ജില്ല അതിദാരിദ്ര്യ മുക്തം; പ്രഖ്യാപനം നടത്തി മന്ത്രി ഒ.ആര്‍ കേളു
മാനന്തവാടി:വയനാട് ജില്ലയെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. മാനന്തവാടി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന്റെ വിഷന്‍ 2031 സംസ്ഥാനതല സെമിനാര്‍ വേദിയിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. അഞ്ചു വര്‍ഷത്തിനകം സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കുകയെന്ന സര്‍ക്കാറിന്റെ സുപ്രധാന ലക്ഷ്യമാണ് ജില്ല കൈവരിച്ചത്. ജില്ലയിലെ 2931 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തമാക്കി ആവശ്യമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കിയെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യു, ആരോഗ്യം, വനിതാ ശിശു വികസനം, പട്ടികവര്‍ഗ്ഗം, പ്ലാനിങ്, വനം, കുടുംബശ്രീ, ലൈഫ് മിഷന്‍ എന്നീ വകുപ്പുകളുടെ കൂട്ടായനേതൃത്വത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്നും മന്ത്രി കൂട്ടിചേര്‍ത്തു. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് ജില്ലയിലെ 26 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിപുലമായ സര്‍വ്വെ നടത്തി 2931 അതിദരിദ്ര കുടുംബങ്ങളെയാണ് കണ്ടെത്തിയത്.ഈ കുടുംബങ്ങളിലെ 4533 വ്യക്തികള്‍ അതിദാരിദ്ര്യത്തിലാണെന്ന് തിരിച്ചറിഞ്ഞ് ഇവരെ അതിദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കാന്‍ 2454 മൈക്രോപ്ലാനുകള്‍ തയ്യാറാക്കുകയും തയ്യാറാക്കിയ ഇവയുടെ സമയബന്ധിതമായ നടപ്പാക്കലിലൂടെ പദ്ധതിവിജയം കാണുകയുമായിരുന്നു. അര്‍ഹരായവര്‍ക്ക് ആവശ്യമായ നിയമപരവും ഭരണപരവുമായ അവകാശ രേഖകള്‍ ഉറപ്പാക്കാന്‍ ജില്ല ഊന്നല്‍ നല്‍കി.





Leave a Reply