May 3, 2026

വികസന മുന്നേറ്റങ്ങളും നേട്ടങ്ങളും അവതരിപ്പിച്ച് തിരുനെല്ലി ഗ്രാമപഞ്ചായത്ത് വികസന സദസ്

0
site-psd-384
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി :വികസന മുന്നേറ്റങ്ങളും നേട്ടങ്ങളും അവതരിപ്പിച്ച് തിരുനെല്ലി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. കാട്ടിക്കുളം പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്ത് 42.41 കോടിയുടെ പ്രവര്‍ത്തികളാണ് കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് നടപ്പാക്കിയതെന്ന് വികസന സദസില്‍ വിശദീകരിച്ചു. 118 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തരാക്കി.

തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനത്തില്‍ ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡും തിരുനെല്ലി കരസ്ഥമാക്കിയിട്ടുണ്ട്. പഞ്ചായത്തിലെ ബഡ്‌സ് പാരഡൈസ് സ്‌കൂളിന് സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ ഉജ്വല ബാല്യ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ജില്ലാ-സംസ്ഥാന അംഗീകാരങ്ങള്‍ ലഭിച്ചു. പാലിയേറ്റീവ് കെയര്‍, മാലിന്യ മുക്തം പശ്ചാത്തല മേഖല എന്നീ മേഖലകളിലും മികച്ച മുന്നേറ്റമാണ് പഞ്ചായത്ത് കാഴ്ച വെക്കുന്നത്. എല്ലാ വര്‍ഷവും ഗോത്രഫെസ്റ്റും വിത്തുത്സവവും വിപുലമായി സംഘടിപ്പിക്കുന്നുമുണ്ട്.

വികസന പദ്ധതികള്‍ക്കുള്ള അംഗീകാരത്തിനൊപ്പം ഭാവിയിലേക്കുള്ള നിരവധി നിര്‍ദേശങ്ങളും വികസന സദസിലെ ഓപ്പണ്‍ ഫോറത്തില്‍ ഉയര്‍ന്നുവന്നു. വന്യമൃഗ പ്രതിരോധത്തിനായി ഫെന്‍സിങ് സൗകര്യം മെച്ചപ്പെടുത്തുക, ഷെല്‍ട്ടര്‍ ഹോം സ്ഥാപിക്കുക തുടങ്ങി പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഓപ്പണ്‍ ഫോറം ചര്‍ച്ച ചെയ്തു. ക്ഷീരസംഘങ്ങളുടെ സഹകരണത്തോടെ മൂല്യവര്‍ദ്ധിത പാലുത്പന്നങ്ങള്‍ ബ്രാന്റ് ചെയ്യുക, വനവിഭവങ്ങളുടെ സംസ്‌കരണത്തിന് ഫാക്ടറി ആരംഭിക്കുക, ചെറുകിട ജലസേചന പദ്ധതികള്‍ ആരംഭിക്കുക, തോട്ടവിള കൃഷിക്ക് കര്‍ഷകര്‍ക്ക് സബ്സിഡി സഹായം, വാട്ടര്‍ഷെഡ്ഡ് മാനേജ്‌മെന്റ് തുടങ്ങിയ നിര്‍ദേശങ്ങളും ചര്‍ച്ചയായി. അഭ്യസ്തവിദ്യരായ ഗോത്രവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികളുടെ തൊഴിലില്ലായ്മ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവം എന്നിവും പ്രതിനിധികള്‍ ഉന്നയിച്ചു. മൃഗസംരക്ഷണമേഖലയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണം, വയോജനങ്ങള്‍ക്ക് പകല്‍വീട്ടിലേക്ക് വാഹനസൗകര്യം ഏര്‍പ്പെടുത്തണം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സംവിധാനം ഒരുക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളും ഉയര്‍ന്നു.

തിരുനെല്ലി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം എ.എന്‍ സുശീല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വല്‍സല കുമാരി, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പി.എന്‍ ഹരീന്ദ്രന്‍, റുഖിയ സൈനുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വിമല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.സിജിത്ത്, ബേബി മാസ്റ്റര്‍, പ്രഭാകരന്‍, വസന്തകുമാരി, തിരുനെല്ലി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് സി.കെ ശങ്കരന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി ഹരികുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി. സൗമിനി, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *