കൊഴിഞ്ഞുപോക്ക് തടയാന്‍ ഊര്‍ജിതശ്രമങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്;ഹാജര്‍ പരിശോധന ഇനി സമ്പൂര്‍ണ വഴി
ജില്ലയിലെ സ്‌കൂളുകളില്‍ നിന്ന് പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ഹാജര്‍ നിരീക്ഷണ സംവിധാനം കൂടുതല്‍ ഫലപ്രദമാക്കി വിദ്യാഭ്യാസ വകുപ്പ്. സമ്പൂര്‍ണ പ്ലസ് പോര്‍ട്ടല്‍ വഴി എല്ലാ ദിവസവും രാവിലെ തന്നെ കുട്ടികളുടെ ഹാജര്‍ സ്‌കൂളുകളില്‍ നിന്ന് ശേഖരിക്കാനും അത് പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനുമാണ് പദ്ധതി. ഓരോ കുട്ടിയുടെയും ഹാജര്‍ രേഖപ്പെടുത്താന്‍ സമ്പൂര്‍ണ പ്ലസ് പോര്‍ട്ടലില്‍ സംവിധാനമുണ്ടായിരുന്നെങ്കിലും പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ കണക്ക് പ്രത്യേകമായി ശേഖരിക്കാനുള്ള സൗകര്യം കഴിഞ്ഞ ദിവസം മുതല്‍ സമ്പൂര്‍ണയില്‍ നിലവില്‍ വന്നു.
ജില്ലയിലെ ആകെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ 20 ശതമാനമാണ് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ളവരാണ്. എന്നാല്‍ പഠനം പാതിവഴിയില്‍ നിര്‍ത്തി കൊഴിഞ്ഞുപോകുന്നവരില്‍ നാലില്‍ മൂന്ന് പേരും പട്ടികവര്‍ഗക്കാരാണെന്ന കണക്ക് അടിസ്ഥാനമാക്കിയാണ് പട്ടികവര്‍ഗ വിഭാഗത്തിന് പ്രഥമ പരിഗണന നല്‍കി കര്‍മ്മപദ്ധതി തയ്യാറാക്കിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ കഴിഞ്ഞമാസം കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലും കുട്ടികളെ സ്‌കൂളിലെത്തിക്കാനുള്ള വിശദമായ പദ്ധതികളും പ്രവര്‍ത്തന പുരോഗതിയും വിലയിരുത്തിയിരുന്നു. ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സമ്പൂര്‍ണയിലെ വിവര ശേഖരണ രീതി പൊതുവിദ്യാഭ്യാസ വകുപ്പ് പരിഷ്‌കരിച്ചത്
രാവിലെ സ്‌കൂളുകളില്‍ അധ്യാപകര്‍ കുട്ടികളുടെ ഹാജര്‍ രേഖപ്പെടുത്തുന്ന സമയത്ത് തന്നെ സമ്പൂര്‍ണ പോര്‍ട്ടലിലും ഹാജര്‍ രേഖപ്പെടുത്തും. പട്ടികവര്‍ഗത്തില്‍പ്പെട്ട കുട്ടികളുടെ കണക്ക് പ്രത്യേകമായും പോര്‍ട്ടലില്‍ നിന്ന് ലഭിക്കും. ഇതോടെ ഏതൊക്കെ കുട്ടികളാണ് സ്‌കൂളിലെത്താത്തതെന്ന വിവരം ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ മുതല്‍ മുകളിലേക്കുള്ള എല്ലാ തലങ്ങളിലും അപ്പോള്‍ തന്നെ ലഭ്യമാവും. സ്ഥിരമായി സ്‌കൂളിലെത്താത്ത കുട്ടികളുടെ വിവരങ്ങള്‍ പഞ്ചായത്തുകള്‍ക്കും പട്ടികവര്‍ഗ വികസന വകുപ്പിനും ഉള്‍പ്പെടെ ഉടനെ കൈമാറാനും കുട്ടികളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി പഠനം മുടങ്ങുന്നതിന്റെ കാരണം മനസിലാക്കാനും സാധിക്കും.
ഹാജര്‍ രേഖപ്പെടുത്താനും നിരീക്ഷിക്കാനും സുതാര്യവും കാര്യക്ഷമവുമായ സംവിധാനം വരുന്നതോടെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാവുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.വി മന്‍മോഹന്‍ എന്നിവര്‍ പറഞ്ഞു. വ്യക്തമായ കാരണമില്ലാതെ സ്‌കൂളിലെത്താത്ത വിദ്യാര്‍ത്ഥികളുടെ കണക്കുകള്‍ സ്‌കൂളുകളില്‍ രേഖപ്പെടുത്തി പ്രത്യേക ഡ്രോപ്പ് ഔട്ട് രജിസ്റ്റര്‍ സൂക്ഷിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ ഹാജര്‍ ഉറപ്പാക്കാന്‍ നോഡല്‍ അധ്യാപകരുടെ നിയമനം, മൂന്ന് ദിവസത്തില്‍ കൂടുതല്‍ സ്‌കൂളുകളിലെത്താത്തവരുടെ വീടുകളില്‍ അധ്യാപകര്‍, പിടിഎ പ്രതിനിധികള്‍, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ എന്നിവരുടെ സംയുക്ത സന്ദര്‍ശനം എന്നിവ നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നു.





Leave a Reply