ഒറ്റചക്ര സൈക്കിളിൽ അബിയുടെ പാൻ കേരളയാത്ര: വയനാട്ടിൽ സ്വീകരണം നൽകി
കൽപ്പറ്റ : ഒറ്റചക്ര സൈക്കിളിൽ കേരള യാത്ര നടത്തുന്ന എ. അബി എന്ന പാറശാല മൂവോട്ട്കോണം സ്വദേശിക്ക് വയനാട്ടിൽ സ്വീകരണം നൽകി. കമ്പളക്കാട് ജി. യു. പി സ്കൂളിൽ നടന്ന ചടങ്ങിൽ മുൻ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, അഭിയെ ഷാൾ അണിയിച്ചു. മേയ് 31ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച യാത്ര കഴിഞ്ഞ ദിവസമാണ് വയനാട് ജില്ലയിൽ എത്തിയത്.
പി. ടി എ പ്രസിഡന്റ് ഹാരിസ് അയ്യാട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നയീം സി. എ അഭിയെ പരിചയപ്പെടുത്തി. എച്ച്.എം എമ്മനുവൽ ഒ.സി അനുമോദിച്ചു.
മേയ് 31ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച യാത്ര കഴിഞ്ഞ ദിവസം വയനാട് ജില്ലയിൽ എത്തി. ദിവസവും രാവിലെ എട്ടിന് ആരംഭിക്കുന്ന യാത്ര വൈകിട്ട് ആറിന് അവസാനിപ്പിക്കും. യാത്ര ചെയ്യുന്നത് വളരെയധികം ഇഷ്ടപ്പെടുന്നയാളാണ് അബി. ലഹരിയിൽ നിന്ന് പുതുതലമുറയെ മോചിപ്പിക്കുക എന്ന സന്ദേശം നൽകുയാണ് ഈ യാത്രയിലൂടെ. ലഹരിക്കും മൊബൈൽ ഫോണിലെ ഗെയിം അഡിക്ഷനുമെതിരെ പുതു തലമുറയെ കായിക രംഗത്തടക്കം സജീവമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അബി പറഞ്ഞു.
കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ആണ് ഇനി സഞ്ചരിക്കാനുള്ളത്. ഏതാണ്ട് 10 ദിവസംകൊണ്ട് യാത്ര പൂർത്തീകരിക്കാൻ കഴിയുമെന്നാണ് അബി കരുതുന്നത്.





Leave a Reply