March 29, 2024

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് ക്വിസ് മത്സരം: വയനാട് മൂന്നാം സ്ഥാനത്ത്

0
Img 20221211 Wa00102.jpg

കൽപ്പറ്റ : സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പ്രോജക്ടിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ സംസ്ഥാനതല ക്വിസ് മത്സരത്തില്‍ ദേവിക കരിപ്പായി, ആനന്ദ് കൃഷ്ണ, ചാരുത് (ജി.എച്ച്.എസ്.എസ് മാലൂര്‍) എന്നിവര്‍ അടങ്ങിയ കണ്ണൂര്‍ റൂറല്‍ ജില്ല ഒന്നാം സ്ഥാനം നേടി. 
അനന്യ.ജെ, ഗോവിന്ദ്. ആര്‍, അപര്‍ണ്ണ രാജീവ് (ഡി.വി.എന്‍.എസ്.എസ്. എച്ച്.എസ്.എസ്, പൂവറ്റൂര്‍) എന്നിവര്‍ അംഗങ്ങളായ കൊല്ലം റൂറല്‍ ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. നീരജ് കെ.ജെ, ശ്രീലക്ഷ്മി അജേഷ്, അനു മറിയം ജോസഫ് (ഫാ. ജി.കെ.എം.എച്ച്.എസ്, കണിയാരം) എന്നിവര്‍ ഉള്‍പ്പെട്ട വയനാട് ജില്ല മൂന്നാം സ്ഥാനം കരസ്ഥമാക്കി.
തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ് കോളജില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ഒന്നാം സ്ഥാനത്തിന് അര്‍ഹമായ ടീമിന് 25,000 രൂപയാണ് സമ്മാനത്തുക. രണ്ടാം സ്ഥാനത്തിന് 15,000 രൂപയും മൂന്നാം സ്ഥാനത്തിന് 10,000 രൂപയും സമ്മാനമായി നല്‍കി. സംസ്ഥാനതല മത്സരത്തില്‍പങ്കെടുത്ത 20 ജില്ലകളിലെയും കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 
സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി പ്രകാരം സ്കൂള്‍തലത്തില്‍ നടത്തിയ ക്വിസ് മത്സരങ്ങളില്‍ 1,30,000 പേരാണ് പങ്കെടുത്തത്. ഇവരില്‍നിന്ന് വിജയികളായ 3,300 പേര്‍ ജില്ലാതല മത്സരത്തില്‍ പങ്കെടുത്തു. അതില്‍ നിന്ന് വിജയികളായ 60 കുട്ടികളാണ് സംസ്ഥാനതല മത്സരത്തിലെ പ്രാഥമിക റൗണ്ട് മത്സരത്തില്‍ പങ്കെടുത്തത്. പ്രാഥമിക മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 18 കുട്ടികള്‍ അവസാന റൗണ്ട് മത്സരത്തില്‍ മാറ്റുരച്ചു. ഇവരില്‍ നിന്നാണ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തിയത്. ജി.എസ്. പ്രദീപ്, അരുണ്‍ ശങ്കര്‍ എന്നിവരാണ് ക്വിസ് നയിച്ചത്.
സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് രാവിലെ ക്വിസ് പരിപാടി ഉദ്ഘാടനം ചെയ്തു. എഡിജിപി കെ പത്മകുമാര്‍, ഐജി പി വിജയന്‍, പോലീസ് കമ്മീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ എന്നിവരും മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരും അധ്യാപകരും മാതാപിതാക്കളും ചടങ്ങുകളില്‍ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *