ഇരുപത് ലക്ഷത്തിന് താഴെയുള്ള പ്രവർത്തികൾ ഗുണഭോക്തൃ കമ്മിറ്റികൾക്ക് നടത്താം :മന്ത്രി കെ.ടി.ജലീൽ
കൽപ്പറ്റ: ത്രിതല പഞ്ചായത്തുകൾ ആസൂത്രണം ചെയ്ത് അംഗീകാരം നേടിയ 20 ലക്ഷം രൂപയിൽ താഴെയുള്ള പദ്ധതികൾ ഗുണഭോക്തൃ കമ്മിറ്റികൾ മുഖേന നടപ്പാക്കാമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പ്രൊഫ: കെ.ടി.ജലീൽ പറഞ്ഞു. വയനാട് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ ഒന്നാം പാദ പദ്ധതി നിർവ്വഹണം സംബന്ധിച്ച് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
ജി.എസ്.ടി.യുടെ പേരിൽ കരാറുകാർ ജോലികൾ ഏറ്റെടുക്കാതെ വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. കെട്ടിട നിർമ്മാണ ചട്ടത്തിൽ ഉടൻ മാറ്റം വരുത്തും.പദ്ധതി നിർവ്വഹണത്തിൽ തെരുവ് നായകളുടെ വന്ധ്യംകരണം, അഗതി രഹിത കേരളം, ലൈഫ് മിഷൻ , പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവയുടെ സംസ്കരണം തുടങ്ങിയവയിൽ ശ്രദ്ധ പതിപ്പിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. അനധികൃത കെട്ടിടങ്ങളുടെ കാര്യത്തിൽ സർക്കാർ പുതിയ നയം സ്വീകരിച്ചിട്ടുണ്ടെന്നും നിർമ്മാണം പൂർത്തിയായ മുഴുവൻ വീടുകൾക്കും തദ്ദേശ സ്ഥാപനങ്ങൾ വീട്ടു നമ്പർ നൽകണമെന്നും മന്ത്രി പറഞ്ഞു. വയനാട് ജില്ലയിൽ പദ്ധതി നിർവ്വഹണത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്നതിൽ ഒന്നാം സ്ഥാനത്ത് നൂൽപ്പുഴ പഞ്ചായത്തും രണ്ടാം സ്ഥാനത്ത് നെന്മേനി പഞ്ചായത്തുമാണന്ന് യോഗത്തിൽ മന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥരുടെ കുറവ്, അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവ് തുടങ്ങിയ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ടെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.ഉഷാകുമാരി പറഞു.ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.






Leave a Reply