June 16, 2025

കോട്ടത്തറ ഗ്രാമപഞ്ചായത്ത് അനാസ്ഥക്കെതിരെ ഇരിപ്പുസമരം നടത്തി

0
venniyode

By ന്യൂസ് വയനാട് ബ്യൂറോ

വെണ്ണിയോട്: കോട്ടത്തറ പഞ്ചായത്ത് ആസ്ഥാനമായ വെണ്ണിയോട് ദേശസാല്‍കൃത ബാങ്ക് അനുവദിക്കാന്‍ കോട്ടത്തറ പഞ്ചായത്ത് ഭരണസമിതി മുന്‍കൈ എടുക്കണമെന്നാവശ്യപ്പെട്ട് വെണ്ണിയോട് കാര്‍ഷിക പുരോഗമന സമിതിയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് കമ്മിറ്റിയും സംയുക്തമായി വെണ്ണിയോട് ടൗണില്‍ ഇരിപ്പ് സമരം നടത്തി. കുടുംബശ്രീ ഉള്‍പ്പെടെയുള്ള സ്വയം സഹായസംഘങ്ങള്‍ തുടങ്ങിയവരുടെ സബ്‌സിഡികള്‍, പെന്‍ഷനുകള്‍, ആനുകൂല്യങ്ങള്‍ തുടങ്ങിയവ ലഭിക്കുന്നതിന് കമ്പളക്കാടുള്ള ദേശസാല്‍കൃത ബാങ്കിനെയാണ് പഞ്ചായത്തിലെ വയോജനങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ നിലവില്‍ ആശ്രയിക്കുന്നത്. കോട്ടത്തറ പഞ്ചായത്തിലെ പ്രദേശങ്ങളിലുള്ള ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്നത് വെണ്ണിയോട് ടൗണിനെയാണ്. എന്നാല്‍ ഇവിടെ ദേശസാല്‍കൃത ബാങ്ക് ഇല്ലാത്തതിനാല്‍ കോട്ടത്തറ പഞ്ചായത്തിലെ ആളുകള്‍ പ്രയാസപ്പെടുകയാണ്. വെണ്ണിയോട് ടൗണില്‍ ദേശസാല്‍കൃത ബാങ്ക് ആരംഭിക്കുന്നതിനുവേണ്ടി കെട്ടിടവും മറ്റ് ഭൗതിക സാഹചര്യങ്ങളും ഒരുക്കാന്‍ വ്യാപാരികളും കെട്ടിട ഉടമകളും സന്നദ്ധരായിട്ടും ബാങ്ക് അനുവദിക്കാന്‍ മുന്‍കൈ എടുക്കാത്ത പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടിനെതിരെയാണ് ജനകീയ കൂട്ടായ്മയും ഇരിപ്പുസമരവും സംഘടിപ്പിച്ചത്. സമരത്തിന്റെ രണ്ടാം ഘട്ടത്തില്‍ ടൗണ്‍ സ്തംഭനസമരവും മൂന്ന് മണിക്കൂര്‍ ഹര്‍ത്താലും നടത്താനും ഭാഹവാഹികള്‍ തീരുമാനിച്ചു. കാര്‍ഷിക പുരോഗമന സമിതി ചെയര്‍മാന്‍ പി.എം. ജോയി ഉദ്ഘാടനം ചെയ്തു. മൊയ്തുട്ടി വൈപ്പടി അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ജോജിന്‍.ടി. ജോയ് സമരപ്രഖ്യാപനം നടത്തി. എന്‍.ഒ ദേവസ്യ, ഗഫൂര്‍ വെണ്ണിയോട്, ബെന്നി ചെറിയാന്‍, സി.സി ദേവസ്യ, പി. അസ്സു, ജോസഫ് വളവനാല്‍, കെ.കെ മുഹമ്മദലി, ഡോ. പി.വി കുര്യാക്കോസ്, എം. മമ്മൂട്ടി, കെ.കെ മമ്മൂട്ടി, ടി.ജി ശങ്കരന്‍, ടി.കെ ഉമ്മര്‍ സംസാരിച്ചു. സി.എസ് റഫീഖ്, എ. ഗഫൂര്‍, എ.സി മമ്മൂട്ടി, വി.ഡി രാജു, കിഷോര്‍ കുമാര്‍, ടി. ഷാജഹാന്‍, വി.ജെ പ്രകാശന്‍, കെ.കെ നാസര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *