July 31, 2026

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്; ​ഗീതാനന്ദൻ അടക്കം 56 പ്രതികളെയും വെറുതെവിട്ടു

0
0988f17a-bbe7-4a24-ab8b-65aa819a7d56
By ന്യൂസ് വയനാട് ബ്യൂറോ

കൊച്ചി: മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ്‌ കോൺസ്‌റ്റബിൾ വിനോദ്‌ കൊല്ലപ്പെട്ട കേസിൽ ആദിവാസി നേതാവ് എം ഗീതാനനന്ദൻ കുറ്റവിമുക്തൻ. കൊലപാതക കേസിലാണ് ഗീതാനന്ദനെ കുറ്റവിമുക്തനാക്കിയത്. 23 മുതൽ 57 വരെ പ്രതികൾ നിരപരാധികളാണെന്നും കോടതി നിരീക്ഷിച്ചു. സംഭവം നടന്ന് 23 വർഷത്തിന് ശേഷമാണ് വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറഞ്ഞത്.

സിബിഐ രജിസ്‌റ്റർ ചെയ്‌ത കേസിൽ വയനാട്‌ പ്രിൻസിപ്പൽ ജില്ലാ സെഷൻസ്‌ ജഡ്‌ജി ഇ അയൂബ്‌ഖാൻ ആണ്‌ വിധി പറഞ്ഞത്. 2003 ഫെബ്രുവരി 19-നാണ് കേരളത്തെ നടുക്കിയ സംഭവം നടക്കുന്നത്. ഭൂരഹിതർക്ക് ഭൂമി നൽകുമെന്ന സർക്കാർ വാഗ്ദാനം ലംഘിക്കപ്പെട്ടതിനെത്തുടർന്നാണ്, ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങ വന്യജീവി സങ്കേതത്തിൽ കുടിൽ കെട്ടി സമരം തുടങ്ങിയത്. കുടിലുകൾ പൊളിച്ചുനീക്കാൻ എത്തിയ പൊലീസ് സംഘത്തിൽ കണ്ണൂർ കൊയ്യം സ്വദേശിയായ കോൺസ്റ്റബിൾ വിനോദുമുണ്ടായിരുന്നു.

രാവിലെ 8-ന് തുടങ്ങിയ പൊലീസ് നടപടി പിന്നീട് വലിയ ഏറ്റുമുട്ടലായി മാറി. ഇതിനിടെ വിനോദിനെയും മറ്റൊരു പൊലീസുകാരനെയും സമരക്കാർ തടവിലാക്കി. തുടർന്ന് പൊലീസ് നടത്തിയ അതിശക്തമായ നടപടി വെടിവെപ്പിലും കലാശിച്ചു. ഗൗണ്ടൻവയലിലെ തകരപ്പാടിയിൽ നടന്ന ആ ഏറ്റുമുട്ടലിനൊടുവിൽ വിനോദിനെ സമരക്കാർ കൊലപ്പെടുത്തി എന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെയും സിബിഐയുടെയും കണ്ടെത്തൽ.

എം ഗീതാനന്ദനായിരുന്നു കേസിൽ ഒന്നാം പ്രതി. കേസിൽ ആകെയുള്ള 53 പ്രതികളിൽ 15 പേർ ഇതിനോടകം മരിച്ചിരുന്നു. ബാക്കിയുള്ളവരിൽ ഭൂരിഭാഗം പേരും വാർദ്ധക്യത്തിന്റെ അവശതകളിലാണ്.

മരവിച്ച മനസ്സുമായാണ് വിധി പ്രസ്താവന കേട്ടതെന്ന് വിനോദിന്റെ സഹോദരൻ കെ വി ബാബു മാധ്യമങ്ങളോട് പറഞ്ഞു. 23 വർഷത്തിന് ശേഷമാണ് വിധി വരുന്നത്. പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ ഭാഗമായി പ്രവർത്തിച്ചയാളാണ് താൻ. തങ്ങൾക്ക് ലഭിച്ച പരിഗണന ഇങ്ങനെയാണെങ്കിൽ നീതിന്യായ വ്യവസ്ഥയിൽ സാധാരണ ജനങ്ങളുടെ ചിന്ത എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. ആദ്യകാലം മുതൽ കുടുംബം ഒരുപാട് പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചു. സർവ്വീസിൽ ഡ്യൂട്ടിയിലിരിക്കെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് ലഭിക്കേണ്ട ആനുകൂല്യം ലഭിച്ചില്ലെന്നും ബാബു ആരോപിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *