June 24, 2026

കാർഷിക യന്ത്രോപകരണങ്ങൾക്ക് ജൂലൈ ഒന്ന് മുതൽ അപേക്ഷിക്കാം

0
WhatsApp Image 2026-06-24 at 5.52.12 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കാർഷിക മേഖലയിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതിക്ക് (എസ്.എം.എ.എം) കീഴിൽ യന്ത്രോപകരണങ്ങൾ വാങ്ങാൻ അവസരം. കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിള സംസ്‌കരണ, മൂല്യ വർദ്ധിത പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും ഈ പദ്ധതിക്ക് കീഴിൽ സബ്‌സിഡിയോടെ ലഭ്യമാവും.

വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40 മുതൽ 50 ശതമാനം വരെ സബ്‌സിഡി ലഭ്യമാവും. ഈ സാമ്പത്തിക വർഷത്തിലെ അപേക്ഷകൾ ഓൺലൈനായി ജൂലൈ ഒന്ന് രാവിലെ 11 മുതൽ http://agrimachinery.nic.in/index എന്ന വെബ്‌സൈറ്റ് മുഖേന നൽകാം. കർഷകരുടെ കൂട്ടായ്മകൾ, എസ്.എച്ച്.ജികൾ എഫ്.പി.ഒകൾ, വ്യക്തികൾ, പഞ്ചായത്തുകൾ തുടങ്ങിയവയ്ക്ക് കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ (കസ്റ്റം ഹയറിംഗ് സെന്ററുകൾ) സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവും യന്ത്രവൽക്കരണ തോത് കുറവായ പ്രദേശങ്ങളിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിന് കർഷക ഗ്രൂപ്പുകൾക്ക് 30 ലക്ഷം രൂപ വരെയുള്ള പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന നിരക്കിൽ 24 ലക്ഷം രൂപ വരെയും സാമ്പത്തിക സഹായം അനുവദിക്കുന്നുണ്ട്. കൂടാതെ എഫ്.ആർ.എ പട്ടയമുള്ള ഗുണഭോക്താക്കൾക്ക് എല്ലാ കാറ്റഗറിയിലും 90 ശതമാനം വരെയും ആനുകൂല്യങ്ങൾ ലഭിക്കും.

വ്യക്തിഗത ഗുണഭോക്താക്കൾക്കുള്ള അപേക്ഷകളിൽ, അർഹരായ അപേക്ഷകരുടെ എണ്ണം അനുവദിച്ചിട്ടുള്ള ലക്ഷ്യത്തേക്കാൾ കൂടുതലാകുന്ന സാഹചര്യങ്ങളിൽ, അഗ്രി മെഷിനറി പോർട്ടലിൽ പുതുതായി ഉൾപ്പെടുത്തിയ ഓൺലൈൻ നറുക്കെടുപ്പ് മുഖേന ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് നടത്തും. അർഹതാ മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാ അപേക്ഷകർക്കും നറുക്കെടുപ്പ് നടപടിയിൽ പങ്കെടുക്കുന്നതിനുള്ള അവസരം ലഭ്യമാകും. നറുക്കെടുപ്പ് നടപടികളുടെ തീയതി, സമയം, ഫലം എന്നിവ അഗ്രി മെഷിനറി പോർട്ടൽ മുഖേന പ്രസിദ്ധീകരിക്കും.

പദ്ധതി ചിലവ് 10 ലക്ഷം രൂപയിൽ കൂടുതലാകുന്ന കസ്റ്റം ഹയറിങ് സെന്റർ, ഫാം മെഷിനറി ബാങ്ക് പദ്ധതികൾ ക്രെഡിറ്റ് ലിങ്ക്ഡ് ബാക് എൻഡഡ് ക്യാപിറ്റൽ സബ്‌സിഡി മാതൃകയിലാണ് നടപ്പിലാക്കുന്നത്. അംഗീകൃത ബാങ്കുകളിൽ നിന്ന് വായ്പ ലഭ്യമാക്കി പദ്ധതി പൂർത്തീകരിക്കുന്ന ഗുണഭോക്താക്കൾക്ക് പദ്ധതി മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരമുള്ള സബ്‌സിഡി ബാക് എൻഡഡ് ക്യാപിറ്റൽ സബ്‌സിഡിയായി അനുവദിക്കും. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങൾക്കും കണിയാമ്പറ്റ മിലുമുക്കിലുള്ള വയനാട് കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസുമായോ കൃഷിഭവനുമായോ ബന്ധപ്പെടാം. ഫോൺ: 9383471924 , 9383471915. ഇ-മെയിൽ: aeeagriwayanad@gmail.com

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *