ടൗൺഷിപ്പ് സന്ദർശിച്ച് എൽ.ഡി.എഫ് സ്ഥാനാർഥി എം.എസ്. വിശ്വനാഥൻ
കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ കൽപ്പറ്റയിൽ നിർമ്മിച്ച പുനരധിവാസ ടൗൺഷിപ്പ് ബത്തേരി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം.എസ്. വിശ്വനാഥൻ സന്ദർശിച്ചു. ഇന്ന് രാവിലെ ഏഴരയോടെ ടൗൺഷിപ്പിലെത്തിയ അദ്ദേഹം അവിടെയുണ്ടായിരുന്നവരുമായി സംസാരിക്കുകയും നിർമ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്തു. സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയുടെ അടയാളമാണ് ഈ ടൗൺഷിപ്പെന്നും ദുരന്തബാധിതരെ സർക്കാർ ചേർത്തുനിർത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിൽ കമ്യൂണിറ്റി ലിവിങ് എന്ന ആശയത്തിലൂന്നിയാണ് ഇവിടുത്തെ നിർമ്മാണം. വീടുകൾക്ക് മുൻപിലായി ഒരുക്കിയ നടുമുറ്റം മാതൃകയിലുള്ള ഗ്രീൻ സ്പേസുകൾ ആകർഷകമാണ്. ടൗൺഷിപ്പിലെ 35 ക്ലസ്റ്ററുകളിലും ഇത്തരം ഗ്രീൻ സ്പേസുകൾ ഒരുക്കുന്നുണ്ട്.
സിമന്റ് ട്രീറ്റഡ് ബേസ് സാങ്കേതികവിദ്യയിൽ നിർമ്മിച്ച അത്യാധുനിക റോഡുകൾ, സോളാർ സംവിധാനം, കുടിവെള്ള വിതരണം, മലിനജല സംസ്കരണ പ്ലാന്റ് എന്നിവ ടൗൺഷിപ്പിന്റെ പ്രത്യേകതകളാണ്. വീടുകൾക്ക് പുറമെ സ്കൂൾ, ആരോഗ്യ കേന്ദ്രം, കളിസ്ഥലങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുങ്ങുന്നുണ്ട്. കൂടാതെ ഫർണിച്ചർ അടക്കമുള്ള സാധനങ്ങൾ വാങ്ങുന്നതിനായി സർക്കാർ ഒരു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ദുരന്തബാധിതരെ ഒന്നിച്ച് ചേർത്ത് ഒരു ഗ്രാമം തന്നെ വീണ്ടെടുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൗൺഷിപ്പിലെ വിവിധ സോണുകൾ സന്ദർശിച്ച് അനുബന്ധ സൗകര്യങ്ങൾ നേരിട്ട് കണ്ടറിഞ്ഞ ശേഷമാണ് സ്ഥാനാർഥി മടങ്ങിയത്.





Leave a Reply