മുട്ടിക്കൊമ്പനെ പിടിക്കാനുള്ള ശ്രമം തുടരുന്നു; ദൗത്യ സംഘം ആനയ്ക്ക് അരികെയെത്തി
ബത്തേരി: വടക്കനാട് ജനവാസമേഖലയിൽ ഭീതിപടർത്തിയ മുട്ടിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം പുരോഗമിക്കുന്നു. മുട്ടിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നതിനായി ദൗത്യ സംഘം പ്രദേശത്ത് ശ്രമം തുടരുന്നു. വനത്തിനുള്ളിൽ ഒരുവെള്ളച്ചാലിന് സമീപത്താണ് മുട്ടിക്കൊമ്പനുള്ളത്. ദൗത്യ സംഘം ആനയ്ക്ക് തൊട്ടരികിലുണ്ട്. ആന കുറച്ചുകൂടി സുരക്ഷിതമായ സ്ഥലത്തേക്ക് മാറിയാൽ മയക്കുവെടി വെക്കുമെന്നാണ് പറയുന്നത്.
അഞ്ച് കുങ്കിയാനകളാണ് ദൗത്യത്തിനുള്ളത്. രണ്ട് വെറ്റിനറി ഡോക്ടർമാർ സ്ഥലത്തുണ്ട്. അഞ്ച് ദിവസമായി മുട്ടിക്കൊമ്പനെ കണ്ടെത്താനുള്ള ദൗത്യം തുടരുകയാണ്. ആന വനത്തിനുള്ളിലേക്ക് കയറിയതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്താനായിരുന്നില്ല. ഇന്ന് പുലർച്ചെ മൂന്നോടെയാണ് വനത്തിന്റെ അതിർത്തിയിൽ മുട്ടിക്കൊമ്പനെ കണ്ടെത്തിയത്. ആനയെ മയക്കുവെടിവെച്ചാൽ കൊണ്ടുപോകാനുള്ള സജ്ജീകരണങ്ങൾ ഒക്കെ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ഞായർ മുതലാണ് കാട്ടാനയെ മയക്കുവെടി വയ്ക്കുന്ന ദൗത്യത്തിന് തുടക്കമായത്. തിങ്കൾ രാവിലെ വള്ളുവാടിയിലെ വനാതിർത്തിയിൽ മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചെങ്കിലും ലക്ഷ്യം തെറ്റിയതിനാൽ ആന കാട്ടിലേക്ക് മറഞ്ഞു. ചൊവ്വാഴ്‌ച കണ്ണാറമ്പൻ കവലയിൽ മയക്കുവെടി വയ്ക്കാനുള്ള നീക്കത്തിനിടെ വനപാലകർക്ക് നേരെ മുട്ടിക്കൊമ്പൻ തിരിഞ്ഞതോടെ വനപാലകർ ഓടി രക്ഷപ്പെട്ടു. ബുധനാഴ്ചയും വ്യാഴാഴ്ചയും ആനയെ കണ്ടെത്താനായിരുന്നില്ല.





Leave a Reply