ചുരത്തിന് ബദല്‍: പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിന്റെ അലൈന്‍മെന്റിന് അനുമതി;ഡിപിആര്‍ തയ്യാറാക്കാന്‍ നിര്‍ദേശം
വയനാട് ചുരത്തിന് ബദലായി നിര്‍ദ്ദേശിച്ച പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിന്റെ അലൈന്‍മെന്റിന് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. വയനാട്ടുകാരുടെ ദീര്‍ഘകാല ആവശ്യങ്ങളിലൊന്നായ പാതയ്ക്ക് ഇതോടെ നിര്‍ണായകമായ ചുവടുവെപ്പായി. 20.9 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയാണ് വിഭാവനം ചെയ്യുന്നത്. പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. നേരത്തെ, അലൈന്മെന്റ് തയ്യാറാക്കുന്നതിനുള്ള പഠനങ്ങള്‍ക്കും സര്‍വേകള്‍ക്കുമായി പൊതുമരാമത്ത് വകുപ്പ് 1.5 കോടി രൂപ അനുവദിച്ചിരുന്നു. ജനങ്ങളുടെ ചിരകാലാഭിലാഷമായ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ എല്ലാവിധ ഇടപെടലുകളും നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ നിര്‍മ്മാണഘട്ടത്തിലുള്ള തുരങ്കപാതയ്ക്ക് പുറമെയാണ് ഈ ബദല്‍ റോഡിനും അനുമതി ലഭിക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ വയനാട്ടിലേക്കുള്ള യാത്രാദുരിതത്തിന് വലിയൊരളവില്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.





Leave a Reply