April 15, 2026

കാവുണരുന്നു; ഇനി കബനീ തീരം ഭക്തിസാന്ദ്രം

0
IMG_20260315_090915
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാടിന്റെ ഐതിഹ്യപ്പെരുമ വിളിച്ചോതുന്ന ചരിത്രപ്രസിദ്ധമായ ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറ്റം . കബനി നദിക്കരയിലെ ഈ പുണ്യ സങ്കേതത്തിൽ ഭക്തി നിർഭരമായ ചടങ്ങുകളോടെ ഉത്സവാരവം മുഴങ്ങുന്നതോടെ ഇനി വരുംദിനങ്ങൾ കാവും പരിസരവും വിശ്വാസക്കടലായി മാറും. ഇന്ന് ആചാരപൂർവ്വം നടക്കുന്ന കൊടിയേറ്റ് ചടങ്ങുകളോടെ ആരംഭിക്കുന്ന ഉത്സവഘോഷങ്ങൾ മാർച്ച്‌ 28-നാണ് സമാപിക്കുന്നത്. വടക്കേ മലബാറിലെ തന്നെ ഏറ്റവും വലിയ ജനകീയ ഉത്സവങ്ങളിലൊന്നായ വള്ളിയൂർക്കാവ് ആറാട്ടിന് സാക്ഷ്യം വഹിക്കാൻ വിവിധ ഇടങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് വരുംദിവസങ്ങളിൽ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുക.

വയനാട്ടിലെ ആദിവാസി സമുദായങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആരാധനാലയമാണ് ഈ ഭഗവതീ ക്ഷേത്രം. മേലെകാവിലെ സീതാദേവിയും ലവകുശന്മാരും രാമായണവുമായി ഈ ഭഗവതി ക്ഷേത്രത്തിനുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നു.

ഇത്തവണത്തെ ഉത്സവത്തിന് സഹായത്തിനായി 61 അംഗ പ്രാദേശിക കമ്മിറ്റിയും സജീവമാണ്. മേലേക്കാവിലും താഴെക്കാവിലുമായാണ് ആദ്ധ്യാത്മിക ചടങ്ങുകള്‍ നടക്കുക. സാംസ്‌കാരിക വിരുന്ന് ഒരുക്കാന്‍ കേരളത്തിലെ പ്രമുഖ കലാ സംഘങ്ങളാണ് ഇത്തവണ എത്തുന്നത്. മാര്‍ച്ച് 26ന് വടകര വരദ അവതരിപ്പിക്കുന്ന നാടകം എംടി വാസുദേവന്‍ നായരുടെ ഇരുട്ടിന്റെ ആത്മാവ്; മാര്‍ച്ച് 16ന് തൃശ്ശിലേരി നാട്ടുപൊലികയുടെ നാടന്‍ പാട്ട്; മാര്‍ച്ച് 17ന് മാനന്തവാടി പ്രിയരാഗം ഓര്‍ക്കസ്ട്രയുടെ ഗാനമേള;മാര്‍ച്ച് 18ന് കമ്പളക്കാട് തിറയാട്ടം അവതരിപ്പിക്കുന്ന നാടന്‍പാട്ട്; മാര്‍ച്ച് 22ന് കോഴിക്കോട് ശ്രീരാഗം ഓര്‍ക്കസ്ട്രയുടെ ഗാനമേള, മാര്‍ച്ച് 27ന് തിരുവനന്തപുരം പാര്‍ത്ഥ സാരഥിയുടെ ബാലെ പളനി ആണ്ടവന്‍ തുടങ്ങി നിരവധി പരിപാടികളാണ് ഇത്തവണ താഴെക്കാവില്‍ സംഘടിപ്പിക്കുന്നത്.

മേലേക്കാവില്‍ ഭക്തി സാന്ദ്രമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. മീനങ്ങാടി ഭജന്‍സിന്റെ ഭജന്‍സ്, കഥകളി, ചാക്യാര്‍ക്കൂത്ത്, എന്നിവയ്ക്ക് പുറമേ പല്ലാവൂര്‍ ശ്രീധരന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യവും നടക്കും. മംഗലംകുന്ന് ഉമാ മഹേശ്വരന്‍ തിടമ്പ് ഏറ്റുന്ന എഴുന്നള്ളത്ത് ഇത്തവണത്തെ ആകര്‍ഷണമായിരിക്കും.മാർച്ച്‌ 25 മുതലാണ് പ്രസിദ്ധമായ ഒപ്പന ദര്‍ശനം. 28ന് ആണ് ആറാട്ട് എഴുന്നള്ളത്ത്.

കാവിലുത്സവം

വള്ളിയൂര്‍ക്കാവിലെ ഉത്സവം വയനാട്ടിലെ ഉത്സവങ്ങളില്‍ വെച്ച് ഏറ്റവും ഗംഭീരവും പൊലിമയേറിയതുമാണ്. വയനാടിന്റെ ദേശീയോത്സവം എന്നാണ് ഇതറിയപ്പെടുന്നത്. ഭഗവതിയുടെ ഒപ്പന ദര്‍ശനം ഇതിന്റെ പ്രധാന ചടങ്ങാണ്.

വയനാട്ടിലെ ആദിവാസികളുടെ ഏറ്റവും വലിയ ഒത്തു ചേരലാണ് ഈ ഉത്സവം. ഉത്സവവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും നിര്‍വഹിക്കുന്നത് ആദിവാസികളാണ്. ആദിവാസി മൂപ്പന്‍ കൊണ്ടുവരുന്ന നീളമുള്ള മുളം തണ്ടിലാണ് ഉത്സവത്തിന്റെ കൊടിയേറ്റം.

കൊടിയേറ്റിനുമുണ്ട് പ്രത്യേക

ഉത്സവം തുടങ്ങി ഏഴാം ദിവസമേ കൊടികയറുകയുള്ളൂ. അതുപോലെ ഉത്സവം കഴിഞ്ഞ് ഏഴാം ദിവസമേ കൊടി ഇറക്കുകയുള്ളൂ.

ഭദ്രകാളി ദാരികനുമേല്‍ നേടിയ വിജയമാണ് ഈ ഉത്സവത്തിന്റെ അടിസ്ഥാനം. മീനം ഒന്നിനു തലേദിവസം മാനന്തവാടിക്കടുത്തുള്ള പാണ്ടിക്കടവ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് പരാശക്തിയുടെ തിരുവായുധമായ വാള്‍ ഒരാനപ്പുറത്ത് എഴുന്നള്ളിച്ചുകൊണ്ടുവരുന്നു. ഇത് താഴേക്കാവില്‍ വെക്കുന്നതോടെ ഉത്സവത്തിനു നാന്ദി കുറിക്കുകയായി.

പിറ്റേദിവസം മുതല്‍ കാലത്ത് വിശേഷാല്‍ ചടങ്ങുകളും പൂജകളും ഉണ്ടാകും. പതിമൂന്ന് ദിവസവും മേലേകാവില്‍ ക്ഷേത്രത്തിനകത്ത് തായമ്പക ഉണ്ടാകും. പതിനാലാം ദിവസം തായമ്പക ഉണ്ടാകില്ല.
ഉച്ചപൂജ സമയത്ത് മേലേക്കാവിലെ പാട്ടുപുരയില്‍ തോറ്റവും ഉണ്ടാകും. കാളി-ദാരിക യുദ്ധം തന്നെയാണ് തോറ്റം പാടുന്നത്. ക്ഷേത്രാവകാശിയായ കുറുപ്പിനാണ് ഇതിനവകാശം. മീനം ഏഴിന് വൈകുന്നേരമാണ് കൊടിയേറ്റം നടക്കുക. ഇതോടെ ഉത്സവം തിരക്കിലമരുന്നു. കച്ചവടക്കാരും വഴിവാണിഭക്കാരും താഴെക്കാവിലെ പാടത്ത് സ്ഥാനം പിടിക്കുന്നു. ധാരാളം ഭക്തര്‍ ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നു.

മീനം പത്താം ദിവസം ക്ഷേത്രത്തിലെ മേല്‍ ശാന്തി ഒപ്പനക്കോപ്പ് എടുക്കാനായി ചേരംകോട് ഇല്ലത്തേക്ക് യാത്രയാകുന്നു.

ഒപ്പന എന്നാല്‍ ഇവിടെ ഭഗവതിയുടെ രൂപമാണ്

നാല്‍പ്പത്തൊന്ന് ദിവസത്തെ വ്രതത്തോടെ മേല്‍ ശാന്തി ചേരാങ്കോട്ട് ഇല്ലത്ത് എത്തുന്നു. പിറ്റേ ദിവസം വൈകുന്നേരം വരെ അവിടെ അവിടെ ധ്യാനനിമഗ്‌നനായിരിക്കുന്ന മേല്‍ശാന്തിയോട് അവിടത്തെ സ്ത്രീ (അന്തര്‍ജനം) ഒപ്പന കൊണ്ടുപൊയ്‌ക്കോളൂ എന്ന് പറയുന്നതോടെ പൂജാരി ഒപ്പനയെടുത്ത് ഭാണ്ഡത്തിലാക്കി വള്ളിയൂര്‍ക്കാവ് ലക്ഷ്യമാക്കി വരുന്നു. മേലാസകലം വെള്ളമുണ്ട് പുതച്ച് ഏകാകിയായാണ് ഒപ്പനക്ക് പോകുന്നതും വരുന്നതും. ഒപ്പന വൈകുന്നേരം ദീപാരാധനയ്ക്കു മുമ്പായി മേലേക്കാവിലെത്തുന്നു.

തുടര്‍ന്ന് താഴേക്കാവിലെ പാട്ടുപുരയ്ക്കുള്ളില്‍ ഒപ്പനയറയില്‍ വെക്കുന്നു. തുടര്‍ന്നുള്ള നാലുദിവസവും അര്‍ദ്ധധരാത്രി കളംപാട്ടിനുശേഷം ഒപ്പന കെട്ടി കാണിക്കും.സര്‍വ്വ ദുരിതശാന്തിക്കും രോഗശാന്തിക്കും ഭഗവതിയുടെ ഒപ്പന ദര്‍ശിച്ചു പ്രാര്‍ഥിക്കുന്നത് ഉത്തമമെന്ന് വിശ്വസിക്കുന്നു. തുടര്‍ന്ന് ധാരാളം വിശ്വാസികള്‍ ദര്‍ശനത്തിനായി എത്തിച്ചേരുന്നു. ഒപ്പന വരുന്നതുമുതല്‍ ഉത്സവം അതിന്റെ പാരമ്യത്തിലേക്കു കടക്കുന്നു. തുടര്‍ന്നുള്ള നാലുദിവസവും മേലേക്കാവില്‍ നിന്ന് താഴേക്കാവിലേക്ക് വള്ളിയൂരമ്മ എഴുന്നള്ളുന്നു. തുടര്‍ന്ന് താഴേക്കാവിലെ പാട്ടുപുരയില്‍ കളംപാട്ടിനുശേഷം മേലേകാവിലേക്ക് തിരിച്ചെഴുന്നള്ളിക്കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *