കെ ജി രവീന്ദ്രന്റെ നാമനിര്‍ദേശ പത്രിക തള്ളിയ സംഭവം: വരാണാധികാരിയെ ചുമതലയില്‍ നിന്നു നീക്കണം;കോണ്‍ഗ്രസ് സംസ്ഥാന തെരഞ്ഞടുപ്പ് കമ്മിഷന് പരാതി നല്‍കി
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയിലെ 23ാം ഡിവിഷന്‍ വെള്ളാരംകുന്നില്‍ മത്സരിക്കാന്‍ കെ ജി രവീന്ദ്രന്റെ നാമനിര്‍ദേശ പത്രിക മതിയായ കാരണമില്ലാതെ തള്ളിയതുമായി ബന്ധപ്പെട്ട് വരണാധികാരിയെ ചുമതലയില്‍ നിന്ന് നീക്കണമെന്നും, അദ്ദേഹത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യണമെന്നും, സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത് വകുപ്പുതല അച്ചടക്ക നടപടിക്ക് സഹകരണവകുപ്പിനോട് ശുപാര്‍ശ ചെയ്യണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് പരാതി നല്‍കി. കല്‍പ്പറ്റ നഗരസഭാ തെരഞ്ഞെടുപ്പില്‍ വരണാധികാരിയായി നിയമിക്കപ്പെട്ടത് സഹകരണസംഘം ജോയിന്റ് രജിസ്റ്റര്‍ (ജനറല്‍) കല്‍പ്പറ്റയാണ്. അദ്ദേഹം ഒരു വരണാധികാരിയെന്ന നിലയില്‍ പാലിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ പട്ടികവര്‍ഗക്കാരനായ പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക ഏകപക്ഷീയമായി തള്ളിക്കൊണ്ട് എതിര്‍പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വേണ്ടി പക്ഷാപാതപരമായി പ്രവര്‍ത്തിച്ചിരിക്കുകയാണെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു. നിഷ്പക്ഷമായി നടക്കേണ്ട തെരഞ്ഞെടുപ്പ് മനപൂര്‍വം ഒരു വരണാധികാരി തന്നെ അട്ടിമറിക്കുന്ന അവസ്ഥയാണ് ഈ സംഭവത്തോടെ ഉണ്ടായിരിക്കുന്നതെന്നും പരാതിയിലുണ്ട്. വരണാധികാരി നടത്തിയ പക്ഷാപാതപരവും നിയമവിരുദ്ധവുമായ നടപടികള്‍ വളരെ വിശദമായി സ്ഥാനാര്‍ഥിയായിരുന്ന കെ ജി രവീന്ദ്രന്‍ അയാളുടെ പരാതിയില്‍ വിശദീകരിച്ചിട്ടുണ്ട്. കെ ജി രവീന്ദ്രന്റെ പരാതിയുടെ കോപ്പിയും തെരഞ്ഞടുപ്പ് കമ്മിഷന് നല്‍കിയ പരാതിയോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, വരണാധികാരിയെ ചുമതലയില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാകലക്ടര്‍ക്ക് കെ ജി രവീന്ദ്രന്‍ പരാതി നല്‍കിയിട്ടുണ്ട്. നിയമവിരുദ്ധമായാണ് നാമനിര്‍ദേശ പത്രിക തള്ളിയിരിക്കുന്നതെന്നും, അതിന്റെ വിശദമായ കാരണങ്ങളും പരിതായില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.





Leave a Reply