വയോധികയായ അമ്മയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; മാനന്തവാടിയിൽ മകൻ അറസ്റ്റിൽ
മാനന്തവാടി: മദ്യലഹരിയിൽ വയോധികയായ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. തോണിച്ചാൽ പിലാക്കണ്ടിക്കുന്നേൽ വീട്ടിൽ ദിനേശൻ (50) ആണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്ന ദിനേശൻ വീട്ടിൽ വെച്ച് അമ്മയെ ക്രൂരമായി മർദ്ദിക്കുകയും കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 1-ന് വൈകുന്നേരം 3 മണിയോടെയായിരുന്നു സംഭവം.
ശുചിമുറിയിൽ നിന്ന് കിടപ്പുമുറിയിലേക്ക് വരികയായിരുന്ന അമ്മയെ തടഞ്ഞുനിർത്തിയ പ്രതി, ക്രൂരമായി മർദ്ദിക്കുകയും കട്ടിലിലേക്ക് തള്ളിയിട്ട് കൈകൾ തിരിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. തുടർന്ന് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കഴുത്തിൽ അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കാൻ ശ്രമിച്ചെന്നും, വിഷം തന്നാൽ കുടിക്കുമോ എന്ന് ചോദിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
മർദ്ദനമേറ്റതിനെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ വയോധിക നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മാനന്തവാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിത (BNS) അനുസരിച്ച് ക്രമസമാധാന ലംഘനം, ക്രൂരമായ മർദ്ദനം, വധശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.





Leave a Reply