പ്രകൃതി സഹൃദമാകാന് ഒരുങ്ങി വയനാട് സിവില്‍ സ്റ്റേഷന്: ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യും
വയനാട് സിവില്‍ സ്റ്റേഷനും പരിസരവും പ്രകൃതി സഹൃദമാക്കാന് ജില്ലാ കളക്ടര്‍ എ.ആര് അജയകുമാറിന്റെ നേതൃത്വത്തില്‍ നടപടി തുടങ്ങി. ആദ്യപടിയായി സിവില്‍ സ്റ്റേഷന് കോമ്പൗണ്ടിലുളള വിവിധ വകുപ്പുകളുടെ ഉപയോഗശൂന്യമായ വാഹനങ്ങള്‍ ഉടന്‍ ലേലം ചെയ്യും. ലേല നടപടികള്‍ പൂര്‍ത്തിയാക്കി വാഹനങ്ങള്‍ 15 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. ബന്ധപ്പെട്ട വകുപ്പില്‍ നിന്നും അനുമതി വേണ്ട കേസുകളില്‍ ഉടന്‍ തീരുമാനമുണ്ടാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ കളക്ടറേറ്റ് കോമ്പൗണ്ടില്‍ ഉപയോഗ ശൂന്യമായ 19 വാഹനങ്ങളാണു ഉളളത്. പതിനഞ്ചു ദിവസത്തിനുള്ളില്‍ മുഴുവന്‍ വാഹനങ്ങളും നീക്കം ചെയ്തു പരമാവധി പാര്‍ക്കിങ് ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ വകുപ്പിനും പ്രത്യേകം പാര്‍ക്കിങ് ഏരിയയും മാര്‍ക്കു ചെയ്തു നല്‍കും.
ഹരിത നിയമാവലി നടപ്പാക്കുന്നതിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന് പരിസരം ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധിക്കും. പകരം ഒരു നിശ്ചിത സ്ഥലത്ത് എല്ലാവര്ക്കും കാണുന്ന രീതിയില്‍ ബോര്‍ഡുകള്‍ വയ്ക്കുന്നതിന് അനുമതി നല്‍കും. ആവശ്യം കഴിയുമ്പോള്‍ ബോര്‍ഡുകള്‍ മാറ്റാനും ഹരിതചട്ടം കര്‍ശനമാക്കാനും കളക്ടര്‍ നിര്‍ദേശം നല്കി. പുതുതായി നിര്‍മ്മിക്കുന്ന ഡി-ബ്ലോക്കിന്റെ പ്രവര്‍ത്തി ഉടന്‍ ആരംഭിക്കാന്‍ പൊതുമരാമത്ത് വിഭാഗത്തിന് നിര്‍ദേശം നല്കി. ഓഫീസ് ആവശ്യത്തിനുള്ള വൈദ്യൂതി സോളാര്‍ ഉപയോഗിച്ച് ഉത്പാദിപ്പിക്കാനുള്ള നടപടികളും ആരംഭിക്കും. ഓഫീസും പരിസരവും ഭംഗിയായി സംരക്ഷിക്കാനും ചെടികള്‍ വച്ചു പിടിപ്പിച്ച് ഹരിതാഭകരമാക്കാനും കളക്ടര്‍ ആവശ്യപ്പെട്ടു.നിലവിലെ ഉയരം കുറഞ്ഞ ഫ്ളാഗ് പോസ്റ്റിന് പകരമായി എല്ലാവര്ക്കും കാണാന്‍ കഴിയുന്ന രീതിയില്‍ കൊടിമരം സ്ഥാപിക്കും. സിവില്‍ സ്റ്റേഷന് കോമ്പൗണ്ടില്‍ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കാനും പദ്ധതിയുണ്ട്. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി മാര്‍ച്ച് 14-ന് പ്രവര്‍ത്തനങ്ങളുടെ അവലോകനം യോഗം ചേരും. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം കെ.അജീഷ്, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Leave a Reply