ആദിവാസി വീട് നിർമ്മാണം അട്ടിമറിക്കപ്പെടുന്നുവെന്ന് ആദിവാസി കോൺഗ്രസ് : അവഗണനയുടെ തുടർക്കഥയെന്ന് ആരോപണം.
കൽപ്പറ്റ: സംസ്ഥാനത്ത് പട്ടികവർഗ്ഗക്കാരുടെ വീട് നിർമ്മാണം ഉദ്യോഗസ്ഥരും സർക്കാരും ചേർന്ന് അട്ടിമറിക്കുകയാണെന്ന് കേരള ആദിവാസി കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പണി പൂർത്തീയാകാത്ത വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുന്നതിനും പുതിയ വീടുകളുടെ നിർമ്മാണത്തിനും അടിസ്ഥാന നടപടികൾ പോലും സ്വീകരിക്കാതെയാണ് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുമെന്ന് സർക്കാർ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത നൽകി ആഘോഷിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
വയനാട് ജില്ലയിലെ പഞ്ചായത്തുകളിൽ ലൈഫ് മിഷൻ പദ്ധതിയുടെ കീഴിൽ പട്ടിക വർഗ്ഗക്കാരുടെ പണി തീരാത്ത വീടുകളുടെ നിർമ്മാണത്തിനുള്ള ഫണ്ട് ഉടൻ വിതരണം ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടു. മുഴുവൻ വീടുകളുടെയും എസ്റ്റിമേറ്റ് ഉദ്യോഗസ്ഥർ എടുത്തിട്ടില്ല. വീടിന് എഗ്രിമെന്റ് വെച്ചിട്ടുള്ള കുറച്ച് പേർക്ക് ആദ്യം നാമമാത്രമായ ഫണ്ട് കൈമാറിയിട്ടുണ്ട്. ജില്ലയിൽ എഗ്രിമെന്റ് വച്ചിട്ടുള്ള ആയിരകണക്കിന് ഗുണഭോക്താക്കൾക്ക് ഇനിയും തുക നൽകാനുണ്ട്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പട്ടികവർഗ്ഗക്കാരുടെ വീട് നിർമ്മാണം പട്ടികവർഗ്ഗക്കാരുടെ സഹകരണ സംഘങ്ങളെ ഏൽപ്പിച്ചിരുന്നു. എന്നാൽ ഇടത് സർക്കാരിന്റെ കാലത്ത് ഇത് കരാറുകാരെ ഏൽപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഇവർ ആരോപിച്ചു. ആദിവാസി വീട് നിർമ്മാണത്തിൽ ഗുണഭോക്താക്കൾക്ക് തുക അനുവദിക്കുന്നതിലും രണ്ട് തരമുണ്ടന്നും ഒരു പദ്ധതിയിൽ അഞ്ച് ലക്ഷവും ആറ് ലക്ഷവും നാനൂറ് ചതുരശ്ര അടി വീടിന് അനുവദിക്കുമ്പോൾ മറ്റൊരു പദ്ധതിയിൽ മൂന്നര ലക്ഷം മാത്രമാണ് അനുവദിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം മെയ് മൂന്നിന് ജില്ലാ കലക്ടർ കലക്ട്രേറ്റിൽ വിളിച്ചു ചേർത്ത യോഗത്തിൽ ആദിവാസി കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് അനന്തൻ അമ്പലക്കുന്ന്, ബത്തേരി നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ആർ. ബാലൻ, മാനന്തവാടി നിയോജക മണ്ഡലം പ്രസിഡണ്ട് ടി.കെ.ഗോപി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.






Leave a Reply