ജലക്ഷാമം പരിഹരിക്കാൻ കൊയിലേരി മാതൃകയില്‍ തടയണകള്‍ വേണമെന്ന ആവശ്യം ശക്തമാവുന്നു
മാനന്തവാടി: വനശീകരണവും, അശാസ്ത്രീയ കൃഷിരീതികളും കാരണം ഇന്ന് വയനാട് ജില്ല രൂക്ഷമായ വരള്‍ച്ച അനുഭവപ്പെടുന്ന ജില്ലയായി മാറികൊണ്ടിരിക്കുകയാണ്. ജില്ലയില്‍ തിരുനെല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളിലാണ് കൂടുതല്‍ ജലക്ഷാമം അനുഭവപ്പെടുന്നത്. വേനല്‍ കടുത്താല്‍ ഈ രണ്ടു പഞ്ചായത്തുകളിലും കുടിവെള്ളത്തിനു പോലും ക്ഷാമം നേരിടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പഞ്ചായത്തും റവന്യു വകുപ്പും ജലവിതരണത്തിനായി കോടികള്‍ മുടക്കേണ്ടാതായും വരുന്നു. വെള്ളത്തിനായി വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുകയും തുടര്‍ന്ന് ആക്രമണങ്ങള്‍ പതിവാവുകയും ചെയ്യുന്നു. എന്നാല്‍ തിരുനെല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകള്‍ക്ക് ഭൂഗര്‍ഭ ജലം വര്‍ധിപ്പിക്കാനും, കുടിവെള്ളത്തിനും, കാര്‍ഷികമേഖലയ്ക്കും ആവശ്യമായ സാഹചര്യം ഇപ്പോഴും നിലവിലുണ്ട്. ഈ രണ്ടു പഞ്ചായത്തുകളിലായി കാളിന്ദി പുഴയും, കബനി നദിയും, കന്നോരംപുഴയും, അനേകം ചെറുതോടുകളും ഉണ്ടെങ്കിലും ഇവയൊന്നും നല്ല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാവാത്തതാണ് രൂക്ഷമായ വരള്‍ച്ചയ്ക്ക് കാരണമാവുന്നത്.
വനത്തിലൂടെ ഒഴുകുന്ന പുഴകളിലും, തോടുകളിലും കൊയിലേരി മാതൃകയില്‍ ചീപ്പ് സിസ്റ്റമുള്ള ചെറുതരം തടയണകള്‍ നിര്‍മ്മിച്ചാല്‍ സമീപ പ്രദേശങ്ങളിലെ ജലസ്രോതസ്സ് വര്‍ദ്ധിക്കുകയും അതോടൊപ്പം വെള്ളം തേടിയുള്ള വന്യമൃഗങ്ങളുടെ അലച്ചിലിനും ഒരു പരിധി വരെ പരിഹാരമാവും. വേനല്‍ ആരംഭിക്കുന്നതോടെ മാനന്തവാടി പുഴയിലെ തടയണകളില്‍ ചീപ്പ് ഇടുകയും തടയണയിലെ അധികമുള്ള ജലം പുറത്തേക്ക് ഒഴുക്കുകയും അതുവഴി ജലജീവികള്‍ക്ക് സുഗമമായി സഞ്ചരിക്കുവാനും സാധിക്കും അതോടൊപ്പം അവയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.തടയിണകളില്‍ ചീപ് ഇടുന്നതോടെ സമീപത്തെ മൂന്ന്, നാല് ചതുരശ്ര കിലോമീറ്റര്‍ ദൂരത്തിലുള്ള കിണറുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസുകളില്‍ ജലനിരപ്പ് വര്‍ദ്ധിക്കുകയും ചെയ്യുന്നു. പ്രദേശത്തെ സസ്യങ്ങള്‍ വരള്‍ച്ചയെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഇത്തരം തടയണകള്‍ തിരുനെല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളിലെ പുഴകളിലും തോടുകളിലും നിര്‍മ്മിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വയനാട് വന്യമൃഗ പ്രതിരോധ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ വിഷയം വയനാട് ജില്ലാ മണ്ണ് സംരക്ഷണ വകുപ്പുമായി ചര്‍ച്ച നടത്തിയപ്പോള്‍ അംഗീകരിക്കപ്പെട്ടതാണ്
.
'ജില്ലയിലെ ത്രിതല പഞ്ചായത്തും വനം വകുപ്പും ജലക്ഷാമം പരിഹരിക്കുന്നതിനായി ജലസ്രോതസുകളില്‍ 3 കിലോമീറ്റര്‍ ഇടവിട്ട് ഇത്തരം തടയണകള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ തുക വകയിരുത്തണമെന്നും പുഴകള്‍ക്കും തോടുകള്‍ക്കും സംരക്ഷണം ആയ മുള, ഓട, നാട്ടുമരങ്ങള്‍ എന്നിവ നട്ടുപിടിപ്പിക്കനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും, അതോടൊപ്പം ഇവയുടെ സംരക്ഷണം പൊതുജനങ്ങളളേയും, സന്നദ്ധ സംഘടനകളേയും ഏല്‍പ്പിക്കണമെന്നും ആക്ഷന്‍കമ്മിറ്റി ആവശ്യപ്പെട്ടു.






Leave a Reply