April 24, 2024

ജലബഡ്ജറ്റ്; വിവരശേഖരണം പൂര്‍ത്തിയാകുന്നു

0
Img 20230307 195901.jpg
മാനന്തവാടി : മാനന്തവാടി ബ്ലോക്കില്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകളില്‍ ജല ബഡ്ജറ്റുമായി ബന്ധപ്പെട്ട വിവരശേഖരണം അന്തിമഘട്ടത്തിലേക്ക്. ഒരു പ്രദേശത്തിന്റെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന രേഖയാണ് ജലബഡ്ജറ്റ്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആദ്യഘട്ടത്തില്‍ ഒരു ബ്ലോക്ക് അടിസ്ഥാനമാക്കി ജലബഡ്ജറ്റ് തയ്യാറാക്കാനുള്ള പദ്ധതിക്കാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിടുന്നത്. വയനാട് ജില്ലയില്‍ മാനന്തവാടി ബ്ലോക്കിനെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. തവിഞ്ഞാല്‍, തൊണ്ടര്‍നാട്, എടവക, വെള്ളമുണ്ട, തിരുനെല്ലി എന്നീ ഗ്രാമപഞ്ചായത്തുകളാണ് മാനന്തവാടി ബ്ലോക്കില്‍ ഉള്‍പ്പെടുന്നത്. 
നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെയും ജലവിഭവ വികസന പരിപാലന കേന്ദ്രത്തിന്റേയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നവകേരളം കര്‍മ്മ പദ്ധതി ഇന്റേണ്‍സ്, പദ്ധതിക്കായി തിരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകളിലെ രണ്ട് വളണ്ടിയേഴ്‌സ് എന്നിവരടങ്ങുന്ന ടീമാണ് വിവിധ വകുപ്പുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വിവരശേഖരണം നടത്തുന്നത്. പഞ്ചായത്തിന്റെ അടിസ്ഥാന വിവരങ്ങള്‍, ഭൂവിനിയോഗം, വനം, ജനവാസ മേഖല എന്നിവയുടെ വിവരങ്ങള്‍ കൃഷി, വ്യവസായം, വാണിജ്യം, ഗാര്‍ഹികം, മൃഗസംരക്ഷണം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലുള്ള ജലത്തിന്റെ ആവശ്യം, പഞ്ചായത്തിന്റെ അകത്തേക്കും പുറത്തേക്കുമുള്ള ജലവിതരണം തുടങ്ങിയവയാണ് വിവരശേഖരണത്തില്‍ ഉള്‍പ്പെടുന്നത്.
ഒരു പ്രദേശത്തിന്റെ ജല സ്രോതസുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങള്‍ക്ക് സുസ്ഥിരമായ ജല വിതരണം സാധ്യമാക്കുന്നതിന് ഏറെ സഹായകരമാണ് ജലബഡ്ജറ്റ്. ആദ്യഘട്ടത്തില്‍ ഓരോ പ്രദേശത്തും ലഭ്യമായ ജലത്തിന്റെ അളവും വിവിധ ആവശ്യങ്ങള്‍ക്കുളള ജലത്തിന്റെ അളവും കണക്കാക്കും. ലഭ്യമായ ജലത്തിന്റെ അളവ് ആവശ്യമുളളതിനേക്കാള്‍ കുറവാണെങ്കില്‍ അതിനനുസരിച്ച് ജലത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനും ഉപയോഗം ക്രമപ്പെടുത്തുന്നതിനുമുളള ഇടപെടലുകള്‍ ശാസ്ത്രീയ അടിത്തറയോടുകൂടി നടപ്പിലാക്കാന്‍ ഇതുവഴി തദ്ദേശസ്ഥാപനങ്ങള്‍ക്കാകും. 
കൃഷി, മൃഗസംരക്ഷണം, ഗാര്‍ഹികം, വ്യാവസായികം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് ജലം ആവശ്യമാണ്. ആവശ്യമുള്ള ജലത്തിന്റെ അളവ് കണക്കാക്കുമ്പോള്‍ ഓരോ മേഖലകളിലും എത്ര ജലം നിലവില്‍ ആവശ്യമുണ്ട് എന്നും ഭാവിയില്‍ അവയില്‍ വരാവുന്ന വ്യതിയാനം എന്ത് എന്നും നീര്‍ച്ചാലുകളിലെ പാരിസ്ഥിതിക നീരൊഴുക്ക് ഉറപ്പാക്കുന്നതിന് വേണ്ട ജലത്തിന്റെ അളവ് എത്രയാണെന്നും പരിഗണിക്കും. മഴക്കാലത്ത് എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി വരുന്ന ജലത്തിന്റെ അളവിനേക്കാള്‍ ജലം ലഭ്യമായാല്‍ വേനല്‍കാല ആവശ്യങ്ങളും ജല ലഭ്യതയും പരിഗണിക്കും. ഇത്തരത്തില്‍ വേനല്‍ക്കാല ജലലഭ്യതയുടെ അളവ് കണക്കാക്കി ഓരോ മേഖലകളിലും ആവശ്യമായ ജലത്തിന്റെ അളവ് കണ്ടെത്തുന്നു. ഇത്തരത്തില്‍ കണ്ടെത്തിയ ലഭ്യമായ ജലത്തിന്റെ അളവും ആവശ്യമായ ജലത്തിന്റെ അളവും താരതമ്യം ചെയ്യുമ്പോള്‍ ഒരു പ്രദേശത്തിന്റെ സുസ്ഥിരമായ ജലവിതരണത്തിനാവശ്യമായ ഇടപെടലുകള്‍ സാധ്യമാക്കാന്‍ കഴിയും.
ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ജലവിഭവ വികസന പരിപാലന കേന്ദ്രത്തിന്റെ (സി.ഡബ്ല്യു.ആര്‍.ഡി.എം) നേതൃത്വത്തില്‍ പ്രത്യേക വിലയിരുത്തലുകളും അപഗ്രഥനവും നടത്തിയാണ് ജലബജറ്റ് രേഖ അന്തിമമായി തയ്യാറാക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news