വയനാടിന് പുതിയ രാഷ്ട്രീയസംസ്കാരം അഭികാമ്യം: ആക്ഷൻ കമ്മിറ്റി
കൽപ്പറ്റ: കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് വയനാടിന്റെ വികസന മുരടിപ്പിന് കാരണം ഇവിടുത്തെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ പിടിപ്പുകേടും നീതിയുക്തമായി തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മയുമാണെന്ന് വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി യോഗം വിലയിരുത്തി. ജനപ്രതിനിധികൾ നൽകിയ വാഗ്ദാനങ്ങൾ മറന്ന് വിഷയം നീട്ടിക്കൊണ്ടുപോകുന്ന സാഹചര്യത്തിൽ സാംസ്കാരിക നായകരും മനുഷ്യാവകാശ പ്രവർത്തകരും യുവ നേതൃത്വവും ചേർന്ന് പുതിയൊരു രാഷ്ട്രീയ സംസ്കാരം ഉയർത്തിക്കാട്ടണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിയുടെ പ്രക്ഷോഭ പരിപാടികൾ കൂടുതൽ ശക്തിപ്പെടുത്താൻ കൽപ്പറ്റ വ്യാപാര ഭവനിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഇതിന്റെ ഭാഗമായി ജൂലൈ 25-ന് നിർദ്ദിഷ്ട മടക്കിമലയിൽ സർക്കാർ മുൻപ് സ്ഥാപിച്ചിരുന്ന മെഡിക്കൽ കോളേജിന്റെ ബോർഡ് പുനസ്ഥാപിക്കുകയും, ജൂലൈ 29-ന് ജില്ലാ ഭരണ സിരാകേന്ദ്രത്തിൽ വിപുലമായ ബഹുജന മാർച്ചും ധർണയും നടത്തുകയും ചെയ്യും. കൂടാതെ, ആക്ഷൻ കമ്മിറ്റിയിലെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വനിതാ പ്രതിനിധികൾ കയ്യൊപ്പ് ചാർത്തിയ സാരി മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്തു.
കെ.എസ്.ഇ.ബി.യുടെ കൈവശത്തിലുള്ള കുഴിനിലത്തെ 21 ഏക്കർ ഭൂമിയിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കാനുള്ള നീക്കത്തെ ശക്തമായി ചെറുക്കും. ഈ സ്ഥലം അതീവ പരിസ്ഥിതി ലോലവും, ചതുപ്പും ചെങ്കുത്തായ മലഞ്ചെരിവും നിറഞ്ഞതുമാണ്. ഇവിടെ നിർമ്മാണ പ്രവർത്തനങ്ങളോ സൗകര്യപ്രദമായ റോഡോ സാധ്യമല്ല. കൂടാതെ വൈത്തിരി, ബത്തേരി താലൂക്കുകളിലുള്ള ജനങ്ങൾക്ക് ഇവിടേക്ക് എത്താനും പ്രയാസമാണ്. അതിനാൽ പ്രാദേശിക വാദം വെടിഞ്ഞ് പകരം ഭൂമിക്ക് വേണ്ടിയുള്ള അലച്ചിൽ അവസാനിപ്പിച്ച്, എല്ലാ ഭാഗത്തുനിന്നുമുള്ള ജനങ്ങൾക്കും ഒരുപോലെ പ്രയോജനകരമാകുന്ന മടക്കിമലയിൽ തന്നെ മെഡിക്കൽ കോളേജ് ഉടൻ നിർമ്മിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
എസ്.എച്ച്.ആർ.പി.സി. ജില്ലാ പ്രസിഡന്റ് കെ.എൻ. പ്രേമലത അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ.വി. ഗോകുൽദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. വി.പി. എൽദോ, ഫിലിപ്പ് കുട്ടി, അഡ്വ. ബാബു സിറിയക്, ഡോ. എം. ബാലകൃഷ്ണൻ, റോയ് സെബാസ്റ്റ്യൻ, രാമചന്ദ്രൻ മൂലങ്കാവ്, സുജാത കോട്ടവയൽ, വസന്തകുമാരി പനമരം, രാമകൃഷ്ണൻ ഇടകുനി, കെ.കെ.എസ്. നായർ, അബ്ദുൽ ഖാദർ മടക്കിമല എന്നിവർ സംസാരിച്ചു. വാസുദേവൻ മടക്കിമല നന്ദി പറഞ്ഞു.





Leave a Reply