May 4, 2026

വികസന നേട്ടങ്ങളും ഭാവി പദ്ധതികളും അവതരിപ്പിച്ച് പൂതാടി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

0
site-psd-496
By ന്യൂസ് വയനാട് ബ്യൂറോ

വികസന നേട്ടങ്ങളും ഭാവിയിലേത്തുള്ള ആശയങ്ങളും പങ്കുവെച്ച് പൂതാടി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. പൂതാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് മിനി പ്രകാശന്‍ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു. അടിസ്ഥാന- പശ്ചാത്തല സൗകര്യ വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഡ്രൈനേജുകള്‍, സോളാര്‍ ലൈറ്റ്, സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയവയ്ക്കായി 11.21 കോടി രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചത്. ലൈഫ് ഭവന പദ്ധതിയില്‍ 1204 വീടുകള്‍ നിര്‍മിച്ചുനല്‍കുന്നു.

248 വീടുകള്‍ പൂര്‍ത്തിയാക്കി. 333 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതിനുപുറമെ ഭൂരഹിതരായ 262 പേര്‍ക്ക് വീടും സ്ഥലവും പഞ്ചായത്ത് ഉറപ്പാക്കി. ഡിജി കേരളം പദ്ധതിയിലൂടെ പഞ്ചായത്ത് പരിധിയില്‍ 5170 പേരെ ഡിജിറ്റല്‍ സാക്ഷരരാക്കി.കെ സ്മാര്‍ട്ട് മുഖേന 5671 അപേക്ഷകള്‍ ലഭിക്കുകയും 3591 അപേക്ഷകള്‍ തീര്‍പ്പാക്കുകയും ചെയ്തു. വനിതകളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ച ലക്ഷ്യമിട്ട് ഷീ ഫിറ്റനസ് സെന്റര്‍ ആരംഭിച്ചതും ജൈവ വൈവിധ്യ കമ്മിറ്റിയുടെ നേതൃത്വത്തില്‍പീപ്പിള്‍സ് ബയോ ഡൈവേഴ്സിറ്റി രജിസ്റ്റര്‍ തയ്യാറാക്കിയതും കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി പ്രകാരം ഗ്രോബാഗുകള്‍ക്ക് പകരമായി എച്ച്.ഡി.ഇ.പി ചട്ടികള്‍ നല്‍കിയതും ഗ്രാമ പഞ്ചായത്തിന്റെ നൂതന ആശയയങ്ങളാണ്.

കേണിച്ചിറ മെയിന്‍ ഹെല്‍ത്ത് സെന്റര്‍ നിര്‍മ്മാണം പുരോഗമിക്കുന്നു. ടി.ബി മുക്ത പഞ്ചായത്തിനുള്ള അവാര്‍ഡും കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി പൂതാടിക്ക് ലഭിച്ചു. ഹോമിയോ ഡിസ്പന്‍സറിക്ക് കഴിഞ്ഞ വര്‍ഷത്തെ കായകല്‍പ്പ പുരസ്‌കാരവും ലഭിച്ചു.

വന്യജീവി ശല്യം നേരിടുന്ന പ്രദേശങ്ങളില്‍ അഗ്രി പ്രൊട്ടക്ട് എന്ന പേരില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിക്ക് പദ്ധതി തയ്യാറാക്കി. എല്ലാ വാര്‍ഡുകളിലും തെരുവ് വിളക്കുകള്‍ക്കായി പ്രത്യേക വൈദ്യുതി ലൈന്‍ വലിച്ചുകഴിഞ്ഞു. തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുവരികയാണ്. കേണിച്ചിറ ടൗണില്‍ ടേക്ക് എ ബ്രേക്ക് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാവുന്നു. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ആധുനിക സാകര്യങ്ങളോടുകൂടിയ ബഡ്സ് സ്‌കൂള്‍ നിര്‍മ്മിക്കാന്‍ അനുമതി ലഭ്യമായതടക്കം നിരവധി നേട്ടങ്ങളാണ് ഈ ഭരണസമിതിയുടെ കാലത്ത് കൈവരിക്കാനായത്.

നിലവിലെ മുഴുവന്‍ റോഡ് പ്രവര്‍ത്തികളും അതിവേഗം പൂര്‍ത്തിയാക്കണമെന്നും ഫണ്ടുകള്‍ കൃത്യമായി ചെലവഴിക്കണമെന്നും ഓപ്പണ്‍ ഫോറം ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ ഓഡിറ്റോറിയം നിര്‍മ്മിക്കണം. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോമ്പസ്റ്റ കാപ്പി ചെടികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ ഉത്പാദിപ്പിക്കുകമെന്ന അഭിപ്രായവും വികസന സദസ്സില്‍ ഉയര്‍ന്നു. പൊതുശ്മശാനം നിര്‍മിക്കുക, സംരഭങ്ങള്‍ തുടങ്ങാന്‍ പദ്ധതിയുണ്ടാക്കുക, ഷോപ്പിങ് കോപ്ലക്‌സ് പുനഃനിര്‍മിക്കുക, കാര്‍ഷിക- വന മേഖലകളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക ,കുടുംബശ്രീ ഓഫീസ് സംവിധാനം നവീകരിച്ച് ഐ.എസ്.ഒ അംഗീകാരം നേടിയെടുക്കുക തുടങ്ങിയ അഭിപ്രായങ്ങളും ഓപ്പണ്‍ ഫോറത്തില്‍ ഉയര്‍ന്നുവന്നു.

പൂതാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ സണ്ണി അധ്യക്ഷനായ പരിപാടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.കെ വിമല്‍ രാജ്, പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ ബാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി സുരേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രുഗ്മിണി സുബ്രഹ്‌മണ്യന്‍, മേഴ്‌സി സാബു, റിയാസ്, ടി. കെ സുധീരന്‍, എം.പി രാജന്‍, ഷൈലജ അക്ഷയ കുമാര്‍, ഷിജി ഷിബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.ഡി തോമസ്, അസിസ്റ്റന്റ് സെക്രട്ടറി ഷിബു, പ്ലാനിങ് ക്ലാര്‍ക്ക് എം.വി നന്ദകുമാര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *