വയനാട് അഞ്ചുകുന്നിൽ കർഷകന്റെ വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്തു.
കൽപ്പറ്റ: വയനാട് അഞ്ചു കുന്നിൽ കർഷകന്റെ വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്തു. പുത്തൻവീട് പ്രമോദിന്റ വീടാണ് വീട്ടിൽ ആളില്ലാത്ത സമയത്ത് പൂട്ട് കുത്തി തുറന്ന് ജപ്തി ചെയ്ത് മറ്റൊരു പൂട്ടിട്ട് പൂട്ടിയത്. സർഫാസി നിയമ പ്രകാരമാണ് ജപ്തി. ബാങ്ക് ഓഫ് ഇന്ത്യ കൽപ്പറ്റ ബ്രാഞ്ചിൽ നിന്ന് വായ്പയെടുത്ത് 15 ലക്ഷം രൂപ കുടിശ്ശികയായ കേസിൽ കോടതി നിയോഗിച്ച കമ്മീഷനും ബാങ്കധികൃതരും ചേർന്നാണ് ജപ്തി നടത്തിയത്.വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ എത്തിയ കമ്മീഷനും ബാങ്കധികൃതരും എത്തുമ്പോൾ പ്രമോദ് സ്ഥലത്തില്ലാത്തതിനാൽ ബാങ്കധികൃതർ ഇയാളെ ഫോണിൽ വിളിച്ചാണ് ജപ്തി ചെയ്യുന്ന വിവരം അറിയിച്ചത് .തൊട്ടടുത്തുള്ള സഹോദരൻ എത്തി അത്യാവശ്യം തുണികൾ എടുത്തതിന് ശേഷമാണ് പൂട്ട് തകർത്ത് പുതിയ പൂട്ടിട്ടത്. പ്രമോദ് 25 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച 1600 സ്ക്വയർ ഫീറ്റ് ഉള്ള വീട്ടിൽ 2016-ലാണ് താമസം തുടങ്ങിയത്. ബാങ്കിൽ പണയപ്പെടുത്തിയ 60 സെന്റ് സ്ഥലത്താണ് ജപ്തി ചെയ്ത വീടുള്ളത്.
2005 ലാണ് പ്രമോദ് ബിസിനസ് ലോണായി 15 ലക്ഷം രൂപ വായ്പയെടുത്തത്. ഇതിനോടകം പലതവണകളായി അഞ്ച് ലക്ഷം രൂപ തിരിച്ചടച്ചു .32000 രൂപ പ്രതിമാസ തിരിച്ചടവ് പ്രകാരം അനുവദിച്ച വായ്പ 2005-ൽ തന്നെ കുടിശ്ശികയായി തുടങ്ങി. പിന്നീട് കേസ് ഒത്തുതീർപ്പാക്കുന്നതിന് പല ശ്രമങ്ങളും നടത്തിയെങ്കിലും തുക ഒന്നിച്ച് അടക്കണമെന്ന ബാങ്കിന്റെ പിടിവാശി മൂലം നടന്നില്ല. ഇതിനിടെ ബാങ്ക് കോടതിയിൽ നൽകിയ കേസിൽ പ്രമോദ് ഹൈകോടതിയിൽ അപ്പീൽ പോകുകയും മൂന്ന് ഘട്ടമായി പണം തിരിച്ചടക്കാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ സാമ്പത്തിക ബാധ്യത കാരണം തിരിച്ചടവ് മുടങ്ങി. ഇതിന് ശേഷവും ഒത്തു തീർപ്പ് ശ്രമങ്ങൾ നടത്തിയെന്നും പണം തിരിച്ചു പിടിക്കാൻ ജപ്തിയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഇല്ലായിരുന്നുവെന്നും ബാങ്കധികൃതർ പറഞ്ഞു. സർഫാസി നിയമപ്രകാരം വയനാട്ടിൽ നിയമ നടപടി തുടരുന്നത് നൂറ് കണക്കിന് കർഷകരെയാണ് ദുരിതത്തിലാക്കിയിട്ടുള്ളത്.





Leave a Reply