നവകേരള സൃഷ്ടിക്കായി അണിചേരുക: കേരള എൻ.ജി.ഒ. യൂണിയൻ വയനാട് ജില്ലാ സമ്മേളനം
മാനന്തവാടി: കഴിഞ്ഞ പത്തു വർഷക്കാലമായി കേരളത്തിൽ നടപ്പിലാക്കിവരുന്ന വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകണമെന്നും നവകേരളം സൃഷ്ടിക്കുന്നതിനായി ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിവരുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളിൽ അണിചേരണമെന്നും കേരള എൻ.ജി.ഒ. യൂണിയൻ 46-മത് വയനാട് ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. മാനന്തവാടി സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. ലോകത്തിനു മാതൃകയായ വികസന പ്രവർത്തനങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നും പ്രകൃതിദുരന്തങ്ങളിലും പ്രളയത്തിലും സർക്കാറിനൊപ്പം നിന്ന് പ്രവർത്തിക്കാൻ കേരളത്തിലെ ജീവനക്കാർ തയ്യാറായെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്നതിൽ എൻ.ജി.ഒ. യൂണിയൻ മാതൃകാപരമായ സമീപനമാണ് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയാക്കി മാറ്റുന്നതിനും വരുന്ന 25 വർഷത്തിനുള്ളിൽ മദ്ധ്യ വികസിത രാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുമുള്ള പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. 2021-ലെ പ്രകടനപത്രികയിലെ 900 വാഗ്ദാനങ്ങളിലൂടെ നവകേരളം പടുത്തുയർത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഒരു ലക്ഷം കോടിയിലേറെ രൂപയുടെ വികസന പ്രവർത്തനങ്ങൾ ഇതിനകം നടപ്പിലാക്കിയെന്നും സമ്മേളനം വിലയിരുത്തി. വിഴിഞ്ഞം പദ്ധതി, ഗെയിൽ വാതക പൈപ്പ് ലൈൻ, ഇടമൺ-കൊച്ചി പവർ ഹൈവേ എന്നിവ യാഥാർത്ഥ്യമാക്കിയത് വലിയ നേട്ടമായി ചൂണ്ടിക്കാട്ടി.
രാവിലെ ജില്ലാ പ്രസിഡന്റ് പതാക ഉയർത്തിയതോടെ ആരംഭിച്ച സമ്മേളനത്തിൽ എഫ്.എസ്.ഇ.ടി.ഒ. ജില്ലാ പ്രസിഡന്റ് കെ. രാജൻ, കേന്ദ്ര കോൺഫെഡറേഷൻ ജില്ലാ പ്രസിഡന്റ് സി.സി. നിജേഷ്, കെ.എസ്.എസ്.പി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. വിശ്വനാഥൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് വി.ജെ. ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി എ.പി. മധുസൂദനൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ. ആന്റണി ജോസഫ് നന്ദിയും പറഞ്ഞു. കൗൺസിൽ യോഗത്തിൽ എ.കെ. രാജേഷ് പ്രവർത്തന റിപ്പോർട്ടും എ.പി. മധുസൂദനൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചയിൽ സന്തോഷ് എം.ടി., ജെമി മത്തായി, പി.ആർ. ലതിക, ടി.ടി. ഷീജ, അസീസ് പി.എം. എന്നിവർ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ഗോപകുമാർ, സെക്രട്ടറിയേറ്റ് അംഗം മേരീ സിൽവസ്റ്റർ എന്നിവരും സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. പുതിയ ഭാരവാഹികളായി വി.ജെ. ഷാജി (പ്രസിഡന്റ്), കെ. ദിലീപ് കുമാർ, എൻ.ആർ. മഹേഷ് കുമാർ (വൈസ് പ്രസിഡന്റുമാർ), എ.പി. മധുസൂദനൻ (സെക്രട്ടറി), കെ. ആന്റണി ജോസഫ്, കെ.വി. ജഗദീഷ് (ജോയിന്റ് സെക്രട്ടറിമാർ), യു.കെ. സരിത (ട്രഷറർ) എന്നിവരെയും എം.കെ. മനോജ്, കെ.ആർ. പ്രീതി, ലീലാമണി, ഹാരീസ് മുഹമ്മദ് എന്നിവരെ സെക്രട്ടറിയേറ്റ് അംഗങ്ങളായും തിരഞ്ഞെടുത്തു.





Leave a Reply