ആദി കര്‍മ്മയോഗി അഭിയാന്‍: ജില്ലാ പ്രോസസ് ലാബ് ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ:കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം ഭാരത് റൂറല്‍ ലൈവിലിഹുഡ് ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന ആദി കര്‍മ്മയോഗി അഭിയാന്‍ ജില്ലാ പ്രോസസ് ലാബ് പട്ടികജാതി – പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ തേളു ഉദ്ഘാടനം ചെയ്തു. പട്ടികവര്‍ഗ്ഗ മേഖലയില്‍ നല്‍കുന്ന സേവനങ്ങളുടെ പൂര്‍ണ്ണത ഉറപ്പാക്കലും വികേന്ദ്രീകൃതവും സാംസ്‌കാരിക അധിഷ്ഠിതവുമായ കേഡറിലൂടെ ഗോത്ര സമൂഹങ്ങളെ ശാക്തീകരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ആദി കര്‍മ്മയോഗി അഭിയാന്റെ ഭാഗമായി ജില്ലയിലെ നാല് ബ്ലോക്കുകളിലെ 45 ഗ്രാമങ്ങളില്‍ ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കും.
ഗോത്ര ജനതയുടെ ആരോഗ്യം വിദ്യാഭ്യാസം ഉപജീവനം ജലലഭ്യത തുടങ്ങിയ അടിസ്ഥാന പശ്ചാത്തല മേഖലകളിലെ വികസനമാണ് ലക്ഷ്യമാക്കുന്നത്.ആദി കര്‍മ്മയോഗി അഭിയാനിലൂടെ ജനകീയ പങ്കാളിത്തം ഉറപ്പാക്കി താഴേത്തട്ടിലെ ഭരണവും സേവന വിതരണവും മെച്ചപ്പെടുത്താന്‍ സഹായിക്കും. പദ്ധതി സുതാര്യവും ഉത്തരവാദിത്തബോധമുള്ളതുമായ ഭരണം പ്രോത്സാഹിപ്പിക്കാന്‍ സഹായകമാവും. പങ്കാളിത്തപരമായ ആസൂത്രണം, താഴെത്തട്ടിലെ കാഴ്ചപ്പാടുകള്‍ സാധ്യമാക്കല്‍, പരാതി പരിഹാരം, ഫീഡ്ബാക്ക് സംവിധാനം, വകുപ്പുതല സംയോജനം എന്നിവ പദ്ധതിയിലൂടെ ഉറപ്പാക്കും.
സംസ്ഥാനതല മുതല്‍ ഗ്രാമതലം വരെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ആദി കര്‍മ്മയോഗി ഘടനയും ഗ്രാമത്തില്‍ യുവ നേതാക്കള്‍, അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ ആദി സഹയോഗികളായും ഗ്രാമത്തിലെ താമസക്കാരല്ലാത്ത സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങള്‍, ഗോത്ര നേതാക്കള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ആദി സാഥികളായുമാണ് പ്രവര്‍ത്തിക്കുക.
പദ്ധതിയിലൂടെ ഗോത്ര യുവജന നേതാക്കള്‍ അടങ്ങുന്ന 20 ലക്ഷം വ്യക്തികളെ ശാക്തീകരിക്കും. കല്‍പ്പറ്റയില്‍ ഹോട്ടല്‍ ഹരിതഗിരിയില്‍ നടന്ന പരിശീലന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അധ്യക്ഷയായി. ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസര്‍ ജി. പ്രമോദ്, പട്ടികവര്‍ഗ വികസന വകുപ്പ് ട്രെയിനിങ് ഓഫീസര്‍ വാണിദേവി, മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എം.മജീദ്, പൂക്കോട് ഇ.എം.ആര്‍.എസ് സീനിയര്‍ സൂപ്രണ്ട് ജംഷീദ് ചെമ്പന്‍ തൊടിക, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply