്‍പ്പടെ വലിയ മുന്നേറ്റമാണ് ബീനാച്ചി സ്‌കൂളില്‍ ഭൗദീക സൗകര്യ മേഖലയില്‍ ലഭ്യമായത്.
അക്കാദമിക മേഖലയില്‍ തുടര്‍ച്ചയായി എസ് എസ് എല്‍ സി പരീക്ഷയില്‍ 100% വിജയവും ഫുള്‍ എ പ്ലസ് കളുടെ വര്‍ദ്ധനവും കൂടാതെ വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകളായ എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം എസ് ഓരോ വര്‍ഷവും ക്രമാതീതമായ വളര്‍ച്ച നേടി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രഥമ സ്ഥാനത്ത് എത്തിക്കാന്‍ കഴിഞ്ഞു. പഠന പിന്നാക്കമുള്ള കുട്ടികള്‍ക്കും പ്രതിഭകളായ കുട്ടികള്‍ക്കും പ്രത്യേകം പരിശീലനങ്ങള്‍ ഉറപ്പുവരുത്തുന്ന സ്‌കൂളിന്റെ തനത് പ്രവര്‍ത്തനമായ സ്പീഡ് പ്രോഗ്രാം, അവധിക്കാലത്ത് നടത്തിയ സമഗ്രം 2K25 ( 4 മുതല്‍ 9 വരെ ക്ലാസുകളിലെ സമഗ്ര ഗുണമേന്‍മ വിദ്യാഭ്യാസ പദ്ധതി )എന്നിവ പാഠ്യ മേഖലയിലെ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്.
പാഠ്യാനുബന്ധ മേഖലകളിലെ വിവിധ മേളകളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രമേളകളില്‍ ദേശീയ തലത്തില്‍ വരെ ബീനാച്ചി സ്‌കൂളിലെ പ്രതിഭകള്‍ മാറ്റുരക്കുകയുണ്ടായി. ലേണ്‍ & ഏണ്‍ പദ്ധതിയുടെ ഭാഗമായി കുട, ബാഗ്, പതാക നിര്‍മ്മാണ യൂണിറ്റ് സൂചിമുഖി ക്ലബ്ബ്, വിഷരഹിത പച്ചക്കറി കൃഷി, വ്യത്യസ്ത ഇനം വാഴകള്‍ ഉള്ള കദളിവനം വാഴത്തോട്ടം, ക്യാമ്പസ് സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ഒരുക്കിയ ചെണ്ടുമല്ലി സൂര്യകാന്തി പൂപ്പാടം, കപ്പ കൃഷി, പാഡീ ആര്‍ട്ട് നെല്‍കൃഷി കതിരണിപ്പാടം സീസണ്‍- 2, നിര്‍ന്ധന വിദ്യാര്‍ത്ഥികള്‍ക്ക് വീട് നിര്‍മ്മാണം, പാവപ്പെട്ട കുട്ടികളെ സഹായിക്കുന്ന സ്‌നേഹപൂര്‍വ്വം പദ്ധതി, ഗോത്ര വിദ്യാര്‍ത്ഥികളുടെ പഠന പുരോഗതിയെ സഹായിക്കുന്ന കോളനികളിലെ പഠന വീട് , ഗോത്ര വിഭാഗം കുട്ടികള്‍ക്ക് വേണ്ടി മാത്രമായ പഠന വിനോദയാത്ര, പ്രളയ ദുരിതാശ്വാസ സഹായങ്ങള്‍, മുണ്ടക്കൈചൂരല്‍മല ദുരന്തബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടത്തിയ പൂപ്പാടം സെല്‍ഫി കോര്‍ണര്‍ റിലീഫ് ഫണ്ട് ചലഞ്ച്, സാമൂഹ്യ വനവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി നടത്തിയ വനവല്‍ക്കരണം, നാടന്‍ മാവിന്‍ തോട്ട പദ്ധതി, വേസ്റ്റ് മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ലീന്‍ ക്യാമ്പസ് ഗ്രീന്‍ ക്യാമ്പസ് പ്രോജക്ട്, ഹാപ്പി കോര്‍ണേഴ്‌സ്, ജെ ആര്‍ സി ക്ലബ്ബിന്റെ വയോജന ക്ഷേമ പദ്ധതി അങ്ങനെ നീളുന്നു ഈ പട്ടിക.
പാഠ്യ-പാഠ്യനുബന്ധ മേഖലകളിലെ മികവുകള്‍ കണക്കിലെടുത്ത് 2023 ല്‍ വിദ്യാഭ്യാസ വകുപ്പ് സ്‌ക്കൂളിനെ ജില്ലയിലെ ഒരേയൊരു മോഡല്‍ സ്‌കൂളായി തെരഞ്ഞെടുത്തു. ഇതിന്റെ ഭാഗമായി നടത്തപ്പെട്ട വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളും മികവുല്‍സവവും എക്‌സിബിഷനും സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തേണ്ട സ്‌കൂളിന്റെ ചരിത്രമാണ്.
2022- വര്‍ഷത്തെ സംസ്ഥാനത്തെ രണ്ടാമത്തെ ബെസ്റ്റ് PTAപുരസ്‌കാരവും ലിറ്റില്‍ കൈറ്റ്‌സ് ജീല്ലാതല ഒന്നാം സ്ഥാനവും മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്‌കാരവും വിദ്യാലയത്തിന് ലഭിച്ച അംഗീകാരങ്ങളില്‍ ചിലത് മാത്രം.
2025 ല്‍ ഡോ.എ. പി.ജെ.അബ്ദുള്‍ കലാം സ്റ്റഡി സെന്റര്‍ സംസ്ഥാനത്തെ മികച്ച വിദ്യാലയമായി ജി.എച്ച്.എസ്. ബീനാച്ചിയെ തെരഞ്ഞെടുത്തത് അര്‍ഹതയ്ക്കുള്ള അംഗീകാരമായി.
2026 മാര്‍ച്ചില്‍ സര്‍വ്വീസില്‍ നിന്നും പിരിയുമ്പോള്‍ വിദ്യാലയത്തിനും ഒപ്പം വ്യക്തിപരമായും ലഭിച്ച അംഗീകാരത്തില്‍ വളരെയേറെ സന്തുഷ്ടനാണ് സജി സാര്‍.
നെല്ലാറച്ചാല്‍ ഗവ.ഹൈസ്‌കൂള്‍ പ്രഥമാധ്യാപിക ഷീജ മാത്യുവാണ് ഭാര്യ. വിദ്യാര്‍ത്ഥികളായഡോണ്‍ ബേസില്‍ സാജ്, ഡാന്‍ മാത്യൂ സാജ് എന്നിവര്‍ മക്കളാണ്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *