ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന് മാനന്തവാടിയിൽ ഉജ്ജ്വല തുടക്കം
മാനന്തവാടി: തിക്കോടിയിൽ കടൽദുരന്തത്തിൽ മരിച്ച ഡിവൈഎഫ്‌ഐ മുൻ ജില്ലാകമ്മിറ്റി അംഗം എൻ വി ബിനീഷിന്റെ സ്മരണയിരമ്പുന്ന മാനന്തവാടി അമ്പുകുത്തി സെന്റ്തോമസ് ഹാളിലെ ‘എന്‍ വി ബിനീഷ് നഗറിൽ’ ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് ഉജ്ജ്വല തുടക്കമായി. ജില്ലാ പ്രസിഡന്റ് കെ ആർ ജിതിൻ പതാക ഉയർത്തിയതോടെ ആരംഭിച്ച സമ്മേളനത്തിൽ പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പ്പാർച്ചന നടത്തി. തുടർന്ന് ജില്ലാ ട്രഷറർ ഷിജി ഷിബു രക്തസാക്ഷി പ്രമേയവും ജോയിന്റ് സെക്രട്ടറി എം രമേശ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ഡിവൈഎഫ്‌ഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ജെയ്‌ക്ക് സി തോമസ് പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. കെ ആർ ജിതിൻ കൺവീനറായും കെ മുഹമ്മദലി, ജോബിസൺ ജെയിംസ്, സാന്ദ്ര രവീന്ദ്രൻ എന്നിവർ അംഗങ്ങളായുമുള്ള പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഷിജി ഷിബു കൺവീനറായ പ്രമേയ കമ്മിറ്റിയിലും, എം രമേശ് കൺവീനറായ മിനിട്‌സ് കമ്മിറ്റിയിലും, അർജുൻ ഗോപാൽ കൺവീനറായ ക്രഡൻഷ്യൽ കമ്മിറ്റിയിലും വിവിധ നേതാക്കൾ ചുമതലകൾ വഹിക്കുന്നു. സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കെ എം ഫ്രാൻസിസ് പ്രവർത്തന റിപ്പോർട്ടും, കേന്ദ്രകമ്മിറ്റി അംഗം എം വിജിൻ സംഘടനാ റിപ്പോർട്ടും, ഷിജി ഷിബു കണക്കും അവതരിപ്പിച്ചു. പ്രതിനിധികളുടെ ഗ്രൂപ്പ് ചർച്ച പൂർത്തിയാക്കി പൊതുചർച്ച ആരംഭിച്ച സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ്, പ്രഥമ ജില്ലാ സെക്രട്ടറി പി വി സഹദേവൻ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ടി കെ പുഷ്‌പ്പൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു.
എട്ട് ബ്ലോക്ക് കമ്മിറ്റികളിൽനിന്നായി 243 പ്രതിനിധികളും, പ്രൊഫഷണൽ വിഭാഗത്തില്‍നിന്ന് അഞ്ച് പേരും, തമിഴ്‌നാട് നീലഗിരി ജില്ലയിൽനിന്ന് അഞ്ച് സൗഹൃദ പ്രതിനിധികളുമാണ് ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഞായറാഴ്‌ച്ച പൊതുചർച്ചയ്‌ക്ക് ജില്ലാ, സംസ്ഥാന ഭാരവാഹികൾ മറുപടി പറയുന്നതോടെ പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും. പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിവസം പൂർത്തിയാക്കി വൈകിട്ട് നാലിന് മാനന്തവാടി നഗരത്തിൽ ആയിരങ്ങൾ അണിനിരക്കുന്ന യുവജനറാലി നടത്തും. തുടർന്ന് ഗാന്ധിപാർക്കിൽ രക്തസാക്ഷി പുഷ്‌പ്പന്റെ പേരിൽ സജ്ജീകരിച്ച നഗരിയിൽ നടക്കുന്ന പൊതുസമ്മേളനം എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്‌ഘാടനം ചെയ്യും.





Leave a Reply