മാനന്തവാടിയിൽ ജഡ്ജിയുടെ വീട്ടിൽ മോഷണശ്രമം: കുപ്രസിദ്ധ മോഷ്ടാവ് നാദാപുരത്തുനിന്ന് പിടിയിൽ
മാനന്തവാടി: സീനിയർ ഡിവിഷൻ സിവിൽ ജഡ്ജ് ആർ. അനിതയുടെ തോണിച്ചാലിലെ വീട്ടിൽ അതിക്രമിച്ച് കയറി മോഷണത്തിന് ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയിലായി. കുറ്റിയാടി കായക്കൊടി സ്വദേശിയായ അജ്മലിനെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ ടീമും മാനന്തവാടി പോലീസും ചേർന്ന് നാദാപുരത്തുനിന്ന് പിടികൂടിയത്. പേരാമ്പ്ര കടിയങ്ങാട് ഭാഗത്തുനിന്ന് മോഷ്ടിച്ച ഹോണ്ട ആക്ടിവ സ്കൂട്ടറും ഇയാളിൽനിന്ന് പോലീസ് കണ്ടെടുത്തു. ഈ വാഹനത്തിലാണ് പ്രതി വയനാട്ടിലെത്തി കവർച്ച നടത്തിയത്.
കഴിഞ്ഞ ജൂൺ 27ന് പുലർച്ചെയാണ് തോണിച്ചാൽ നലൂർനാട് ‘അനുഗ്രഹ’ ഹൗസിൽ മോഷണശ്രമം നടന്നത്. വീടിൻ്റെ പിൻഭാഗത്തെ വർക്ക് ഏരിയയുടെ ഗ്രിൽസ് തകർത്താണ് പ്രതി അകത്തുകടക്കാൻ ശ്രമിച്ചത്. സംഭവദിവസം രാത്രി 10 മണിയോടെ കുറ്റിയാടി ചുരം വഴി വയനാട്ടിലെത്തിയ പ്രതി, രാത്രി 12 മണിവരെ മാനന്തവാടിയിലും പരിസരപ്രദേശങ്ങളിലും ചുറ്റിക്കറങ്ങി സാഹചര്യങ്ങൾ നിരീക്ഷിച്ചു. തുടർന്ന് പുലർച്ചെ ഒരു മണിയോടെ ജഡ്ജിയുടെ വീട്ടിൽ മോഷണത്തിന് ശ്രമിക്കുകയും, അതിനുശേഷം രാവിലെ 5:30ഓടെ കുറ്റിയാടി ചുരം വഴി നാദാപുരത്തേക്ക് കടന്നുകളയുകയുമായിരുന്നു. മൊബൈൽ ഫോൺ ഒട്ടും ഉപയോഗിക്കാത്തതും കടവരാന്തകളിൽ മാത്രം രാത്രികാലങ്ങളിൽ അന്തിയുറങ്ങുന്നതുമായ പ്രതിയെ കണ്ടെത്തുക പോലീസിന് വലിയ വെല്ലുവിളിയായിരുന്നു. പോലീസിന്റെ റഡാറുകളിൽപ്പെടാതിരിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനും പ്രധാന റോഡുകൾ ഒഴിവാക്കി ഇടവഴികളിലൂടെയും പോക്കറ്റ് റോഡുകളിലൂടെയുമായിരുന്നു ഇയാളുടെ സഞ്ചാരം. മഴയില്ലാത്ത സമയങ്ങളിൽ പോലും ആരും തിരിച്ചറിയാതിരിക്കാൻ മഴക്കോട്ട് ധരിച്ച് സ്കൂട്ടറിൽ കറങ്ങുന്നതായിരുന്നു ഇയാളുടെ രീതി.
എന്നാൽ ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി അഞ്ഞൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് സംഘം ഒരാഴ്ച നീണ്ട ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പ്രതിയുടെ നീക്കങ്ങൾ കൃത്യമായി പിന്തുടർന്ന് വലയിലാക്കുകയായിരുന്നു. പിടിയിലായ അജ്മൽ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കുപ്രസിദ്ധ കുറ്റവാളിയാണ്. ഇയാൾക്കെതിരെ തലശ്ശേരി, മാനന്തവാടി, തൊട്ടിൽപ്പാലം, കൊളവല്ലൂർ, പാനൂർ, തൊണ്ടർനാട് തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിലവിൽ കേസുകളുണ്ട്. മാനന്തവാടി പോലീസ് ഇൻസ്പെക്ടർ പി. റഫീക്ക്, എസ്.ഐമാരായ കെ.കെ. സോബിൻ, സുനിൽ കുമാർ, എ.എസ്.ഐ ഷെമ്മി, പോലീസുകാരായ ഷിജോ മാത്യു, മനു അഗസ്റ്റിൻ, പ്രജീഷ്, ശ്രീജിത്ത്, അരുൺ, ഷിന്റോ ജോസഫ്, സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ബിജു വർഗീസ്, എസ്.സി.പി.ഒമാരായ ഷാലു ഫ്രാൻസിസ്, കെ.കെ. വിപിൻ, ടി.ആർ. രജീഷ്, സി.പി.ഒമാരായ അജിത്ത് പി.ബി., ശ്രീജിത്ത് ഇ.എസ്., അബ്ദുൾ വാജിദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.





Leave a Reply